ബത്തേരി: രാത്രി വളരെ വൈകിയും വരികയും പോകുകയും ചെയ്യുന്ന ഒരുപാട് പേര്. വൈകി അടയ്ക്കുന്ന ഹോട്ടലുകളും കടകളും… പുലര്‍ച്ചെവരെ സജീവമാകുന്ന ഓട്ടോറിക്ഷകള്‍, ജീപ്പുകള്‍, മറ്റു ടാക്സി വാഹനങ്ങള്‍, തട്ടുകടകള്‍. ഉത്സപ്പറമ്പുപോലെയായിരുന്നു ഒരുകാലത്ത് ഈ അങ്ങാടി. ഇന്നിപ്പോള്‍ നേരെ വിപരീതമാണു കാര്യങ്ങള്‍. യാത്രാ നിരോധന വിഷയത്തിൽ വയനാടിനൊപ്പമാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബത്തേരിക്കാരുടെ മനസിലെ ആശങ്കയ്ക്കു വിരാമമായിട്ടില്ല.
വയനാട്ടിലെ സമ്പന്നമായ രണ്ട് അങ്ങാടികളായിരുന്നു പുല്‍പ്പള്ളിയും സുല്‍ത്താന്‍ ബത്തേരിയും. കുരുമുളക് കൃഷിയുടെ തകര്‍ച്ചയോടെ പുല്‍പ്പള്ളിയുടെ പ്രതാപകാലം അസ്തമിച്ചു. അതേ വഴിയിലാണിപ്പോള്‍ ബത്തേരി. ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രികാല യാത്ര നിരോധിച്ചതോടെ തുടങ്ങിയതാണു ബത്തേരിയുടെ ദുര്‍വിധി. പ്രതാപകാലത്തിന് വലിയൊരളവില്‍ മങ്ങലേറ്റു. 10 വര്‍ഷത്തിനിപ്പുറം ഈ പാതയില്‍ പകല്‍ യാത്രാ നിരോധനം വരുമെന്ന ആശങ്കയാണ് എങ്ങും. അതേസമയം, വയനാട്ടിലെ ജനവികാരം ഉൾക്കൊള്ളുന്ന സത്യവാങ്മൂലമായിരിക്കും സുപ്രീം കോടതിയിൽ നൽകുകയെന്നാണ് സർക്കാർ സമരക്കാർക്കു നൽകുന്ന ഉറപ്പ്. ഇതേതുടർന്ന്, 12 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.
പൂര്‍ണ യാത്രാ നിരോധനം വരികയാണെങ്കില്‍ ബത്തേരി ടൗണ്‍ വളരെ എളുപ്പം വിസ്മൃതിയിലേക്കു മായും. വരുമാനത്തില്‍ വലിയ കുറവുണ്ടെങ്കിലും രാത്രികാല നിരോധനവുമായി തങ്ങള്‍ ഏതാണ്ട് ഇണങ്ങിക്കഴിഞ്ഞെന്നും പൂര്‍ണനിരോധനം തങ്ങളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുമെന്ന ആശങ്കയാണു ബത്തേരിയിൽ കണ്ടുമുട്ടിയ ഓരോരുത്തരും പങ്കുവച്ചത്.
