നിലമ്പൂർ: ഒരുകോടി രൂപയുടെ നിരോധിച്ച കറൻസി പൊലീസ് പിടികൂടി. പഴയ 1000, 500 രൂപ നോട്ടുകളാണ് പൊലീസ് കണ്ടെത്തിയത്. വടപുറം പാലപ്പറമ്പിൽ വച്ച് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അഞ്ചംഗ സംഘത്തെ പൊലീസ് പണവുമായി പിടിച്ചത്.

കൊണ്ടോട്ടി ചിറയിൽ സ്വദേശി ജസീന മൻസിലിൽ ജലീൽ (36), തിരുവനന്തപുരം ശ്രീകാര്യം ചാവടി കാവ് സന്തോഷ് ഭവനിൽ സന്തോഷ് (43), കൊണ്ടോട്ടി കൊളത്തൂർ നീറ്റാണി കുളപ്പള്ളി വീട്ടിൽ ഫിറോസ് ബാബു (31),  മഞ്ചേരി പട്ടർകുളം സ്വദേശി എരിക്കുന്നൻ വീട്ടിൽ ഷൈജൽ (32), ചെന്നൈ ഭജനകോവിൽ മുനീശ്വർ സ്ട്രീറ്റ് സ്വദേശി സോമനാഥൻ (71), എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരോധിത കറൻസികളുടെ വിതരണവും കൈമാറ്റവും നടക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അതേസമയം സംഘത്തിന് പിന്നിൽ കൂടുതൽ പേരുടെ പങ്ക് സംശയിക്കുന്നു.  പാലക്കാട് കേന്ദ്രീകരിച്ച സംഘമാണ് ഇത്തരം കറൻസികളുടെ വിതരണവും കൈമാറ്റവും നടത്തുന്നതിന് പ്രധാന ഏജന്റുമാരായി പ്രവർത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

രണ്ട്‌ കാറുകളിലെത്തിയതായിരുന്നു അഞ്ചംഗസംഘം. തൃശ്ശൂർ, മലപ്പുറം തുടങ്ങി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കറൻസി വിതരണ ഏജൻസികളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. ഒരുകോടി നിരോധിത കറൻസിക്ക് 35 ലക്ഷം രൂപയാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.