കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ കാര്‍ അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെയാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. ബാലഭാസ്കര്‍ അപകടത്തില്‍ പെടുമ്പോള്‍ വാഹനമോടിച്ചത് അര്ജുന് ആകാമെന്നാണ് പൊലീസ് നിയോഗിച്ച ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. അര്ജുന് പറ്റിയ പരുക്കുകളും മറ്റും വിശകലനം ചെയ്താണ് ഫോറന്‍സിക് ഈ നിഗമനത്തില്‍ എത്തിയത്. കൂടാതെ പ്രകാശ് തമ്പിയും അര്‍ജുനാണ് വണ്ടി ഓടിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.
ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തിയാണ് പ്രകാശന് തമ്പിയുടെ മൊഴിയെടുത്തത്. കാക്കനാട് ജയിലില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. ജ്യൂസ് കടയിലെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെന്ന് പ്രകാശന് തമ്പി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്കി.
അപകടത്തില്‍ ഒട്ടനവധി ആശങ്കകള്‍ ഉണ്ടായിരുന്നു. അര്ജുനെപറ്റി ആദ്യംമുതലെ സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് കൊല്ലത്ത് കടയില്‍ പോയി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ആരാണ് വണ്ടിയോടിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നാണ് പ്രകാശന് തമ്പിയുടെ മൊഴി.
അപകടത്തിന് ശേഷം അര്‍ജുനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രകാശന് തമ്പി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്വര്‍ണകടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്നെ കുടുക്കിയതാണെന്നും ബാലഭാസ്കറുമായി വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും പ്രകാശന് തമ്പി ക്രൈംബ്രാഞ്ചിനോട് മൊഴി നല്‍കിയിട്ടുണ്ട്.
Read More: വീണ്ടും വഴിത്തിരിവ്; കാര്‍ ഓടിച്ചത് അര്‍ജുനെന്ന് തമ്പിയുടെ മൊഴി; അര്ജുന് കാണാമറയത്ത്
ബാലഭാസ്കറിന്റെ കാറിലുണ്ടായിരുന്ന സ്വര്‍ണത്തെ കുറിച്ചുളള വിവരം ആദ്യം ചോദിച്ചറിഞ്ഞത് മാനേജര്‍ പ്രകാശ് തമ്പിയാണെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്ന. പൊലീസ് ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയിട്ടുണ്ട്. സെപ്തംബര്‍ 25ന് പുലര്‍ച്ചെ നടന്ന അപകടത്തിന് പിന്നാലെ മംഗലപുരം പൊലീസാണ് കാറില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തത്. ഇതിന് പിന്നാലെ പ്രകാശ് തമ്പി പൊലീസ് സ്റ്റേഷനിലെത്തി കാറിലെ സ്വര്‍ണവും പണത്തേയും കുറിച്ച് വിവരം ചോദിച്ചു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു.
കാറില്‍ നിന്നും 44 പവന് സ്വര്‍ണവും രണ്ട് ലക്ഷം രൂപയും ആണ് കണ്ടെടുത്തത്. ഇതും മറ്റ് സാധനങ്ങളും പൊലീസ് കൈമാറുകയും ചെയ്തു. ബന്ധപ്പെട്ട് പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊല്ലത്തെ ജ്യൂസ് കടയിലെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെന്ന് ക്രൈംബ്രാഞ്ചിന് പ്രകാശന് തമ്പി മൊഴി നല്കി. ഡ്രൈവര്‍ അര്‍ജുനെക്കുറിച്ച് നേരത്തേ സംശയം ഉണ്ടായിരുന്നെന്നും സ്വര്‍ണക്കടത്ത് കേസില്‍ തന്നെ കുടുക്കിയതാണെന്നും പ്രകാശന് തമ്പി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്കി.
അതേസമയം, അര്ജുന് അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ അർജുൻ അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്ജുന് നല്കിയ മൊഴി. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന സമയത്ത് അപകടം ഉണ്ടായാൽ പറ്റുന്ന സമാനമായ പരുക്കാണ് അര്ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്ജുന് ഉറച്ച് നില്‍ക്കുകയാണ്.
യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അർജുന് മൊഴി നല്‍കിയിരുന്നത്.
ദുരൂഹതകള്‍ അകറ്റാന്‍ ബാലഭാസ്കറിന്റെ അപകടം ഉണ്ടായ കാര്‍യാത്ര പുനരാവിഷ്കരിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയ്യാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.