scorecardresearch

ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം; പടിക്ക് പുറത്താവുന്ന ഉൽപ്പന്നങ്ങൾ ഇവ

കേന്ദ്രസർക്കാർ പ്ലാസ്റ്റിക് നിരോധനം അടുത്തമാസം ഒന്ന് മുതൽ നടപ്പിൽ വരുകയാണ്. കേരള സർക്കാർ ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 2020 ജനുവരി ഒന്ന് മുതൽ നിരോധിച്ചിരുന്നു. നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ കുറിച്ച്

Plastic ban, Pollution, Central government

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പ്ലാസിറ്റിക് നിരോധനം ജൂലൈ ഒന്നിനു നിലവിൽവരികയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇതുസംബന്ധിച്ച വസ്തുക്കളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധനം ഏർപ്പെടുത്തി രണ്ടര വർഷം പിന്നിടുമ്പോഴാണ് കേന്ദ്രം നിരോധനം നടപ്പാക്കുന്നത്.

ജൂലൈ ഒന്നു മുതൽ നിരോധിക്കുന്ന, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടു. മിഠായി കോൽ (കാൻഡി സ്റ്റിക്ക്) മുതൽ ചെവിത്തോണ്ടി (ഇയർ ബഡ്സ്) വരെയുള്ള വിവിധ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണു നിരോധിക്കുന്നത്. ഇവയുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കും നിരോധനം ബാധമാകും.

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിർമിക്കുന്നവർ, പ്ലാസ്റ്റിക് അസംസ്കൃതവസ്തു നിർമാതാക്കൾ, വിൽപ്പനക്കാർ, ഇ കൊമേഴ്സ് കമ്പനികൾ എന്നിവർക്ക് നിരോധനം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അറിയിപ്പും നിർദേശവും നൽകിക്കഴിഞ്ഞു.

നേരത്തെ തന്നെ 50 മൈക്രോണിൽ താഴെയുള്ള ക്യാരി ബാഗുകൾ അഥവാ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചിരുന്നു. ഇനി മുതൽ അത് ഒറ്റത്തവണ ഉപയോഗക്ഷമത മാത്രമുള്ള ക്യാരി ബാഗുകൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും കൂടി ബാധകമാകും. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്. ഇത് 2022 ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പോളിസ്റ്റൈറൈൻ, എക്സപാൻഡഡ് പോളിസ്റ്റൈറൈൻ ഉൽപ്പന്നങ്ങളും നിരോധനപ്പട്ടികയിൽ വരും. കഴിഞ്ഞ വർഷം സെപ്തംബർ 30 മുതൽ 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളും ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള ക്യാരിബാഗുകളും നിരോധിക്കുമെന്ന് ഓഗസ്റ്റിലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

നിരോധനം ബാധമാകുന്ന ഉൽപ്പന്നങ്ങൾ

മിഠായി, ഐസ്ക്രീം, ചെവിത്തോണ്ടി, അലങ്കാരവസ്തുക്കൾ, ബലൂൺ എന്നിവയിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.

ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂൺ, സ്ട്രോ, ട്രേ, പാത്രങ്ങൾ തുടങ്ങിയ വസ്തുക്കൾ.

സിഗരറ്റ് കൂടുകൾ പൊതിയുന്ന നേരിയ പ്ലാസ്റ്റിക് കവർ, വിവിധ തരം കാർഡുകളിൽ ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക്, മിഠായി കവറിലെ പ്ലാസ്റ്റിക്

100 മൈക്രോണിൽ താഴെയുള്ള പി വി സി, പ്ലാസ്റ്റിക് ബാനറുകൾ

മുമ്പേ നടന്ന് കേരളം

കേരളത്തിൽ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം 2020 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. അതിൽ ഉൾപ്പെടുന്ന വസ്തുക്കൾ ഇനി പറയുന്നവയാണ്

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ (കനം നോക്കാതെ- കേന്ദ്രം നിരോധിച്ചിട്ടുള്ളത് മൂന്ന് ഘട്ടമായി 120 മൈക്രോൺ വരെയുള്ളവയാണ്)

പ്ലാസ്റ്റിക് ഷീറ്റുകൾ (മേശപ്പുറത്ത് വിരിക്കുന്നവ), ക്ലിങ് ഫിലിം പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്റ്റൈറ്ററോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാരവസ്തുക്കൾ.

