തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. രോഗവ്യാപനം നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. പുറത്ത് നിന്ന് വരുന്നവരെ ട്രെയ്സ് ചെയ്ത് ക്വാറന്റൈൻ ചെയ്ത് ചികിത്സ നൽകുന്ന പദ്ധതിയാണ് ഇത്.
കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുകയാണിന്ന്. തുടക്കം മുതൽ നല്ലരീതിയിൽ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ നടപടികൾക്ക് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്. സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിയിടാതിരിക്കാൻ എല്ലാ മേഖലകളിലുമുള്ളവരും കഠിനമായി പരിശ്രമിച്ചെന്ന് മന്ത്രി പറഞ്ഞു.
പകർച്ചയുടെ കണ്ണി പൊട്ടിക്കാൻ ബ്രേക് ദി ചെയിൻ ക്യാമ്പയിൻ നടത്തി. ഇതിലൂടെ രോഗപകർച്ച പിടിച്ച് നിർത്താൻ സാധിച്ചുെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. റിവേഴ്സ് ക്വാറന്റൈൻ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാൻ പ്രയത്നിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read More: രാജ്യത്തെ ആദ്യ കോവിഡ് രോഗി കേരളത്തിൽ; ഒരു വർഷം പിന്നിടുമ്പോൾ
തുടക്കത്തിൽ 0.5 ആയിരുന്നു കേരളത്തിന്റെ മരണനിരക്ക്. ജൂണ്‍ – ജൂലൈയിൽ മരണ നിരക്ക് 0.7 വരെ ആയി. മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. എല്ലാ വെല്ലുവിളികൾക്കിടയിലും എല്ലാം നേരിട്ട് മരണനിരക്ക് കുറക്കാൻ സാധിച്ചത് കേരളത്തിൻ്റെ മികവാണ്. കൃത്യമായ ഇടപെടലിലൂടെയാണ് മരണനിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത്. ലോകം അംഗീകരിക്കുന്ന വസ്തുതയാണ് ഇതെന്നും കെകെ ശൈലജ പറഞ്ഞു. ഇനിയും അതിജീവിക്കുന്ന കാര്യത്തിൽ സംസ്ഥാനം ധീരമായി നിൽക്കും.
കേരളത്തിന് കൃത്യമായ സ്ട്രാറ്റജിയുണ്ട്. മരണനിരക്ക് 0.4 ശതമാനത്തിൽ പിടിച്ചു നിർത്തിയത് നേട്ടമാണ്. ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് 10ന് താഴെയായി നിർത്താൻ കഴിയുന്നത് ഇപ്പോഴും നേട്ടമായി കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളൊന്നും ഓർക്കാതെയാണ് വിമർശനങ്ങൾ ഉയരുന്നത്. ലോക്ക് ഡൗൺ എടുത്ത് കളഞ്ഞതിന് ശേഷം മരണ നിരക്ക് ഒരൽപ്പം കൂടി. എന്നാൽ ഒരു ഘട്ടത്തിലും ഒരു ശതമാനത്തിന് മുകളിലേക്ക് പോയില്ല. കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമർശനങ്ങളെ പൊസിറ്റിവ് ആയി കാണുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മേയ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിച്ചത്. ആരോഗ്യ വകുപ്പും സർക്കാരും മാത്രം വിചാരിച്ചാൽ രോഗനിയന്ത്രണം സാധിക്കില്ല. ജനങ്ങൾ സഹകരിക്കണം. വിവാഹങ്ങളിലൊക്കെ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നു. സമ്പർക്കം ഒഴിവാക്കിയാൽ കോവിഡ് വ്യാപനം നിയന്ത്രിക്കാമെന്നും മന്ത്രി വ്യക്തമാക്കി.