തിരുവനന്തപുരം:കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
കെട്ടിടത്തിലെ തീയണക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായി. ചാക്ക ഫയര്‍ ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്താണ്(32)മരിച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തിയിരുന്നു.
അട്ടിമറി സംശയിക്കുന്നില്ലെന്നാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി
തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി ജീവന്‍ ബാബു പ്രതികരിച്ചത്. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡര്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജീവന്‍ ബാബു. ഏകദേശം ഒരുകോടി രൂപയുടെ കെമിക്കല്‍സ് ആണ് സൂക്ഷിച്ചിരുന്നത്. മറ്റു മരുന്നുകളില്‍ നിന്നും മാറ്റിയാണ് അതു വെച്ചിരുന്നത്. വിശദമായ പരിശോധനകളും ഫോറന്‍സിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് ജീവന്‍ബാബു പറഞ്ഞു.
തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ്
അതേസമയം തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് തീപിടിത്തമെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് കൊല്ലത്തും ഇപ്പോള്‍ തിരുവനന്തപുരത്തും മരുന്നുസംഭരണ ശാലകളില്‍ തീപിടിത്തമുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചത്. അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഏതു ഗോഡൗണിലും ഫയര്‍ എന്‍ഒസി വേണമെന്നാണ് ചട്ടം. കൊല്ലത്ത് തീപിടിച്ച ഗോഡൗണില്‍ ഇത്തരം എന്‍ഒസി ഉണ്ടായിരുന്നില്ല. കൊല്ലത്ത് തീപിടിത്തമുണ്ടായ അതേ കാരണങ്ങളാല്‍ തിരുവനന്തപുരത്തും തീപിടിത്തമുണ്ടായി എന്നത് അവിശ്വസനീയമാണ്. ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കണം. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.