ഒറ്റത്തവണ ഉപയോഗമുള്ള പ്ലേറ്റുകൾ, കപ്പുകൾ, സ്പൂൺ, ഫോർക്ക്, സ്ട്രോ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, ബൗൾ, ക്യാരി ബാഗുകൾ

പ്ലാസ്റ്റിക് ഫ്ലാഗ്, നോൺ വൂവൺബാഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ച്, പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്

300 എം എല്ലിന് താഴെ കപ്പാസിറ്റി വരുന്ന PET/PETE ബോട്ടിലുകൾ

പ്ലാസ്റ്റിക് ഗാർബേജ് ബാഗ്

പി വി സി ഫ്ലെക്സ് മെറ്റീരിയൽസ്

പ്ലാസ്റ്റിക്ക് പാക്കറ്റുകൾ

ഈ ഇനത്തിൽപ്പെട്ട ചില വസ്തുക്കൾക്കു സർക്കാർ ഇളവ് നൽകിയിരുന്നു. അവ ഇനിപ്പറയുന്നവയാണ്:

പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട് കയറ്റുമതി ചെയ്യുന്നതിനായി ഉൽപ്പാദിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കൾ

ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ
കമ്പോസ്റ്റബൾ പ്ലാസ്റ്റിക്കിൽ നിന്ന് നിർമിച്ച പ്ലാസ്റ്റിക് വസ്തുക്കൾ. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണവും കൈകാര്യം ചെയ്യലും ചട്ടം 2016 ൽ നിഷ്കർഷിച്ചിരിക്കുന്നതു പോലെയുള്ള കമ്പോസ്റ്റബൾ പ്ലാസറ്റിക്ക് ഗണത്തിൽപ്പെടുന്നതും ഇന്ത്യൻ സ്റ്റാൻഡേർഡ് ഐ എസ് അല്ലെങ്കിൽ ഐ എസ് ഒ 17088 :2008 ലേബൽ പതിപ്പിച്ചതും

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനം പ്രാബല്യത്തിലായതിനു പിന്നാലെയാണ് കോവിഡ് 19 സാഹചര്യമുണ്ടായതതും ലോക്ക് ഡൗൺ വരികയും ചെയ്തത്. അടച്ചിടൽ കാലത്തും പിന്നീട് ചെറിയ തോതിൽ സ്ഥാപനങ്ങൾ തുറന്നപ്പോഴും ആളുകൾക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിക്കാനും കടകളിൽ ഭക്ഷണം വിതരണം ചെയ്യാനും വെള്ളവും ചായയും മറ്റും നൽകാനും ഒറ്റത്തവണ കപ്പുകളും പാത്രങ്ങളും ഒക്കെ വീണ്ടും ഉപയോഗിക്കേണ്ടി വന്നു. നിലവിലും അവയുടെ ഉപയോഗം വ്യാപകമായി നിലനിൽക്കുകയാണ്.

ജൂൺ 30 കഴിയുമ്പോൾ നിരോധനം നിലവിൽ വരുമെങ്കിലും അത് നിലവിലെ സാഹചര്യത്തിൽ എത്രത്തോളം പ്രായോഗികമാകുമെന്നത് ചോദ്യമായി അവശേഷിക്കുന്നു. ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം കേരളത്തിനു പുറമെ തമിഴ് നാട് ഉൾപ്പടെ ചില സംസ്ഥാനങ്ങളും നേരത്തെ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇതിനെ എങ്ങനെ പരിഗണിക്കണമെന്ന് വ്യക്തതയില്ലെന്നു പരിസ്ഥിതി രംഗത്ത് തന്നെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു.

പ്ലാസ്റ്റിക് ഉപയോഗത്തിൽ കോവിഡ് കാലത്ത് അനുവദിച്ച ഇളവുകൾ ഇനി ഉണ്ടാകില്ലെന്നാണ് ഹരിതകേരളം മിഷൻ അറിയിച്ചിരിക്കുന്നത്. പരിശോധനയും പിഴ ഈടാക്കലും പുനരാരംഭിക്കും. ഹരിത ചട്ട പ്രകാരം ആയിരിക്കും നടപടികളെന്നും മിഷൻ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ban on single use of plastic list of prohibited items