തിരുവനന്തപുരം: കനത്ത മഴയും കടൽ ക്ഷോഭത്തേയും തുടർന്ന് ശംഖുമുഖത്ത് 10 മീറ്ററോളം കടൽ കരയിലേക്ക് കയറി. ഇതോടെ തീരദേശ വാസികൾ ഭീതിയിലായി. മോശം കാലാവസ്ഥ കാരണം ശംഖുംമുഖം കടൽപ്പുറത്ത് സുരക്ഷാ പ്രശ്നം ഉള്ളതിനാൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പടയൊരുക്കം സമാപന സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു

‘പടയൊരുക്കം’ യാത്രയുടെ നാളത്തെ സമാപന സമ്മേളനത്തിനായി ശംഖുമുഖത്ത് ഒരുക്കി കൊണ്ടിരുന്ന വേദിയുടെ നിർമാണം താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്. മഴ ഇനിയും കനക്കുകയാണെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ തുടരാനാവാത്ത സാഹചര്യമുണ്ടാവും.

തീരത്തേക്ക് ആരും പോകരുതെന്നാണ് കലക്ടർ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യാതിഥിയായി എത്തുന്ന സമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

കന്യാകുമാരിക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെയാണ് കേരളത്തിലും ലക്ഷദ്വീപിലും തമിഴ്‌നാടിന്റെ തെക്കൻ മേഖലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. “ഓഖി” എന്ന പേരിലുള്ള ചുഴലിക്കൊടുങ്കാറ്റാണ് കേരള തീരത്തിനും ലക്ഷദ്വീപിനുമിടയിൽ ശക്തിപ്രാപിക്കുന്നത്.

കാറ്റിന്റെ വേഗത ഇപ്പോൾ 75 കിലോമീറ്ററിനും 85 കിലോമീറ്ററിനും ഇടയിലാണ്. അതേസമയം കാറ്റ് 100 കിലോമീറ്ററിലേറെ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. കാറ്റിപ്പോൾ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ് വീശിയടിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