കോഴിക്കോട്: മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ സിയ പവലും സഹദും മാതാപിതാക്കളായി. സ്വന്തം കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ് പങ്കാളികളായ ഇരുവരും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സഹദ് കുഞ്ഞിന് ജന്മം നല്‍കിയത്.
സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്നും സിയ പറഞ്ഞു. ബ്രെസ്റ്റ് റിമൂവ് ചെയ്ത് ട്രാന്‍സ്മെന്‍ ആവാനുള്ള തയാറെടുപ്പിനിടയിലും സഹദ്, സിയയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഗര്‍ഭം ധരിക്കുകയായിരുന്നു.
കുഞ്ഞ് ജനിച്ച സന്തോഷം സിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ”കാലങ്ങളുടെ കാത്തിരിപ്പിൽ ഇന്ന് രാവിലെ 9.37ന് 2.920 കെ ജി തൂക്കത്താൽ ഞങ്ങളുടെ സ്വപ്നങ്ങൾ ഉച്ചത്തിൽ കരയുന്ന ശബ്ദത്താൽ ഭൂമിയിലെ ശ്വസനവും വിരിയാത്ത മങ്ങുന്ന കണ്ണുകളിൽ വെളിച്ചം അനുഭവിക്കാനും തുടങ്ങി… സന്തോഷങ്ങൾ കണ്ണുനീരിലാറാടി… മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സുരക്ഷിതരമാണിന്ന് മാലാഖമാരുടെ കൈകളിൽ. പ്രാർത്ഥനയാൽ കൂടെ പിടിച്ച നിരവധി മനുഷ്യർ അതിന്റെ ഫലമായിരിക്കാം… കൂടെ നിന്നവർക്കൊക്കെയും വാക്കുകളാൽ എഴുതാൻ പറ്റാത്തത്രയും നന്ദിയും കടപ്പാടും…”
കോഴിക്കോട് സ്വദേശിയായ സിയ നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായ സഹദ് ചികിത്സ തുടങ്ങിയതുമുതല്‍ ഒരു വര്‍ഷത്തിലേറെയായി അവധിയിലാണ്. തിരുവനന്തപുരത്താണ് സഹദിന്റെ വീട്. കോഴിക്കോട്ടെത്തിയ സഹദ് ഇവിടെവെച്ചാണ് സിയയെ പരിചയപ്പെടുന്നത്.
ട്രാന്‍സ് വുമണായി ലിംഗമാറ്റത്തിനുള്ള ചികിത്സകള്‍ സിയ ഈയിടെ പുനരാരംഭിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞാല്‍ സഹദും ട്രാന്‍സ്മാന്‍ ആവാനുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സഹദിന് 23 വയസ്സഒം സിയയ്ക്ക് 21-ഉം ആണ് വയസ്സ്.
സിയയ്ക്കും സഹദിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശംസകള്‍ നേര്‍ന്നു. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. എല്ലാ നന്മകളും നേര്‍ന്നു. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.