പ്രതാപകാലം അവസാനിച്ചു
ദേശീയപാത 766ല്‍ കേരള അതിര്‍ത്തിയായ മുത്തങ്ങ ചെക്പോസ്റ്റിനോട് ഏറ്റവും അടുത്തുള്ള അങ്ങാടിയായ ബത്തേരി ഒരുകാലത്ത് ടൂറിസ്റ്റുകളുടെ ഇടത്താവളമായിരുന്നു. അങ്ങാടി രാപ്പകല്‍ സജീവം. കച്ചടവടക്കാര്ക്കും ടാക്സിക്കാര്‍ക്കും നല്ല വരുമാനം. ആ പ്രതാപകാലം രാത്രികാല യാത്ര നിരോധനത്തോടെ അവസാനിച്ചെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ..വാസുദേവന്‍ പറയുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകളടക്കം ബത്തേരിയിലേക്കു വരാന്‍ മടിക്കുകയാണ്. രാത്രി ഒന്പതിനു മുന്‍പ് മുത്തങ്ങ കടക്കണന്നെതിനാല് വാഹനങ്ങള്‍ ബത്തേരിയില്‍ നിര്‍ത്താതെ പോകുന്നു. ഇതുകാരണം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു വന്‍തോതില്‍ കച്ചവടം കുറഞ്ഞു. പകല്‍ യാത്രാ നിരോധനം കൂടി വന്നാല്‍ ബത്തേരിക്കൊപ്പം മുത്തങ്ങ, പുല്‍പ്പള്ളി, മീനങ്ങാടി, നായ്ക്കട്ടി, ചീരാല്‍, അമ്പലവയല്‍ മേഖലകള്‍ കൂടി കടുത്ത പ്രതിസന്ധിയിലാകും. ബദലായി നിര്‍ദേശിക്കുന്ന മാനന്തവാടി-കുട്ട റോഡ് ചരക്കുകടത്തിന് ഉള്‍പ്പെടെ യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസത്തിനു കനത്ത തിരിച്ചടി
കാര്‍ഷികമേഖലയിലെ തകര്‍ച്ചയ്ക്കൊപ്പം ടൂറിസം രംഗത്തെ തിരിച്ചടിയും വയനാടിനെ സാമ്പത്തികമായി പിന്നോട്ടടിപ്പിക്കുന്ന ഘട്ടത്തിലാണു ദേശീയപാത 766ല്‍ ഗതാഗതം നിരോധിക്കുമെന്ന ആശങ്ക ബത്തേരിക്കാരുടെ മനസില്‍ ശക്തമായിരിക്കുന്നത്. കര്‍ണാടക, തമിഴ്നാട്, ഉത്തരേന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ളവരാണു വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും. ബെംഗളുരൂവിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ ആഴ്ചാവസാനം ചെലവഴിക്കാന്‍ തിരഞ്ഞെടുക്കുന്നതു വയനാടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് അര്‍ധരാത്രിയോടെ ബത്തേരിയിലെത്തുന്ന ഇവര്‍ ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചാണു തിരിച്ചുപോകുക. രാത്രി യാത്രാ നിരോധനത്തോടെ ഇവര്‍ക്കു ശനിയാഴ്ച രാവിലെ മാത്രമേ ബത്തേരിയിലെത്താന്‍ കഴിയൂവെന്ന സ്ഥിതി വന്നു. ഞായറാഴ്ച രാത്രി ഒന്പതിനു ചെക്പോസ്റ്റ് അടയ്ക്കുന്നതിനു മുന്‍പു തിരിച്ചുപോകുകയും വേണം. സഞ്ചാരികള്‍ രാത്രി ഭക്ഷണത്തിനു നില്ക്കാതെയായതോടെ ബത്തേരി ടൗണിലെ തിരക്ക് കുറഞ്ഞു. പതുക്കെപ്പതുക്കെ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞു.
