കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വി.ടി.ബല്‍റാം. ഫെയ്സ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം. സിപിഎമ്മിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക’ എന്നായിരുന്നു ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒപ്പം സിപിഎം ടെറര്‍ എന്ന ഹാഷ്ടാഗും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് സംഭവം. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ശരത്തിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ജീപ്പിലെത്തിയ സംഘം വെട്ടിപ്പരുക്കേല്പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഞെട്ടിക്കുന്ന സംഭവമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ട്വിറ്റിലൂടെയായിരുന്നു രാഹുല്‍ പ്രതികരിച്ചത്. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും തന്റെ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ പറഞ്ഞു. കൊലപാതകികളെ നീതിക്ക് മുന്നിലെത്തിക്കും വരെ തങ്ങള്‍ വിശ്രമിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
അതിനിടെ, ഹര്‍ത്താലില്‍ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജാഥ അക്രമാസക്തമായി. പൊലീസ് ലാത്തിവീശി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. പലയിടത്തും വാഹനം തടയുകയും ബസിന് കല്ലെറിയുകയും ചെയ്തു. സംസ്ഥാനത്ത് മിക്കയിടങ്ങിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെയാണ് ആക്രമണം.