തിരുവനന്തപുരം: മൊറട്ടോറിയം നീട്ടാന്‍ വീണ്ടും ആര്‍ബിഐയെ സമീപിച്ചെന്ന് കൃഷമന്ത്രി വി.എസ്.സുനില്‍കുമാര്‍. കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 31 വരെ കാലാവധി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന തല ബാങ്കിങ് സമിതിയുടെ ഇടപെടലിലെ വീഴ്ചയാണ് മൊറട്ടോറിയം കാലാവധി നീട്ടുന്നതിൽ അവ്യക്തത ഉണ്ടാവാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
കാർഷിക വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്സ് സമിതി പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. കാർഷിക വായ്പകൾ ഉൾപ്പെടെയുള്ളവയിൻമേൽ ജപ്തി നടപടികൾ ഉടൻ ഉണ്ടാവില്ലെന്ന് കൃഷിമന്ത്രി ഉൾപ്പെടെ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ബാങ്കേഴ്സ് സമിതിയുടെ നിലപാട്. കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നാണ് ആർബിഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചത്. ഒരു തവണ മൊറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഈ പരിഗണന നൽകിയിട്ടില്ലെന്നും ആർബിഐ വ്യക്തമാക്കി.
കർഷകരെടുത്ത എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെയാണ് സംസ്ഥാന സർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയത്. കാർഷിക വായ്പയ്ക്കും കൃഷി പ്രധാന വരുമാനമാർഗമായ കർഷകരെടുത്ത എല്ലാത്തരം വായ്പകൾക്കുമാണ് മൊറട്ടോറിയം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കി.
Read More: മൊറട്ടോറിയം ഉത്തരവ് വൈകിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി
എന്നാൽ മാർച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്. ഇടുക്കി, വയനാട് ജില്ലകളിൽ കർഷക ആത്മഹത്യകളുണ്ടായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് വ്യക്തമായതിനെത്തുടർന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചാണ് വായ്പയ്ക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്.
ഇതു നടപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണം. ബാങ്കേഴ്സ് സമിതി ഇതിന് അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.