കൊൽക്കത്ത: കൊച്ചിയിലെ കവർച്ച പരമ്പരകൾക്ക് പിന്നിൽ ബംഗ്ലാദേശ് സ്വദേശികൾ. ബംഗാളിൽ താമസിച്ച് വരികയായിരുന്ന സംഘമാണ് മോഷണം നടത്തിയത്. കേസിൽ 3 പേരെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡൽഹിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മറ്റ് സംഘാംഗങ്ങൾ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

കേരള പൊലീസിന്റെ പ്രത്യേക സംഘം കൊൽക്കത്തയിൽ എത്തിയെന്ന് മനസ്സിലാക്കിയ പ്രതികൾ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടുവെന്നാണ് അറസ്റ്റിലായ പ്രതികൾ പറഞ്ഞത്. ഇവരെ പിടികൂടാൻ കേരള പൊലീസ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ സഹായം തേടിയിട്ടുണ്ട്.

കേസിൽ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. അർഷാദ്, ഷെഹസാദ്, റോണി എന്നിവരാണ് ഈ കേസിൽ പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു. പ്രതികളെ ഞായറാഴ്ച കേരളത്തിലെത്തിക്കും. ആകെ പതിനൊന്ന് പ്രതികളാണ് ഈ കേസിലുളളത്. അര്‍ഷാദാണ് കവര്‍ച്ച സംഘത്തിന്റെ സൂത്രധാരന്‍. കൊച്ചിയിൽ മോഷണം ആസൂത്രണം ചെയ്യാൻ പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു കൊച്ചിയെ ഞെട്ടിച്ച കവർച്ച നടന്നത്. തൃപ്പുണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. 20,000 രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. വാതില്‍ കുത്തിപ്പൊളിച്ചാണ് സംഘം മോഷണം നടത്തിയത്.

അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. വീട്ടുകാരെ ആക്രമിച്ച സംഘം ഗൃഹനാഥനെ മാരകമായി പരുക്കേല്‍പ്പിച്ചു. കേരളത്തിന് പുറത്തുനിന്നുളളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്രെ സംശയം. ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിച്ചിരുന്നു. ആ അന്വേഷണത്തിലാണ് ഇപ്പോൾ മൂന്നുപേരെ പൊലീസ് പിടികൂടിയത്.

തൃപ്പൂണിത്തുറ സംഭവത്തിന് തൊട്ട് മുമ്പാണ് കൊച്ചി നഗരത്തിൽ വൃദ്ധ ദമ്പതിളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചത്. വ്യവസായിയായ നിപ്പോൺ ടൊയോട്ട എംഡി ബാബു മൂപ്പന്റെ ഭാര്യ വീട്ടിലാണ് പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചി നഗരത്തെ നടുക്കിയ വൻ കവർച്ച നടന്നത്. ലിസി-പുല്ലേപ്പടി ക്രോസ് റോഡിലെ രണ്ട് നില വീട്ടിലെ വൃദ്ധ ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവിടെ നിന്നും അഞ്ച് പവൻ സ്വർണ്ണം കവർന്ന മോഷ്ടാക്കൾ വൃദ്ധയുടെ കൈയ്ക്കും പരുക്കേൽപ്പിച്ചു. ഇല്ലിപ്പറമ്പിൽ മുഹമ്മദ് (74), ഭാര്യ സൈനബ (63) എന്നിവരെയാണ് ആക്രമണത്തിനിരയായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