ആലുവ: മാതാപിതാക്കളുടെ ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും അറസ്റ്റ് ചെയ്തു. മെട്രോയാര്‍ഡിലെ കമ്പനിയില്‍ ഡ്രൈവറായ ഷാജിത് ഖാന് (35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മ ഹെനയെ (28) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
ആലുവയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരിച്ചത്. മരണശേഷം ഏറ്റെടുക്കാൻ ആരുമില്ലാതിരുന്ന കുട്ടിയുടെ മൃതദേഹം ഏലൂരിലെ സുമനസുകൾ ഏറ്റെടുക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ഏലൂർ പാലയ്ക്കാമുകൾ ജുമാമസ്ജിദിൽ കബറടക്കും. തലയിലേറ്റ ശക്തമായ ആഘാതം മരണത്തിനിടയാക്കിയെന്നാണ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചിരുന്നു.
Read: മർദനത്തിന് ഇരയായ മൂന്ന് വയസുകാരന് മരിച്ചു; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
ബുധനാഴ്ച വൈകീട്ടാണ് ഗുരുതരമായി മർദനമേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തി. ഇതേ തുടർന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.