സുൽത്താൻ ബത്തേരി: ബന്ദിപൂർ യാത്രാ നിരോധനത്തിനെതിരെ നടക്കുന്ന സമരവേദിയിൽ വയനാട് എംപി രാഹുൽ ഗാന്ധി എത്തി. സമരക്കാർക്കൊപ്പം താനുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ നിരാഹാരം കിടന്നവരെ സന്ദർശിക്കാൻ വിനായക ഹോസ്പിറ്റലിൽ പോയശേഷമാണ് ബത്തേരി സ്വതന്ത്ര മൈതാനത്തെ സമരപ്പന്തലിൽ രാഹുൽ എത്തിയത്.

രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവൻ എംപി, കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരുമുണ്ടായിരുന്നു.

ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിനെ പ്രതീക്ഷയോടെയാണ് സമരസമിതി കാണുന്നത്. വിഷയത്തില്‍ ഇതുവരെയില്ലാത്ത വിധം ഗുണകരമായ ഇടപെടലാണു പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നാണു സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ജനകീയപ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന സമിതിയുടെ വിലയിരുത്തല്‍. രാഹുൽ ഗാന്ധി കൂടി എത്തുന്നത് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കാൻ ഉപകാരപ്പെടുമെന്നും സമരക്കാർ കരുതുന്നു.

പാത പൂര്‍ണമായി അടയ്ക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടിയിട്ടുണ്ട്. 14 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അനുകൂലമാണെന്ന ഉറപ്പുകിട്ടണമെന്നു സമരസമിതി ആവശ്യപ്പെടുന്നു. പാത പൂര്‍ണമായി തുറക്കണമെന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നു സമരസമിതിയുടെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.

Also Read: ദേശീയപാതയിലെ ഗതാഗത നിയന്ത്രണം: പ്രക്ഷോഭക്കൊടുങ്കാറ്റില്‍ കലങ്ങിമറിഞ്ഞ് വയനാട്

ഫൊട്ടോ: ജെ.എസ്.ഷനിൽ

അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അനിശ്ചിതകാല സമരം കൂടുതല്‍ ജനപങ്കാളിത്തത്തോടെ പത്താം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില തീരെ മോശമായിരിക്കുകയാണ്. ഇതുവരെ 1.25 ലക്ഷം പേര്‍ സമരത്തിനു പിന്തുണയുമായി എത്തിയെന്നാണു സമരസമിതി നല്‍കുന്ന വിവരം. ദിവസവും ചെറുതും വലുതുമായ നിരവധി പ്രകടനങ്ങളാണ് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തുന്നത്. വിവിധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, വാട്സാപ്പ് കൂട്ടായ്മകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു ജനകീയ കൂട്ടായ്മകള്‍ തുടങ്ങിയവ പിന്തുണയുമായി ഇടതടവില്ലാതെ സമരപ്പന്തലില്‍ എത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.