തൃശൂർ: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ (സച്ചിദാനന്ദന്‍) ആരോഗ്യനിലയിൽ പുരോഗതിയില്ല. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സച്ചി ഇപ്പോൾ. ആരോഗ്യനില മോശമായി തുടരുന്നതായും ചികിത്സകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
നട്ടെല്ലിന്റെ ശസ്‌ത്രക്രിയയെ തുടര്‍ന്നു നേരിട്ട ശാരീരികാസ്വാസ്ഥ്യങ്ങൾ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തതായി ആശുപത്രിയില്‍ നിന്നുള്ള ഇന്നലെത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
മറ്റൊരു ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെയാണ് സച്ചിയെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ സച്ചിയുടെ നില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ‘ചോക്ലേറ്റ്’ മുതല്‍ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുണ്ട്. ‘അയ്യപ്പനും കോശിയും ‘ എന്ന ചിത്രത്തിനു തൊട്ടു മുൻപ് പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി രചിച്ച ‘ഡ്രെെവിങ് ലെെസൻസ്’ എന്ന സിനിമയും സൂപ്പർഹിറ്റായിരുന്നു.