തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തുന്ന വെള്ളിയാഴ്ചത്തെ പണിമുടക്കോടെ ദിവസങ്ങളോളം ബാങ്കുകളുടെ ഷട്ടര്‍ അടഞ്ഞു കിടക്കാന്‍ സാധ്യത. 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഒരു ദിവസം മാത്രമായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. പ്രധാന ഇടപാടുകൾ ഉള്ളവർ ഇന്നു തന്നെ തീർക്കുക.

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ 21-ാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ശേഷം വരുന്ന ദിവസങ്ങളിലായിരിക്കും കൂട്ട അവധി. സമരത്തിനു ശേഷമുള്ള ശനിയാഴ്ച മാസത്തിലെ രണ്ടാമത്തെ ശനിയായതുകൊണ്ട് അന്നേ ദിവസം അവധിയായിരിക്കും. ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മാത്രമാണ് പിന്നീട് ബാങ്ക് തുറക്കുക. ചൊവ്വാഴ്ച ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും ബാങ്ക് പണിമുടക്കം.

ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26 ലെ പണിമുടക്ക്. യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കുന്നത്. ഇതിനു ശേഷം വ്യാഴാഴ്ചയാണ് ബാങ്ക് തുറന്നുപ്രവര്‍ത്തിക്കുക. തുടർച്ചയായ അവധികളും പണിമുടക്കും എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. എടിഎമ്മുകളിൽ വരും ദിവസങ്ങളിൽ പണ ലഭ്യത കുറയാൻ സാധ്യത കൂടുതലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.