തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. കാത്തലിക്ക് സിറിയന്‍ ബാങ്ക് (സിഎസ്ബി) ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. കേരളത്തിലെ സഹകരണ, ഗ്രാമീണ ബാങ്കുകളും ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സിഎസ്ബി ബാങ്കിൽ വരുന്ന തൊഴിലാളി വിരുദ്ധ മാറ്റങ്ങൾക്കെതിരെയാണ് പണിമുടക്ക്. 20 മുതൽ മൂന്ന് ദിവസങ്ങളിലായി സിഎസ്ബി ബാങ്കിൽ പണിമുടക്കാണ്. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ന് മറ്റു ബാങ്കുകളും പണിമുടക്കുന്നത്.
റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താൽക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്ബി ജീവനക്കാരുടെ സമരം. ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Also Read: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്