ആയുസ്സിന് വേണ്ടി എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത് എന്ന ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവനയ്ക്ക് കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ മറപടി. ‘കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം. അരനൂറ്റാണ്ട് അതു ആവുംവിധം ചെയ്തിട്ടുണ്ട്. അങ്ങനെയങ്ങു വിരട്ടല്ലേ ടീച്ചറേ’ എന്ന് ചുള്ളിക്കാട് സോഷ്യല്‍ മീഡിയയിലാണ് പറഞ്ഞത്.
പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിക്കിടെയായിരുന്നു പ്രസ്താവനയുമായി ശശികല രംഗത്തെത്തിയത്.
‘ആര്‍എസ്എസിനെ എതിര്‍ത്തത് കൊണ്ട് കൊലപാതകം നടത്തേണ്ട കാര്യമില്ല. എന്നാല്‍ അവിടെ കോണ്‍ഗ്രസിന് അങ്ങനെ ഒരു കൊല ആവശ്യമാണ്. ഇവിടത്തെ മതേതര എഴുത്തുകാര്‍ ആയുസ്സിന് വേണ്ടി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ എപ്പോഴാണ് എന്താണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. ഓര്‍ത്ത് വെക്കാന്‍ പറയുന്നതാണ്. അടുത്തുളള ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെട്ടേക്കാം’ ശശികല മുന്നറിയിപ്പ് നല്കി.
അതേസമയം എഴുത്തുകാരനും ചിന്തകനും ദലിത് പ്രവര്‍ത്തകനുമായ കാഞ്ച ഇലയ്യക്കെതിരെ ഭീഷണി ഉയര്‍ന്നു. നാക്ക് അരിയുമെന്നും ജീവന് അപായപ്പെടുത്തുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഞായറാഴ്ച ഉച്ച മുതല്‍ തന്നെ അജ്ഞാതര്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു(വൈശ്യാസ് ആര് സോഷ്യല്‍ സ്മഗ്ളേഴ്സ്) എന്ന പുസ്തകമാണ് ഭീഷണിക്ക് കാരണമായതെന്നാണ് ഇലയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇലയ്യ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.