രാത്രി യാത്രാ നിരോധനത്തോടെ 40 ശതമാനം ബിസിനസ് കുറഞ്ഞതായി വയനാട് ടൂറിസം അസോസിയേഷന് ബത്തേരി താലൂക്ക് സെക്രട്ടറി രമിത്ത് രവി പറഞ്ഞു. ”ടൂറിസ്റ്റുകള്‍ വയനാട്ടില്‍ കൂടുതല്‍ ദിവസം തങ്ങുന്ന പ്രവണത കുറവാണിപ്പോള്‍. ഒരു ദിവസം കറങ്ങി തിരിച്ചുപോകും. അല്ലെങ്കില്‍ ഒരു ദിവസം കറങ്ങി താമസത്തിനായി ഊട്ടിയിലേക്കു പോകും. കര്‍ണാടകയില്‍ ദസറ അവധിയായതിനാല്‍ വയനാട്ടില്‍ ടൂറിസ്റ്റുകള്‍ ധാരാളം എത്തേണ്ട സമയമാണിപ്പോള്‍. എന്നാല്‍ ബുക്കിങ് കുറവാണ്” രമിത്ത് രവി പറഞ്ഞു. പകല്‍യാത്രാ നിരോധനം കൂടി വരുമെന്ന ആശങ്കയെത്തുടര്‍ന്ന് ബത്തേരിയില്‍ സമരം ശക്തമായ സാഹചര്യത്തില്‍ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതായി ഗൈഡ് വി.കെ.രഘുനാഥന് പറഞ്ഞു. മുന്‍പൊക്കെ ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും ഗൈഡായി പോകുമായിരുന്നു. ഈ ആഴ്ചയില്‍ ഒരു ദിവസം പോലും ആരും വിളിച്ചിട്ടില്ല. ദേശീയപാത പൂര്‍ണമായി അടച്ചാല്‍ വേറെ എന്തെങ്കിലും തൊഴില്‍ നോക്കേണ്ടിവരുമെന്നും അന്‍പതുകാരനായ രഘുനാഥന് പറഞ്ഞു.
ഹോട്ടല്‍ വരുമാനത്തില്‍ 40 ശതമാനത്തോളം കുറവ്
രാത്രിയാത്രാ നിരോധനത്തിനുശേഷം വരുമാനത്തില്‍ 40 ശതമാനത്തോളം കുറവുണ്ടെന്നാണു ബത്തേരിയിലെ ഹോട്ടലുടമകള്‍ പറയുന്നത്. 10 വര്‍ഷം മുന്‍പ് രാത്രി 12 മണിക്കുശേഷവും ഹോട്ടലുകൾ അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ ഒന്‍പതോടെ കച്ചവടം കഴിയുമെന്നും ഹോട്ടൽ വില്ട്ടണിന്റെ ഉടമ അബ്ദുൾ സത്താര്‍ പറഞ്ഞു. മൈസൂര്‍, ഗുണ്ടല്‍പേട്ട വിട്ടുകഴിഞ്ഞാലുള്ള പ്രധാന ടൗണ്‍ ബത്തേരിയാണ്. ഇവിടെ എത്തി ഭക്ഷണം കഴിക്കാമെന്ന കണക്കുകൂട്ടലിലാണു കര്‍ണാടകയില്‍നിന്നുള്ള യാത്രക്കാര്‍ വരുന്നത്. പകല്‍ യാത്രാനിരോധനം വന്നാല്‍ ഈ വഴി ആരും വരാതാകും. ഇതോടെ ബത്തേരി ടൗണില്‍ പ്രദേശവാസികള്‍ മാത്രമാകുമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് യൂണിറ്റ് ട്രഷറര്‍ കൂടിയായ അബ്ദുൾ സത്താര്‍ പറഞ്ഞു.
രാത്രിയാത്രാ നിരോധനത്തിനുശേഷം കച്ചവടം നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ തൊഴില്‍തേടി പിതാവ് ഗള്‍ഫില്‍ പോയ അനുഭവമാണു ബത്തേരി ട്രാഫിക് ജംങ്ഷനിലെ ബാംബൂ മെസിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന് പി.അബ്ദുള്‍ റഷീദിനു പറയാനുള്ളത്. ”മുന്‍പ് പുലര്‍ച്ചെ ഒരു മണിവരെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് 30 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോഴതു 18 ആണ്. ഒന്‍പതുമണിക്കുശേഷം കാര്യമായി കച്ചവടമില്ല. വാടക കഴിഞ്ഞാല്‍ കാര്യമായി ഒന്നും കിട്ടുന്നില്ല. കസ്റ്റമേഴ്സിനെ കാര്യമായി ശ്രദ്ധിക്കണമെന്നതിനാല്‍ തൊഴിലാളികളെ കുറയ്ക്കാനും കഴിയുന്നില്ല,” അബ്ദുള്‍ റഷീദ് പറഞ്ഞു.
