കോട്ടയം: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകേണ്ടിവരുമെന്നു ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) പിണറായി വിജയനെക്കൊണ്ടു കേരളത്തില്‍ നടപ്പാക്കിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗള്‍ഫില്‍ കച്ചവടം നടത്തുന്ന നിരപരാധികളായ ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അങ്ങനെ ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകേണ്ടിവരും. മുസ്ലിം ലീഗ് നേതാക്കള്‍ മതഭീകരവാദികളെ കയറൂരിവിടുകയാണ്.
എന്‍പിആര്‍ പിണറായി വിജയന് കേരളത്തില്‍ നടപ്പാക്കും. ഇല്ലെങ്കില്‍ പിണറായിക്കൊണ്ട് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിക്കും. അല്ലെങ്കില്‍ കേരളത്തിനു റേഷന്‍ കിട്ടില്ല. കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. പിണറായി വിജയനെയും രമേശ് ചെന്നിത്തലയെയും ഡിറ്റന്‍ഷന്‍ സെന്റുകളിലാക്കണം.
സംവിധായകന് കമല്‍, എഴുത്തുകാരി അരുദ്ധതി റോയി എന്നിവര്‍ക്കെതിരേയും ഗോപാലകൃഷ്ണന് ആക്ഷേപമുന്നയിച്ചു. സംവിധായകന് കമല്‍ വര്‍ഗീയ വാദിയാണെന്നു പറഞ്ഞ ഗോപാലകൃഷ്ണന് സിനിമാക്കാരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും അഭിപ്രായപ്പെട്ടു. സെന്‍സസ് എടുക്കാന്‍ വരുമ്പോള്‍ കളവുപറയാന്‍ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയമന്ഥരയെന്നു വിളിക്കണമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.