ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് കാരണം ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് മാതാ അമൃതാനന്ദമായി. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരമാണെന്നും അമൃതാനന്ദമയി പറഞ്ഞു.ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്നും ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണെന്നും അവർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്ത സംഗമം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമൃതാനന്ദമയി.

ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ദേവതയും സർവവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. സർവവ്യാപിയായ ഈശ്വരന്‍റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാൽ ക്ഷേത്രത്തിന്‍റെ കാര്യത്തിൽ ആ വ്യത്യാസമുണ്ട്.

മാറ്റം ആവശ്യമാണെന്ന് പറഞ്ഞ മാതാ അമൃതാനന്ദമയി എന്നാൽ ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ലെന്നും അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാകുമെന്നും ഓർമ്മിപ്പിച്ചു. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേർത്തു.

മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുന്ന അനര്‍ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പരിപാടിയ്ക്ക് അദ്ധ്യക്ഷത വഹിച്ച കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതില്‍ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേർത്തു.

പുത്തരിക്കണ്ടം മൈതാനത്ത് നടന്ന അയ്യപ്പഭക്ത സംഗമത്തിൽ ആയിരകണക്കിന് ആളുകളും നിരവധി മതനേതാക്കളും പങ്കെടുത്തു. അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.