എട്ടു വലിയ ഹോട്ടലുകളും ഇരുപതിലേറെ ചെറിയ ഹോട്ടലുകളുമാണ് ടൗണില്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയാത്രാ നിരോധനത്തിനുശേഷം പത്തോളം ചെറിയ ഹോട്ടലുകള്‍ പൂട്ടിപ്പോയതായും അബ്ദുള്‍ റഷീദ് പറഞ്ഞു. മുപ്പതോളം തട്ടുകടകളും നേരത്തെ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴതു പത്തില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. ദിവസം 500 രൂപ പോലും കിട്ടാനില്ലാത്തതിന്റെ അനുഭവമാണു ചുങ്കത്ത് തട്ടുകട നടത്തുന്ന സതീശനു പറയാനുള്ളത്. നേരത്തെ മൂന്നുപണിക്കാര് ഉള്‍പ്പെടെ ആറുപേര്‍ കടയിലുണ്ടായിരുന്നു. കൂലി കൊടുക്കാന്‍ കഴിയാത്തതോടെ അവരെ ഒഴിവാക്കി. ഇപ്പോള്‍ സതീശനും ഭാര്യയും അമ്മയും ചേര്‍ന്നാണു കട നടത്തിപ്പ്. വാടക വീട്ടിലാണു താമസം. രണ്ടു പെണ്മക്കള് പഠിക്കുന്നു. പൂര്‍ണ യാത്രാ നിരോധനം വന്നാല്‍ ആത്മഹത്യയല്ലാതെ വഴിയില്ലെന്നു സതീശന് പറഞ്ഞു.
ഓട്ടോ-ടാക്സികള്‍ക്കും തിരിച്ചടി
രാത്രിയാത്രാ നിരോധനത്തിനു മുന്‍പ് നൂറ്റി അന്‍പതോളം ഓട്ടോറിക്ഷയാണു രാത്രിയില്‍ ബത്തേരി ടൗണില്‍ ഓടിയിരുന്നത്. ഇപ്പോഴതു 35-40 ആയി കുറഞ്ഞു. പലപ്പോഴും പത്തോ പതിനഞ്ചോ ഓട്ടോ മാത്രമേ രാത്രിയില്‍ ടൗണിലുണ്ടാകൂവെന്നു സുല്‍ത്താന്‍ ബത്തേരി ഓട്ടോ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.കെ.ആന്റപ്പന് പറഞ്ഞു. രാത്രിയാത്രാ നിരോധനത്തിനു മുന്‍പ് ബെംഗളൂരു ബസുകള്‍ എപ്പോഴുമുണ്ടായിരുന്നതിനാല് എപ്പോഴും യാത്രക്കാരെ കിട്ടുമായിരുന്നു. അക്കാലത്ത് പുലര്‍ച്ചെ വരെ ഓടിയാല്‍ 1500 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. ഇന്നിപ്പോ മുന്നൂറു രൂപ തികച്ച് കിട്ടുന്നില്ല. ഇന്ധനച്ചെലവ് കഴിഞ്ഞാല്‍ വീട്ടിലേക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഇതുകാരണം ഉറക്കമൊഴിച്ചുള്ള ഓട്ടത്തിനു പലരും മടിക്കുകയാണെന്ന് ഡ്രൈവര്‍മാരായ വി.ഷംസുദ്ദീനും കെ.ജി.സുമേഷ് കുമാറും പറഞ്ഞു. ഇന്ധനവിലയ്ക്കൊപ്പം ഓട്ടം കുറയുകയും ചെയ്തതോടെ പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.
