സാംസ്കാരിക കേരളം കവി ബാലചന്ദ്രൻ ചുളളിക്കാടിന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അതിൽ നിന്നെല്ലാം ഒഴിഞ്ഞ് ബുദ്ധ പാതയിലാണ് കവി. മാധ്യമങ്ങളിലും പരിപാടികളിലും ബാലചന്ദ്രൻ എന്ന കവിയുടെ അറുപതാം ജന്മദിനം ആഘോഷിക്കുമ്പോൾ ആ ആരവങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും ഏറെ അകലെയാണ് കവി. ആഘോഷങ്ങൾക്കപ്പുറം ധ്യാനത്തിന്റെ ശാന്തതയിലാണ് കേരളത്തെ ഇളക്കി മറിച്ച കവി. തലമുറകളെ മറികടന്ന് പടർന്ന കവിതകളുടെ കവി തന്റെ ജന്മദിന ആഘോഷ വേളയിൽ കേരളത്തിൽ ​പോലും നിന്നില്ല. ആഘോഷങ്ങളിൽ നിന്നും അവാർഡുകളിൽ നിന്നും എന്നും അകലം പാലിച്ച ബാലചന്ദ്രൻ ചുളളിക്കാട് എന്ന കവി തന്റെ അറുപതാം പിറന്നാൾ ദിനത്തിലും ആ വഴി തന്നെയാണ് തിരഞ്ഞെടുത്ത്. എല്ലാ ആഘോഷങ്ങളിൽ നിന്നും അകന്ന് മാറിയൊരു ലോകത്ത്. ബംഗളുരുവിലെ ബുദ്ധ വിഹാരത്തിൽ ധ്യാനത്തിലായിരുന്നു കവി.

ബംഗളുരുവിലെ ബുദ്ധവിഹാരത്തിൽ ധ്യാനത്തിനായി കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രൻ കേരളത്തിൽ നിന്നും യാത്ര തിരിച്ചത്. കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് ബാലചന്ദ്രൻ ബുദ്ധ വിഹാരത്തിലേയ്ക്ക് യാത്ര തിരിച്ചത്. ബെംഗളുരുവിൽ നിന്നും ബുദ്ധ ഗയയിലേയ്ക്ക് പോകുമെന്നാണ് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.

Read More : ബാലന്‍റെ ബുദ്ധനും കുനിയുടെ ഗുരുവും

balachandran chullikkadu, cudha, malayalam poet

ബംഗളുരുവിലെ ബുദ്ധവിഹാരം

1970 കളിൽ ഇളകി മറിഞ്ഞ കേരളത്തിലെ സാംസ്കാരിക അന്തരീക്ഷത്തിൽ ബാലചന്ദ്രന്റെ കവിതകൾ സൃഷ്ടിച്ച ഇടിമുഴുക്കം ഇന്നും നിലയ്ക്കാതെ തുടരുകയാണ്. കവിയെന്ന നിലയിൽ വളരെ ചെറുപ്പത്തിൽ തന്നെ കവികുലപതികളുടെ നിരയ്ക്കൊപ്പം ഉയർന്ന ബാലചന്ദ്രൻ അരവിന്ദന്റെ പോക്കുവെയിൽ എന്ന പ്രശസ്ത ചലച്ചിത്രത്തിൽ നായകനായി. വീക്ഷണം പത്രത്തിൽ മാധ്യമ പ്രവർത്തകനായിരുന്നു. അവിടെ നിന്നും സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ചു. വീണ്ടും സിനിമ, സീരിയൽ മേഖലയിൽ അഭിനയ രംഗത്തേയ്ക്ക് അദ്ദേഹം കടന്നു. ഇതിനിടയിൽ ബുദ്ധമതം സ്വീകരിച്ചു.

ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ ഭാഷകൾക്കു പുറമെ, ഹിന്ദി, ബംഗാളി, മറാത്തി, അസാമീസ്, പഞ്ചാബി, കന്നട, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ​ കവിതയെ പ്രതിനിധീകരിച്ച് 1997ൽ സ്വീഡനിലെ ഗോട്ടൻബർഗ് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തു.
1957 ജൂലൈ 30ന് എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ച ബാലചന്ദ്രൻ, മഹാരാജാസ് കോളജിൽ നിന്നും ഇംഗ്ലീഷിലാണ് ബിരുദം നേടിയത്. കവിയായ വിജയലക്ഷ്മിയാണ് ഭാര്യ. മകൻ അപ്പു.

കവിതകളിൽ മാത്രമല്ല, ഗദ്യത്തിലും തന്റെ അനിതരസാധാരണായ ഭാഷപടുത്വം തെളിയിച്ചതാണ് അദ്ദേഹത്തിന്റെ ചിദംബര സ്മരണ എന്ന ഓർമ്മപ്പുസ്തകം. അറുപതാം പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് ബുദ്ധ വിഹാരത്തിലെ ശാന്തതയിലായിരുന്നു കവി.

Read More : ഇല കൊഴിയാതെ ഒരു കവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.