തിരുവനന്തപുരം: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളിലെ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടതായി സ്വാമി സന്ദീപാനന്ദ ഗിരി. ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തില്‍ ഇത് തെളിഞ്ഞിരുന്നെന്നും, ഇതിനെക്കുറിച്ചു ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തണമെന്നും സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടത്തിയ ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യ പ്രശ്നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യ പ്രശ്നത്തില്‍ തെളിഞ്ഞതായും സന്ദീപാനന്ദഗിരി ആരോപിച്ചു. അഷ്ടമംഗല്യ പ്രശ്നത്തിന്റെ രേഖകളും അദ്ദേഹം പത്രസമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു.

തിരുവാഭരണം വീണ്ടെടുക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ അദ്ദേഹം.

ആര്‍എസ്‌എസുമായി ഉള്ളത് ആശയപരമായ ഭിന്നതയാണ്. എന്നാൽ തന്റെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർ.എസ്.എസിനാണെന്ന് സന്ദീപാനന്ദഗിരി ആവർത്തിച്ചു. താന്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെയും എതിര്‍ത്തിട്ടില്ല.

മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ തന്റെ ആശ്രമം സന്ദർശിച്ച് പിന്തുണ ഉറപ്പുനൽകി. എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളാരും ആശ്രമം സന്ദർശിക്കാതിരുന്നതെന്നും സന്ദീപാനന്ദ ഗിരി ചോദിച്ചു.

വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. അക്രമം നടക്കുന്നതിന്റെ തലേദിവസം മോട്ടോറിന്റെ സ്വിച്ച് എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞതിന് ശകാരിച്ചിരുന്നു. പിന്നീട് അയാൾ തന്നെയാണ് ഇനി വരുന്നില്ല എന്നറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.