കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തിരുവനന്തപുരം സ്വർണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി. അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ചിനോട് കടയുടമ മൊഴി നൽകിയത് വലിയ ദുരൂഹതയ്ക്ക് കാരണമായിരുന്നു.

അതേ തുടർന്നാണ് പ്രകാശ് തമ്പിയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചത്. താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് തമ്പി മൊഴി നല്‍കി. വണ്ടി ഓടിച്ചത് താനാണെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്‍ മൊഴി മാറ്റിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിസിടിവിയില്‍ നിന്ന് ഒന്നും ലഭിച്ചില്ല. മൊഴി മാറ്റിയ ശേഷം അര്‍ജുനെ താന്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ലെന്നും തമ്പി മൊഴി നല്‍കി. ബാലഭാസ്കറിനൊപ്പം രണ്ട് തവണയാണ് ദുബായില്‍ പരിപാടിക്ക് പോയത്. പരിപാടിക്ക് ശേഷം കൃത്യമായി പണം തരും. അല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്കറുമായി ഇല്ലെന്നും തമ്പി മൊഴി നല്‍കി.

Read More: സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

അപകടം നടക്കുന്നതിനു മുമ്പ് കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്ന് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ചിരുന്നു. ഈ കടയിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് പിന്നീട് പ്രകാശന്‍ തമ്പിയെത്തി കൊണ്ടുപോയിരുന്നെന്ന് കടയുടമ ഷംനാദ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഷംനാദ് മാധ്യമങ്ങളോട് ഇത് നിഷേധിക്കുകയുണ്ടായി. താന്‍ അങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നായിരുന്നു ഷംനാദിന്റെ നിലപാട്.
ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞതെല്ലാം സത്യമാണോയെന്നറിയാനായിരുന്നു ഇതെന്നുമാണ് പ്രകാശന്‍ തമ്പി മൊഴി നല്‍കിയത്. പൊലീസ് അന്വേഷണം നടക്കുന്ന കാലത്ത് തന്നെയാണ് പ്രകാശന്‍ തമ്പി ഈ ദൃശ്യങ്ങള്‍ ശേഖരിച്ചത്. അപകടം നടന്ന് നാലുദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. കോടതിയില്‍ ഹാജരാക്കിയിരുന്ന സിസിടിവി ഹാര്‍ഡ് ഡിസ്ക് ക്രൈംബ്രാഞ്ച് തിരികെ വാങ്ങി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹാര്‍ഡ് ഡിസ്കില്‍ എന്തെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടോയെന്ന് ഈ പരിശോധനയില്‍ വ്യക്തമാകും.

അതേസമയം, അര്‍ജുന്‍ അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ അർജുൻ അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന സമയത്ത് അപകടം ഉണ്ടായാൽ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്.

യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അർജുന്‍ മൊഴി നല്‍കിയിരുന്നത്.

ദുരൂഹതകള്‍ അകറ്റാന്‍ ബാലഭാസ്കറിന്റെ അപകടം ഉണ്ടായ കാര്‍യാത്ര പുനരാവിഷ്‌കരിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയ്യാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

Read More: സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.

ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭ്യമായില്ലെങ്കില്‍ ബാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിക്കും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ധ ചികിത്സക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരുക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാധ്യതകളും പുനഃപരിശോധിക്കും.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണെ​ന്നും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ശ​യി​ച്ച് പി​താ​വ് സി.​കെ.ഉ​ണ്ണി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബാ​ലു​വി​ന് എ​ന്തെ​ങ്കി​ലും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നോയെന്ന് ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.