തി​രു​വ​ന​ന്ത​പു​രം: വയലിനിസ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം ദൃക്സാക്ഷിയുടെ മൊഴി എടുക്കും. കെഎസ്ആര്‍ടിസി ഡ്രൈവറായ അജിയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് എടുക്കുന്നത്. അപകടസമയത്ത് ഡ്രൈവറുടെ സീറ്റില്‍ ഉണ്ടായിരുന്നത് ബാലഭാസ്കര്‍ എന്നാണ് അജി മൊഴി നല്‍കിയിരുന്നത്. ഇദ്ദേഹം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു.

കൂടാതെ ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കും. ബാ​ല​ഭാ​സ്ക​റി​നെ ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രോ​ട് മൊ​ഴി ന​ൽ​കാ​ൻ ക്രൈം​ബ്രാ​ഞ്ച് സം​ഘം നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

സ്വ​ർ​ണക്ക​ട​ത്ത് കേ​സി​ൽ കാ​ക്ക​നാ​ട്ടെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബാ​ല​ഭാ​സ്ക​റി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന പ്ര​കാ​ശ​ൻ ത​മ്പി​യെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ബാ​ല​ഭാ​സ്ക​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നെ നേ​രി​ൽ ക​ണ്ട് അ​ടു​ത്ത് ഇ​ട​പെ​ട്ട​വ​ർ ആ​രൊ​ക്കെ​യാ​യി​രു​ന്നു​ എന്നത് ഉൾപ്പെടെയുള്ള വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​ണ് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

ബാലഭാസ്കറും കുടുംബവും അപകടത്തിൽപെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുനാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയെങ്കിലും മരണത്തിന് പിന്നിലെ ദുരൂഹതകളുടെ കുരുക്ക് അഴിക്കാൻ ഫൊറൻസിക് പരിശോധനാ ഫലംകൂടി ലഭിക്കേണ്ടതുണ്ട്. ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി ഹരികൃഷ്ണൻ ഫൊറൻസിക് വിഭാഗത്തിന് കത്ത് നൽകി. ദൃക്സാക്ഷികളുടെ പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തത വരുത്താൻ അവരുടെ ഫോൺ കോളുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, രക്ഷാപ്രവർത്തനം നടത്തിയവർ തുടങ്ങിയവരുടെ കോൾ ലിസ്റ്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കും.

Read More: അര്‍ജുനെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി; അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കര്‍ അല്ലെന്ന് ഫോറന്‍സിക്

ഫൊറൻസിക് പരിശോധനയിൽ അർജുനാണ് ഡ്രൈവർ സീറ്റിൽ ഇരുന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടപ്പോൾ താനാണ് വാഹനമോടിച്ചതെന്ന് അർജുൻ പറഞ്ഞതായി സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.

എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ അന്തിമ റിപ്പോർട്ട് കൂടി വരണം. അപകടത്തിന് മുമ്പ് ഇവർ ജ്യൂസ് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്നെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങളും തിരിച്ചെടുക്കണം. ഈ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്നും പരിശോധന ഏജൻസികളോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി ലഭിച്ചാൽ ഉടൻ അർജുനെ ചോദ്യം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.