ബത്തേരി: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ദേശീയപാതയില്‍ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരേ വയനാടിനൊപ്പം കര്‍ണാടകയിലും പ്രതിഷേധം ശക്തമാകുന്നു. സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരേയാണു വയനാട്ടിലെ പ്രക്ഷോഭമെങ്കില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി നഷ്ടമാകുമെന്ന ആശങ്കയാണു കര്‍ണാടകയിലെ കര്‍ഷകരുടെ നീക്കത്തിനു പിന്നില്‍.

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, നഞ്ചന്‍ഗോഡ്, ചാമരാജ് നഗര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി, വാഴക്കുല, പൂവ് എന്നിവയുടെ പ്രധാന വിപണിയാണു കേരളം. ഈ മേഖലകളില്‍നിന്നു ദിവസവും മുന്നൂറിലേറെ ലോഡ് പച്ചക്കറിയാണു വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് എത്തുന്നത്. കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാത 766ലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചാല്‍ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് നിലയ്ക്കും.

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, നഞ്ചന്‍ഗോഡ് ഉള്‍പ്പെടെയുളള താലൂക്കുകളില്‍ യാത്രാനിരോധന നീക്കത്തിനെതിരേ വിപുലമായ കൂട്ടായ്മ രൂപപ്പെട്ടുകഴിഞ്ഞു. കര്‍ഷകര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ, സാമൂഹ്യസംഘടനകളും കൂട്ടായ്മയുടെ ഭാഗമാണ്. സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരേ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്‍പതു ദിവസമായി നടക്കുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി പേരാണു കര്‍ണാടകയില്‍നിന്ന് എത്തുന്നത്. വരുംദിവസങ്ങളില്‍ സ്വദേശത്ത് പ്രക്ഷോഭം ശക്തമാക്കാനാണു കര്‍ണാടകയിലെ കൂട്ടായ്മകളുടെ തീരുമാനം. ദേശീയപാത 766ല്‍ ഗതാഗതം നിരോധിക്കാനുള്ള നീക്കം തെറ്റാണെന്നും ഇതിനെതിരേ ശക്തമായ സമരമുണ്ടാകുമെന്നും ഗുണ്ടല്‍പേട്ട എംഎല്‍എ സി.എസ്.നിരഞ്ജന്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ബത്തേരിയില്‍ നടക്കുന്ന സമരത്തെ ഗുണ്ടല്‍പേട്ടിലെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

”യാത്രാനിരോധനം കേരളത്തിനെയെന്നപോലെ കര്‍ണാടകയെയും ദോഷകരമായി ബാധിക്കും. കര്‍ണാടകയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വിപണി കേരളമാണ്. ഇതില്ലാതാവുന്നതോടെ ഗുണ്ടല്‍പേട്ടയിലെ കര്‍ഷകര്‍ ദുരിതത്തിലാവും. അതുപോലെ കര്‍ണാടകത്തില്‍ നിരവധി പേര്‍ തൊഴില്‍ തേടി കേരളത്തിലേക്കുപോകുന്നുണ്ട്. അവരും പ്രതിസന്ധിയിലാകും. യാത്രാനിരോധനം വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകും. വിഷയം കര്‍ണാടക ചീഫ് സെക്രട്ടറിയോട് സംസാരിച്ചു. സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ യാത്രാനിരോധനത്തിനെതിരേ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ”നിരഞ്ജന്‍ കുമാര്‍ പറഞ്ഞു.

Read Also: ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തെ വയനാട്ടുകാര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട്?

പൂര്‍ണ യാത്രാനിരോധനം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ കാര്‍ഷികമേഖല തകര്‍ക്കുമെന്നു ഗുട്ടല്‍പേട്ടിലെ പ്രമുഖ കര്‍ഷകനായ ബോറ ഗൗഡ പറഞ്ഞു. ”ലോറി, പിക്കപ്പ്, മറ്റു ചെറുവാഹനങ്ങള്‍ എന്നിവയിലുള്‍പ്പെടെ പച്ചക്കറിയും വാഴക്കുലകളുമായി ദിവസവും മുന്നൂറിലേറെ ലോഡാണു വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കു കൊണ്ടുപോകുന്നത്. ഏറ്റവും കുറഞ്ഞത് 20 കോടി രൂപയുടെ കച്ചവടം ഗുണ്ടല്‍പേട്ടില്‍ മാത്രം നടക്കുന്നുണ്ട്. യാത്രാനിരോധനം വന്നാല്‍ ഈ കച്ചവടം ഇല്ലാതാകും. പച്ചക്കറി കര്‍ഷകരും തൊഴിലാളികളും ഈ മേഖലയിലെ പലതരം കച്ചവടക്കാരും പട്ടിണിയിലാകും. ഗുണ്ടല്‍പേട്ട താലൂക്കില്‍ മാത്രം മൂന്നുലക്ഷത്തോളം കര്‍ഷകര്‍ വഴിയാധാരമാകും,” എഴുപത് ഏക്കറില്‍ കൃഷിചെയ്യുന്ന ബോറ ഗൗഡ പറഞ്ഞു.

