കൊച്ചി: കോവിഡ് കാലത്തെ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി. വിലക്ക് ഈ മാസം 31 വരെ തുടരും. കേന്ദ്ര സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിച്ച് കഴിഞ്ഞ 15 ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കിയിരുന്നു. കേസിൽ രാഷ്ടീയ പാർട്ടികൾക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാർട്ടികൾക്ക് വേണ്ടി ആരും ഇന്ന് ഹാജരായില്ല.

ടെലിവിഷൻ ചാനൽ പ്രവർത്തകർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സാമൂഹിക അകലം ലംഘിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കക്ഷി ചേരൽ ഹർജിയും കോടതിയിലെത്തി. കാക്കനാട് തെങ്ങോട് സ്വദേശി രാജേഷ് എസക്കിയേൽ ആണ് മാധ്യമങ്ങൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Read More: കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി, ഇനി കർശന നടപടി: മുഖ്യമന്ത്രി

പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും ദൃശ്യങ്ങൾ പകർത്തണമെന്നും കോടതി മുൻ ഉത്തരവിൽ നിർദേശിച്ചിരുന്നു. സമരങ്ങൾ വിലക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ അഭിഭാഷകനായ ജോൺ നുമ്പേലിയും മറ്റും സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

സംഘടനകൾ കോവിഡ് മാർഗനിർദ്ദേശ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കമെന്നും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനു കോടതി നിർദേശം നൽകിയിരുന്നു. നിയന്ത്രണ കാലയളവിൽ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നുവെന്ന് സർക്കാർ കോടതിയെ അറിയിക്കണം. എത്ര കേസുകൾ എടുത്തുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

കോവിഡ് വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധങ്ങളും സമരങ്ങളും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി സമർപ്പിച്ചത്. രാഷ്ടീയ പാർട്ടികൾക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സമരങ്ങളുടെ കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും നപടി എടുക്കുന്നുണ്ടെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മാർഗ നിർദേശം ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യത്തിൽ, ഇക്കാര്യത്തിൽ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് കോടതി വാക്കാൽ നീരീക്ഷിച്ചിരുന്നു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.