രാത്രി ഒന്‍പതു കഴിഞ്ഞാല്‍ ബത്തേരിയില്‍നിന്നു പുല്‍പ്പള്ളി, അമ്പലവയല്‍ ഭാഗങ്ങളിലേക്കു ബസില്ല. ഈ ഭാഗങ്ങളിലുള്ളവര്‍ രാത്രി വൈകി ബംഗളുരു, മൈസൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് എത്തുമ്പോള്‍ ഓട്ടത്തിനു തയാറായി ഓട്ടോറിക്ഷകളെപ്പോലെ പത്തോളം ജീപ്പുമുണ്ടാ യിരുന്നു. എന്നാല്‍ രാത്രിയാത്രാ നിരോധനത്തിനുശേഷം ബത്തേരി ടൗണില്‍ ജീപ്പുകളുണ്ടാവാറില്ല. ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ഷഫീക്കിനെ ചുങ്കത്തെ ഹോട്ടലിനു മുന്പില് വച്ചായിരുന്നു രാവിലെ കണ്ടത്. ഓട്ടത്തിനു തയാറായി നില്ക്കുകയായിരുന്നതിനാല് വൈകീട്ട് സംസാരിക്കാമെന്നായി ഷഫീക്ക്. രാത്രികാല യാത്രാ നിരോധനവും വനംവകുപ്പിന്റെ കീഴിലുള്ള മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടതും മൂലം സഞ്ചാരികളുടെ വരവ് 75 ശതമാനം കുറഞ്ഞതായി ഷഫീക്ക് പറഞ്ഞു. ഇതുകാരണം ടൂറിസ്റ്റ് ടാക്സികളുടെ ഓട്ടം കുറഞ്ഞതായും താനുള്‍പ്പെടെ പലര്‍ക്കും വാഹനവായ്പ കൃത്യമായി അടയ്ക്കാന്‍ കഴിയുന്നില്ലെന്നും ഷഫീക്ക് പറയുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടതു കാരണം വയനാട്ടില്‍ ടൂറിസ്റ്റുകള്‍ തങ്ങുന്നതു ഒരു ദിസമായി കുറഞ്ഞിട്ടുണ്ട്. ഇതുകാരണം ഓട്ടം കുറഞ്ഞതായി ബത്തേരി ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍ഡ് സെക്രട്ടറി ഷമീര്‍ പറഞ്ഞു. 30 കാര്‍, 15 എസ്യുവി, 15 ട്രാവലര്‍ എന്നിങ്ങനെയാണു ബത്തേരിയിലെ ടൂറിസ്റ്റ് ടാക്സികളുടെ കണക്ക്. മിക്കവരുടെയും വാഹനങ്ങള്‍ വായ്പയെടുത്തു വാങ്ങിയതാണ്. തിരിച്ചടവ് മുടങ്ങി പിടിച്ചുനില്ക്കാന് കഴിയാതെ നിരവധി പേര് ടൂറിസ്റ്റ് ടാക്സി ഓട്ടംവിട്ടു. ചിലര്‍ ബസുകളിലും ലോറികളിലും ഡ്രൈവര്‍മാരായി പോയി. മറ്റു ചിലര്‍ ദിവസക്കൂലിക്ക് മറ്റു വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി പോകുന്നതായും ഷമീര്‍ പറഞ്ഞു. ചെന്നെയില്‍നിന്നും ഉത്തരേന്ത്യയില്‍നിന്നുമുള്ള സഞ്ചാരികളെ മൈസൂരിലെ വിമാനത്താവളത്തില്നിന്നോ റെയില്‍വേ സ്റ്റേഷനില്‍നിന്നോ ആണ് സാധാരണഗതിയില്‍ വയനാട്ടില്‍നിന്നുള്ള ടൂറിസ്റ്റ് ടാക്സികള്‍ കൂട്ടിയിരുന്നത്. എന്നാല്‍ രാത്രിയാത്രാ നിരോധനം വന്നശേഷം തലേദിവസം രാത്രി പോയി മൈസൂരില്‍ തങ്ങേണ്ടിവരുന്നത് ടാക്സികളുടെ കൂലി കൂടാന്‍ കാരണമായി. ഇതു കര്‍ണാടകയിലെ ടാക്സികള്ക്കാണു ഗുണം ചെയ്തത്.