വയനാടിന്റെ ആസ്ഥാനമായ കല്‍പ്പറ്റയില്‍നിന്നു മുത്തങ്ങ, ബന്ദിപ്പൂര്‍ വഴി 80 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗുണ്ടല്‍പേട്ടിലെത്താം. ഇതിനുപകരമായി മാനന്തവാടി-കുട്ട-ഗോണിക്കുപ്പ-ഹുന്‍സുര്‍ വഴി ഗതാഗതം തിരിച്ചുവിടാനുള്ള ആലോചനയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതു പ്രാവര്‍ത്തികമായാല്‍ വയനാട്ടില്‍നിന്നു ഗുണ്ടല്‍പേട്ടിലേക്കുള്ള ദൂരം 150 കിലോ മീറ്ററിലേറെ കൂടും. ഇത്രയും ദൂരം സഞ്ചരിച്ച് പച്ചക്കറി കൊണ്ടുപോകാന്‍ കേരളത്തില്‍നിന്നു വാഹനങ്ങള്‍ എത്തില്ലെന്നു ഗുണ്ടല്‍പേട്ടില്‍ കര്‍ഷകക്കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന മലയാളി കര്‍ഷകന്‍ പി.കെ.കുഞ്ഞൂട്ടി പറഞ്ഞു. കര്‍ണാടകയില്‍ നിരവധി മലയാളികളും സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്.

”ഗുണ്ടല്‍പേട്ടിലെ 95 ശതമാനം ആളുകളും കര്‍ഷകരാണ്. ഇവരുടെ പ്രധാന വിപണിയാണു കേരളം. പ്രതിദിനം 400 ടണ്‍ പച്ചക്കറിയാണു കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു പോകുന്നത്. ഇതിന്റെ പങ്ക് ഗുണ്ടല്‍പേട്ടില്‍നിന്നാണ്. കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറിയുടെ പണം കൊണ്ടാണ് ഈ നാട് നിലനില്‍ക്കുന്നത്” കുഞ്ഞൂട്ടി പറഞ്ഞു. ദേശീയപാത 766ല്‍ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരേ ഗുണ്ടല്‍പേട്ട്, ചാമരാജ് നഗര്‍ മേഖലകളില്‍ മുപ്പത്തിയഞ്ചോളം കര്‍ഷക-ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ കൂട്ടായ്മയാണു രൂപപ്പെട്ടിരിക്കുന്നത്. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദസറ ആഘോഷം കഴിയുന്നതോടെ വന്‍ കര്‍ഷകറാലിയും തുടര്‍ന്ന് സ്ഥിരമായ പ്രക്ഷോഭങ്ങളും നടത്താനാണ് ആലോചനയെന്നു കുഞ്ഞൂട്ടി പറഞ്ഞു. മലപ്പുറം എടക്കര സ്വദേശിയായ കുഞ്ഞൂട്ടി 10 വര്‍ഷത്തോളമായി ഗുണ്ടല്‍പേട്ടില്‍ കൃഷി നടത്തുകയാണ്.

ബദല്‍പാതയെന്ന നിര്‍ദേശം അപ്രായോഗികവും അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്നു ജിഞ്ചര്‍ ഗ്രോവേഴ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി.ജോസഫ് പറഞ്ഞു. ബന്ദിപ്പൂര്‍ വഴിയുള്ള പാതയില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നത് ഇരു സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കും. കര്‍ണാടകയിലെയും വയനാട്ടിലെയും തോട്ടങ്ങളിലേക്കു തൊഴിലാളികളെ എത്തിക്കാന്‍ പ്രയാസം നേരിടും. അവിടെനിന്ന് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വരും. ബദല്‍പാത കൊണ്ട് മാനന്തവാടി മേഖലകളിലുള്ളവര്‍ക്കു മാത്രമേ ഗുണമുള്ളൂ. ബത്തേരി, മീനങ്ങാടി താലൂക്കിലുള്ളവര്‍ കര്‍ണാടകയിലെത്താന്‍ വന്‍ ദൂരം വളഞ്ഞ് സഞ്ചരിക്കേണ്ടി വരും. വയനാട്ടിലെ കുരുമുളക് കൃഷി തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്നാണ് ഇവിടുത്തെ കര്‍ഷകര്‍ രക്ഷതേടി കര്‍ണാടകയില്‍ എത്തിയത്. യാത്രാനിരോധനം വന്നാല്‍ കര്‍ഷകര്‍ക്കു വീണ്ടും തിരിച്ചടിയാവും”-കര്‍ണാടകയിലെ ഇഞ്ചി കര്‍ഷകനും അമ്പയവയല്‍ സ്വദേശിയുമായ വി.വി.ജോസഫ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.