മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കേസില്‍ വിധി പറയുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. വൈകിട്ട് മൂന്ന് മണിക്കാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. ജഡ്ജി അവധിയായതിനാലാണ് വിധി പറയുന്നത് മാറ്റിവച്ചതെന്നും കോടതി അറിയിച്ചു. അതേസമയം, ജാമ്യം പരിഗണിക്കും മുമ്പ് ബിനോയിക്കെതിരായ തെളിവുകള്‍ ഹാജരാക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു. യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളാണ് ഹാജരാക്കുകയെന്ന് കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതനായ ബിനോയ് കോടിയേരിയെ പിടിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ബിനോയിയെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അതില്‍ തീരുമാനമായ ശേഷം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാമെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
Read Also: ‘കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു’; നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന് രംഗത്തെത്തിയിരുന്നു. ബിനോയ് കോടിയേരിയും അമ്മ വിനോദിനി ബാലകൃഷ്ണനും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന് കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ 18 ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്ക്കായി തന്റെ അടുത്ത് എത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ശ്രീജിത്ത് പറയുന്നു.
ചര്‍ച്ചയ്ക്ക് ശേഷം കോടിയേരിയുമായി വിഷയത്തെ കുറിച്ച് താന്‍ ഫോണില്‍ സംസാരിച്ചു എന്നാണ് അഭിഭാഷകന് ശ്രീജിത്ത് പറയുന്നത്. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക്മെയിൽ ചെയ്യാനുള്ള നീക്കമായാണ് കോടിയേരി വിഷയത്തെ കണ്ടത്. നഷ്ടപരിഹാരമായി ചോദിച്ച തുക നൽകരുതെന്ന് വിനോദിനി ബാലകൃഷ്ണൻ പറയുകയും ചെയ്തെന്ന് അഭിഭാഷകൻ ശ്രീജിത്ത് കൂട്ടിച്ചേർത്തു.
Read Also: ‘മോദിയെ കണ്ടു, ഷായെ കാണും’; ബിജെപിയുടെ ‘കുട്ടി’യാകാന്‍ അബ്ദുള്ളക്കുട്ടി
എന്നാൽ, തനിക്ക് സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോഴാണ് ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് താൻ അറിഞ്ഞതെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. പരാതിക്കാരി തന്നെ കോടിയേരി ബാലകൃഷ്ണന് കാര്യങ്ങൾ അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഒന്നും അറിയില്ലെന്ന് പറയുകയായിരുന്നു കോടിയേരി. അതിനു പിന്നാലെയാണ് അഭിഭാഷകൻ ശ്രീജിത്ത് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.