കണ്ണൂർ: ശബരിമല കയറാൻ മാലയിട്ട് വ്രതം നോക്കിയിരിക്കുന്ന  രേഷ്മ നിശാന്ത് ജോലി രാജിവെച്ചു. കോളജ് അദ്ധ്യാപികയായ രേഷ്മ ജീവന്  ഭീഷണിയുള്ളതിനാലാണ് ജോലി രാജിവെക്കുന്നതെന്ന് ഇന്ത്യൻ എക്സപ്രസ്സ് മലയാളത്തോട് പറഞ്ഞു.

“ജീവന് വലിയ രീതിയിലുള്ള സുരക്ഷ ഭീഷണിയുണ്ട്. പലരും ഞാൻ എവിടെയാണുള്ളതെന്ന് വിളിച്ച് അന്വേഷിക്കുന്നു. എന്നെ അത് ഭയപ്പെടുത്തുന്നില്ല, എന്നാൽ വീട്ടുകാരെ തളർത്തുന്നതിൽ അവർ വിജയിച്ചു എന്ന് കരുതണം. വീട്ടുകാരെ സംബന്ധിച്ചടുത്തോളം നമ്മുടെ സുരക്ഷയാണ് അവരുടെ പ്രാധാന്യം. അത്കൊണ്ട് തന്നെ വീട്ടുകാരെ ഓർത്താണ് രാജിവെച്ചത്,” രേഷ്മ വ്യക്തമാക്കി. കണ്ണൂരിൽ സെൽഫ് ഫിനാൻസിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസ്സിസ്റ്റന്റ് പ്രെഫസറാണ് രേഷ്മ.

തന്നെ എതിർക്കുന്നവരുടെ നിലപാട് മലകയറ്റാൻ അനുവദിക്കില്ല എന്നതാണെന്നും അവര് പിന്മാറണമെങ്കിൽ താൻ എടുത്ത തീരുമാനത്തിൽ നിന്ന് ആദ്യം പിന്മാറേണ്ട സാഹചര്യമുണ്ടെന്നും രേഷ്മ പറയുന്നു. എന്നാൽ താൻ എടുത്തത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്, സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ആ തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് സമൂഹത്തിന്റെ കൂടി പരാജയമാണ്. അത്കൊണ്ട് തന്നെ നിലപാടിൽ മാറ്റമില്ലെന്നും രേഷ്മ വ്യക്തമാക്കി. ജോലി പിന്നെയാണെങ്കിലും കണ്ടെത്താമെന്നും രേഷ്മ കൂട്ടിച്ചേർത്തു.

തന്റെ ഫോണിലേക്ക് നേരിട്ട് ഭീഷണികളൊന്നും വരുന്നില്ല എന്ന് പറഞ്ഞ രേഷ്മ. എന്നാൽ താൻ എവിടെയാണെന്നറിയാൻ നിരന്തരം തീവ്രഹിന്ദുത്വ വാദികൾ ശ്രമിക്കുന്നുണ്ടെന്ന് പറയുന്നു. സ്വദേശമായ ചെറുകുന്നിൽ നടക്കുന്ന നാമ ജപ റാലിയുൾപ്പടെയുള്ള പ്രതിഷേധം തനിക്കെതിരെയാണെന്ന് വ്യക്തമാക്കികൊണ്ടാണെന്നും രേഷ്മ കൂട്ടിച്ചേർത്തു.

ജോലി രാജിവെച്ചെങ്കിലും ശബരിമലയിൽ പോകുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് രേഷ്മ വ്യക്തമാക്കുന്നു. “ഞാൻ ജോലി രാജിവെച്ചുവെന്നത് വാസ്തവം തന്നെ പക്ഷെ എന്നെ ഭയപ്പെടുത്താൻ ആർക്കും സാധിച്ചിട്ടില്ല. തീരുമാനത്തിൽ നിന്ന് പിന്മാറാനും ഒരുക്കമല്ല. 41 ദിവസത്തെ വ്രതം പൂർത്തിയാക്കി ഞാൻ ശബരിമലയിൽ എത്തും,” രേഷ്മ പറയുന്നു.

ശബരിമലയിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് രേഷ്മ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. “പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടി വർഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്. പക്ഷേ,   സുപ്രിം കോടതി വിധി അനുകൂലമായ  സാഹചര്യത്തിൽ അയ്യപ്പനെ ദർശിക്കാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആർത്തവം ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായാണ് താൻ കാണുന്നത്. ഇക്കാരണത്താൽ പൂർണ ശുദ്ധിയോടു കൂടി വ്രതം പൂർത്തിയാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസം,” രേഷ്‌മ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എന്നാൽ ഇതിന് പിന്നാലെ രേഷ്മ നിശാന്തിന് നേരെ പലതരത്തിലും ഭീഷണിയും ഉയർന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ആക്രമണം ഉയർന്നിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