ഇനി ‘ബാക് ടു ബേസിക്സ്’; സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പിന്തുടരാനും നിര്‍ദേശമുണ്ട്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായതും കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതും പരിഗണിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. തിരഞ്ഞെടുപ്പില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് ക്യാംപെയിൻ ശക്തിപ്പെടുത്താനാണ് തീരുമാനം. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം സ്വീകരിച്ച മാര്‍ഗങ്ങള്‍ വീണ്ടുമോര്‍ക്കണം. സോപ്പുപയോഗിച്ച് വ്യത്തിയായി കൈകള്‍ കഴുകാനും മാസ്‌കും സാമൂഹിക അകലവും കൃത്യമായി പാലിക്കാനും ശ്രമിക്കണം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നല്‍കുന്ന സുരക്ഷ ഏറെ പ്രധാനമാണ്. അതിനാല്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, പ്രതിദിന പരിശോധനകള്‍ വർധിപ്പിച്ച് രോഗവ്യാപനം തടയുകയെന്ന മാര്‍ഗമായിരിക്കും സ്വീകരിക്കുക. കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ വ്യാപന മേഖലകള്‍ കണ്ടെത്തി നിയന്ത്രിക്കാനാകും. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read More: ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാൻഡ്; മറ്റ് രാജ്യങ്ങളും സമാന നടപടിയിലേക്ക് കടക്കുമോ?

സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായും പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാൻ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരും പരിശോധനയ്ക്ക് വിധേയമാകണം. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ സങ്കീർണമാകാനിടയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Back to basics plan in kerala as covid cases rising

Next Story
സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍, പൂർണമായി വെളിപ്പെടുത്താനാകില്ല: സർക്കാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com