കൊച്ചി: ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മുറിയിൽ കയറി മർദിച്ചത് ആൾക്കൂട്ട കയ്യേറ്റമായി കണക്കാക്കണമെന്ന് വിജയ് പി നായർ. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് വിജയ് പി നായർ ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

“അനുമതിയില്ലാതെയാണ് സംഘം എന്റെ മുറിയിൽ വന്നത്. എന്നെ തള്ളി മാറ്റി അകത്തു കയറി. മോഷണമായിരുന്നു അവരുടെ ഉദ്ദേശം. ഒരാൾ മാസ്ക് ധരിച്ചിരുന്നില്ല. മൈക്ക് നശിപ്പിച്ചു. നിയമം കയ്യിൽ എടുക്കാൻ അവർക്ക് അവകാശമില്ല. അവർക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. അവർ വരുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ല. ക്ഷണിച്ചെന്ന വാദം തെറ്റാണ്,” വിജയ് പി നായർ പറഞ്ഞു.

“അവർ എന്നെ അടിച്ചപ്പോഴും ഞാൻ തിരിച്ചു ഒന്നും ചെയ്തില്ല. അവർക്ക് യാതൊരു പശ്ചാത്താപവും ഇല്ല. ഇനിയും സമാന കുറ്റം ചെയ്യാൻ സാധ്യത ഉണ്ട്. പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകും,” വിജയ് പി നായർ വാദിച്ചു.

Read More: വിജയ് പി.നായർക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

ഹൈക്കോടതി മുൻ ജഡ്ജി പോലും ഭാഗ്യ ലക്ഷ്മിയെ പിന്തുണച്ചുവെന്നും ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പറഞ്ഞ വിജയ് പി നായർ പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടെന്നും പറഞ്ഞു. രണ്ട് ഫോൺ അവർ പിടിക്കുന്നതായി വീഡിയോയിൽ കാണാമെന്നും അത് പിടിച്ചെടുക്കണമെന്നും വിജയ് പി നായർ ആവശ്യപ്പെട്ടു.

അതേസമയം, മോഷണമായിരുന്നില്ല തൊണ്ടി പൊലീസിനു കൈമാറുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഭാഗ്യലക്ഷ്മി ബോധിപ്പിച്ചു. എടുത്ത സാധനങ്ങൾ പൊലീസിനെ ഏല്പിച്ചുവെന്നും അവർ വ്യക്തമാക്കി.

“മഷി ഞങ്ങൾ കൊണ്ടുവന്നത് അല്ല. മുറിയിൽ ഇരുന്നതാണ്. അയാൾക്ക് നാശനഷ്ടം ഒന്നും സംഭവിച്ചിട്ടില്ല,” പ്രതിഭാഗം അറിയിച്ചു. വിജയ് പി നായർ വിളിച്ചുവരുത്തിയെന്ന് കാണിക്കാൻ തെളിവില്ലെന്നും പ്രതികൾ വ്യക്തമാക്കി.

Read More: വിജയ് പി.നായരെ മർദിച്ച കേസ്: ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല, അറസ്റ്റ് തടഞ്ഞു

പ്രതികളുടെ ചെയ്തിയെ കോടതി ആവർത്തിച്ച് വിമർശിച്ചു. നിയമത്തിൽ വിശ്വാസമുണ്ടായിരുന്നങ്കിൽ നിങ്ങൾ ഇത്തരം പ്രവൃത്തി ചെയ്യില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. ഫെയ്‌സ്ബുക്കിൽ വീഡിയോ തൽസമയം ഇട്ടത് അയാളെ അപമാനിക്കാനും പൊതു ഇടത്തിൽ മോശക്കാരനാക്കാനും ആയിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.

വ്യക്തിഹത്യ നടത്തിയത് തെളിവല്ലേയെന്നും ഒരാളെ അടിച്ചിട്ട് സാധങ്ങൾ എടുത്തതുകൊണ്ട് പോകുന്നത് കവർച്ചയെല്ലേ എന്നും കോടതി ആരാഞ്ഞു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന കാര്യത്തെപ്പറ്റി എന്താണ് പറയാനുള്ളതെന്നും കോടതി ആരാഞ്ഞു.

നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസമില്ലെന്നും തെറ്റായ കാര്യം ചെയ്താൽ ഫലം അനുഭവിക്കാൻ തയാറാകണമെന്നും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർ അറസ്റ്റ് വരിക്കാൻ തയാറായിരുന്നുവെന്നും കോടതി പറഞ്ഞു.

പ്രതികൾക്കു പിന്നിൽ മറ്റാളുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പ്രതികൾ ഒരു കാറിലാണ് വന്നത്. ഫോണുകൾ കണ്ടെടുക്കാനുണ്ടന്നും സർക്കാർ അറിയിച്ചു.

ജാമ്യാപേക്ഷകൾ വിധി പറയാൻ മാറ്റി. ഹർജിയിൽ കക്ഷിചേരാനുള്ള വിജയ് .പി .നായരുടെ ഹർജി കോടതി അനുവദിച്ചു. കക്ഷിചേരാനുള്ള മറ്റു രണ്ടു പേരുടെ ഉപഹർജികൾ കോടതി അനുവദിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.