തിരുവനന്തപുരം: അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുനെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ഞാൻ മുൻസീറ്റിലാണ് ഇരുന്നത്. ദീർഘദൂര യാത്രയിൽ ബാലഭാസ്കർ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നൽകി.
പിറ്റേ ദിവസം സ്റ്റേജ് ഷോ ഉണ്ടായിരുന്നതുകൊണ്ട് ബാലഭാസ്കർ പിൻസീറ്റിൽ വിശ്രമിച്ചു. തൃശ്ശൂർ മുതൽ അർജുനാണ് വാഹനം ഓടിച്ചത്. ഞാനും മകളും മുൻസീറ്റിലായിരുന്നു. കൊല്ലത്ത് എത്തി ഷേക്ക് കുടിച്ചശേഷം വീണ്ടും വാഹനം ഓടിച്ചത് അർജുൻ ആയിരുന്നുവെന്നാണ് ലക്ഷ്മിയുടെ മൊഴി. ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി മൊഴിയെടുത്തത്.
തൃശ്ശൂർ മുതൽ കൊല്ലം വരെയാണ് താൻ വാഹനമോടിച്ചതെന്നും കൊല്ലത്ത് വാഹനം നിർത്തിയശേഷം പിന്നീട് ഓടിച്ചത് ബാലഭാസ്കർ ആണെന്നാണ് അർജുൻ നൽകിയിരിക്കുന്ന മൊഴി. കൊല്ലത്ത് വച്ച് താനും ബാലഭാസ്‌കറും കരിക്കിൻ ഷേക്ക് കുടിച്ചു. അതിന് ശേഷം താൻ പിൻസീറ്റിലിരുന്ന് ഉറങ്ങിപ്പോയി. അവിടുന്നിങ്ങോട്ട് ബാലഭാസ്‌കർ തന്നെയായിരുന്നു വണ്ടിയോടിച്ചത്. അപകടമുണ്ടായപ്പോൾ താൻ മയക്കത്തിലായിരുന്നുവെന്നും അർജുൻ മൊഴി നൽകിയിരുന്നു. അർജുന്റെയും ലക്ഷ്മിയുടെയും വൈരുദ്ധ്യം ഉളളതിനാൽ ശാസ്ത്രീയ പരിശോധന നടത്താനും നാട്ടുകാരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ബാലഭാസ്കറിന്റെ ഡ്രൈവറുടെ നിര്‍ണായക മൊഴി; ‘അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലു’
സെപ്റ്റംബർ 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പ്പെട്ടത്. മകൾ തേജ്വസിനി ബാല സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കർ ഓക്ടോബർ രണ്ടിന് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്‌മി ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.