തിരുവനന്തപുരം: പ്രമുഖ സംഗീജ്ഞന്‍ ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന് സി.കെ ഉണ്ണി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ബാലഭാസ്കറിന് പാലക്കാട് പൂന്തോട്ട ആശുപത്രിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, തൃശൂരില്‍ നിന്നും പെട്ടെന്ന് തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കണം എന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂരില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള യാത്രയില്‍ പള്ളിപ്പുറത്ത് സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷന് സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ബാലഭാസ്കറും, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, സുഹൃത്ത് അര്ജുന് എന്നിവര്‍ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തില്‍ പെട്ടത്.
Read More: അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല; ഭാര്യ ലക്ഷ്മിയുടെ മൊഴി
അപകടം സംഭവിച്ചപ്പോള്‍ തന്നെ മകള്‍ തേജസ്വനി മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു അര്ജുന് നല്കിയ മൊഴി. എന്നാല്‍ പിന്നീട് ബോധം വന്ന ശേഷം ലക്ഷ്മി നല്കിയ മൊഴിയില്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്നും ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു.
താനാണ് മുന്‍സീറ്റില്‍ ഇരുന്നിരുന്നതെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.
Read More: ബാലഭാസ്കറിന്റെ ഡ്രൈവറുടെ നിര്‍ണായക മൊഴി; ‘അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലു’
പിറ്റേ ദിവസം സ്റ്റേജ് ഷോ ഉണ്ടായിരുന്നതുകൊണ്ട് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിച്ചു. തൃശ്ശൂര്‍ മുതല്‍ അര്‍ജുനാണ് വാഹനം ഓടിച്ചത്. ഞാനും മകളും മുന്‍സീറ്റിലായിരുന്നു. കൊല്ലത്ത് എത്തി ഷേക്ക് കുടിച്ചശേഷം വീണ്ടും വാഹനം ഓടിച്ചത് അര്ജുന് ആയിരുന്നുവെന്നാണ് ലക്ഷ്മിയുടെ മൊഴി. ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി മൊഴിയെടുത്തത്.
തൃശ്ശൂര്‍ മുതല്‍ കൊല്ലം വരെയാണ് താന്‍ വാഹനമോടിച്ചതെന്നും കൊല്ലത്ത് വാഹനം നിര്‍ത്തിയശേഷം പിന്നീട് ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നാണ് അര്ജുന് നല്‍കിയിരിക്കുന്ന മൊഴി. കൊല്ലത്ത് വച്ച് താനും ബാലഭാസ്കറും കരിക്കിന് ഷേക്ക് കുടിച്ചു. അതിന് ശേഷം താന്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. അവിടുന്നിങ്ങോട്ട് ബാലഭാസ്കര്‍ തന്നെയായിരുന്നു വണ്ടിയോടിച്ചത്. അപകടമുണ്ടായപ്പോള്‍ താന്‍ മയക്കത്തിലായിരുന്നുവെന്നും അര്ജുന് മൊഴി നല്‍കിയിരുന്നു.