തൃശൂര്‍: തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് തുടരും. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നീട്ടാനാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തിലാണ് തീരുമാനം.
ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.
തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുരനട തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇത്തവണ വിലക്ക് തുടരുകയാണെങ്കില്‍ ഈ ചടങ്ങില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ ഒഴിവാക്കേണ്ടി വരും. എന്നാല്‍, ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്ത് ആലോചിക്കുമെന്ന് തൃശൂര്‍ എംഎല്‍എയും മന്ത്രിയുമായ വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.
കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്.