കൊച്ചി: ലാഭകരമല്ലാത്ത എടിഎമ്മുകള്‍ രാത്രി അടച്ചിടാന്‍ ഒരുങ്ങി ബാങ്കുകള്‍. ചെലവ് ചുരുക്കുകയും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയുമാണ് നീക്കത്തിന് പിന്നില്‍. കോസ്റ്റ് ബെനഫിറ്റ് എക്സ്പന്‍ഡീച്ചര്‍ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ബാങ്കുകള്‍ ഇത്തരത്തിലൊരു നീക്കത്തിന് മുതിരുന്നത്.
ലാഭകരമല്ലാത്ത എടിഎമ്മുകളില്‍ രാത്രിസേവനം അവസാനിപ്പിക്കാന്‍ ചില ബാങ്കുകള്‍ തയ്യാറെടുക്കുന്നു. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക.
നേരത്തെ രാത്രി ഇടപാടുകള്‍ കുറവുള്ള എടിഎമ്മുകള്‍ കണ്ടെത്താനായി മൂന്നു മാസമായി രാത്രിയിലെ ഇടപാടിന്റെ കണക്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. രാത്രി പത്തുമുതല്‍ രാവിലെ എട്ടുവരെ ശരാശരി പത്ത് ഇടപാടുകള്‍ പോലും കണ്ടെത്തി അത്തരത്തിലുള്ള എടിഎമ്മുകള്‍ രാത്രി കാലത്ത് അടച്ചിടാനാണ് തീരുമാനം.
അതേസമയം, ചെലവ് ചുരുക്കലിന്റെ ഭാഗമായി എടിഎമ്മുകള്‍ രാത്രിയില്‍ പൂട്ടിയിടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. എടിഎമ്മുകള്‍ പൂട്ടാനുള്ള തീരുമാനം ബാങ്ക് ഇതുവരെ എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.