കൽപ്പറ്റ: വയനാട് ജില്ലയിലെ പ്രധാന അണക്കെട്ടായ ബാണാസുര സാഗർ ഡാം തുറന്നതിൽ വീഴ്ച. ജില്ല കളക്ട‌ടറെ അറിയിക്കാതെയും മുന്നൊരുക്കങ്ങൾ നടത്താതെയുമാണ് അണക്കെട്ട് തുറന്നത്. ഇതാണ് ഈ മേഖലയിൽ ജനം ദുരിതത്തിലാവാൻ കാരണം.

അണക്കെട്ട് തുറക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ഭരണപക്ഷ എംഎൽഎ ഒആർ കേളു സ്ഥിരീകരിച്ചു. വേണ്ട മുന്നറിയിപ്പുകൾ നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബി അധികൃതരാണ് ഇതോടെ പ്രതിക്കൂട്ടിലായത്. അതേസമയം ഇവരിൽ നിന്ന് ജില്ല കളക്ടർ വിശദീകരണം തേടും.

ഇടുക്കിയിൽ ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി സ്വീകരിച്ച മുൻകരുതലുകൾ വയനാട്ടിലുണ്ടായില്ലെന്നാണ് പരാതി. ജനങ്ങൾ ഉറങ്ങിക്കിടക്കെ, അർദ്ധരാത്രിയിൽ ഷട്ടറുകൾ 2.30 മീറ്റർ വരെ ഉയർത്തിയാണ് ബാണാസുരസാഗർ അണക്കെട്ടിൽ നിന്ന് വെളളം പുറത്തേക്ക് വിട്ടത്.

വെളളം കയറി നാട്ടുകാർ ദുരിതത്തിലായിട്ടും രക്ഷാപ്രവർത്തനത്തിന് അണക്കെട്ടിലെ അഞ്ച് ബോട്ടുകളും വിട്ടുകൊടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. അണക്കെട്ട് തുറന്നതിനെതിരെ നാട്ടുകാർ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അണക്കെട്ട് തുറക്കുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകാതിരുന്നതിനെതിരെ ജനങ്ങൾ മനുഷ്യാവകാശ കമ്മിഷനെ അടക്കം സമീപിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.