ചെറുകിട പച്ചക്കറി കച്ചടവക്കാര്‍ ഇല്ലാതായി
ചെറിയ വാഹനങ്ങളില്‍ പുലര്‍ച്ചെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, നഞ്ചന്‍ഗോഡ് എന്നിവിടങ്ങളിലെത്തി പച്ചക്കറികള്‍ കൊണ്ടുവന്ന് വിൽപന നടത്തുന്ന നിരവധി പേരുണ്ടായിരുന്നു ഒരുകാലത്ത് ബത്തേരി മേഖലയില്‍. രാത്രിയാത്രാ നിരോധനത്തോടെ രാവിലെ ആറിനു മുന്‍പ് കര്‍ണാടകയിലേക്കു കടക്കാന്‍ കഴിയാത്തതിനാല്‍ പച്ചക്കറിയെടുത്ത് ഉച്ചയ്ക്കുശേഷമേ തിരിച്ചെത്താന്‍ കഴിയൂയെന്ന സ്ഥിതി വന്നു. അല്ലെങ്കില്‍ തലേദിവസം കര്‍ണാടകയിലെത്തി താമസിക്കേണ്ടി വന്നു. ഇതു സമയച്ചെലവും സാമ്പത്തികച്ചെലവും കൂട്ടുമെന്നതിനാല്‍ ചെറുകിട വാഹനക്കാരില്‍ മിക്കവരും പച്ചക്കറിയെടുക്കാന്‍ പോകാതെയായി. ഇപ്പോള്‍ കുറേപ്പേര് ചേര്‍ന്ന് ലോറിയില്‍ പച്ചക്കറിയെത്തിക്കുന്നു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, നഞ്ചന്‍ഗോഡ്, മൈസൂര്‍ എന്നിവിടങ്ങളില്‍നിന്നായി ദിവസം മുന്നൂറിലേറെ ലോഡ് പച്ചക്കറിയാണു മുത്തങ്ങ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നത്. പൂര്‍ണ യാത്രാനിരോധനം വന്നാല്‍ ഈ വരവ് നിലയ്ക്കും.
കര്‍ണാടക തൊഴിലാളികളുടെ വരവ് നിലയ്ക്കും
അതിരാവിലെ ബത്തേരിയിലെത്തിയാല്‍ കര്‍ണാടകക്കാരായ നൂറുകണക്കിനു തൊഴിലാളികള്‍ ബസില്‍ വന്നിറങ്ങുന്നതു കാണാം. അതിര്‍ത്തിക്കപ്പുറമുള്ള കക്കംദൊട്ടി, മദ്ദൂര്‍, ഗുല്പേട്ട, ബേഗൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരുടെ വരവ്. വൈകിട്ട് പണി കഴിഞ്ഞ് തിരിച്ചുപോകും. 750 രൂപ കൂലിയാണ് ഇവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. 50 രൂപ ബസ് ചാര്‍ജായി നല്കിയാലും വലിയൊരു തുക ഇവരുടെ പക്കല്‍ ബാക്കിയുണ്ടാവും. കര്‍ണാടകയില്‍ 200-250 രൂപയാണു കൂലി. കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ബത്തേരിയിലെത്തി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന നിരവധി പേരുണ്ട്. തൊഴിലിനെത്തി ഇവിടെനിന്ന് ലോട്ടറി വാങ്ങുന്നവരും കുറവല്ല. കര്‍ണാടക തൊഴിലാളികളുടെ കൂലിയില്‍ ഒരു പങ്ക് സാധനങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനു ബത്തേിരിയില്‍ ചെലവഴിക്കപ്പെടുന്നുണ്ട്. കര്‍ണാടകയില്‍നിന്ന് വയനാട്ടിലേക്കു തൊഴിലാളികള്‍ എത്തുന്നതുപോലെ ഇവിടെനിന്ന് ഇഞ്ചികൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നതും തോട്ടങ്ങളില്‍ പണിക്കു പോകുന്നതുമായ മലയാളികളും ധാരാളം. ബന്ദിപ്പൂര്‍ വഴിയുള്ള പാത അടയ്ക്കുന്നതോടെ ഇവരും തിരിച്ചടി നേരിടേണ്ടി വരും.