scorecardresearch
Latest News

മുട്ടത്തോടുകൊണ്ട് മുട്ടുവിറപ്പിച്ച ‘പട’നായകര്‍

അന്ന് സംഭവിച്ചത് എന്ത്? പടയുടെ റിയൽ ലൈഫ് ഹീറോസ് വെളിപ്പെടുത്തുന്നു

Pada movie, Ayyankali Pada, Kunchacko Boban

1996 ഒക്ടോബര്‍ നാല്. രാവിലെ പത്തരയോടെ നാല് ചെറുപ്പക്കാര്‍ അടങ്ങുന്ന സായുധസംഘം പാലക്കാട് കലക്ടര്‍ ഡബ്ല്യുആര്‍ റെഡ്ഡിയെ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയെന്ന വാര്‍ത്തയില്‍ കേരളം ഞെട്ടുന്നു. സംഘത്തിന്റെ കയ്യില്‍ തോക്കും ബോംബും ഡൈനാമിറ്റുകളുമുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം.

ക്ഷുഭിത യൗവനത്തിന്റെ പ്രതീകങ്ങളായ കല്ലറ ബാബു, അജയന്‍ മണ്ണൂര്‍, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി എന്നിവരായിരുന്നു കലക്ടറെ ബന്ദിയാക്കിയ ആ നാല് പേര്‍. നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്നായിരുന്നു ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഇവരുടെ ആവശ്യം. ചര്‍ച്ചയ്ക്കു മധ്യസ്ഥനെ വേണമെന്നും അന്നത്തെ ഏക സ്വകാര്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് സംഘം വന്നശേഷമേ ചര്‍ച്ചയ്ക്കു തയാറാകൂയെന്നുമുള്ള ആവശ്യങ്ങൾ അയ്യങ്കാളിപ്പട മുന്നോട്ടുവച്ചു. ഇതു രണ്ടും അംഗീകരിക്കപ്പെട്ടു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ വീരചന്ദ്ര മേനോനായിരുന്നു മധ്യസ്ഥന്‍.

വിഷയം ഗൗരവമായെടുക്കാമെന്നും പൊലീസ് കേസ് ഉണ്ടാകില്ലെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പ് സ്വീകരിച്ച അയ്യങ്കാളിപ്പട രാത്രി ഒന്‍പതോടെ കലക്ടറെ മോചിപ്പിക്കുകയായിരുന്നു. കലക്ടറുടെ മുറിയില്‍നിന്ന് പുറത്തെത്തിയ സംഘം എഴുതി തയാറാക്കിയ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ വായിച്ചു. കല്ലറ ബാബുവായിരുന്നു പ്രസ്താവന വായിച്ചത്.

അത് ഇങ്ങനെയായിരുന്നു: ”ഞങ്ങളുടെ ആവശ്യങ്ങള്‍ വളരെ ചെറുതാണ്. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തണം. മനുഷ്യാവകാശ ധാരണകള്‍ക്കെതിരായ ആദിവാസി ഭൂമിസംരക്ഷണ ഭേദഗതി റദ്ദാക്കണം. മര്‍ദിതരുടെ ഐക്യം തകര്‍ത്ത് നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ചെറുക്കും.”

കലക്ടറെ ബന്ദിയാക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതു കളിത്തോക്കും നൂലുണ്ട ബോംബും പിവിസി പൈപ്പുമാണെന്നും അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തര്‍ ഉൾപ്പെടെ, കലക്ടറേറ്റിലുണ്ടായിരുന്നവര്‍ക്കിടയില്‍ ചിരിപടര്‍ത്തി. ആദിവാസി ഭൂപ്രശ്‌നം ജനശ്രദ്ധയില്‍ എത്തിക്കുകയായിരുന്നു അയ്യങ്കാളിപ്പടയുടെ ലക്ഷ്യം. സംഭവം നടന്ന് 25 വര്‍ഷം കഴിഞ്ഞെങ്കിലും ആദിവാസികളുടെ പ്രശ്‌നം അതിനേക്കാള്‍ പരിതാപകരമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കലക്ടറെ ബന്ദിയാക്കിയ സംഭവം ‘പട’ എന്ന പേരില്‍ സിനിമയായി വരുന്നത്.

എങ്ങനെയായിരുന്നു ആ ‘ഓപ്പറേഷന്‍’?

സമൂഹത്തിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്ന വ്യക്തികളെന്ന നിലയിലാണ് തങ്ങള്‍ നാലുപേരും ആ സമരത്തിന്റെ ഭാഗമായതെന്നു കല്ലറ ബാബു പറഞ്ഞു. രണ്ടാഴ്ചയോളം പാലക്കാടും കലക്ടറേറ്റും അയ്യങ്കാളിപ്പട സംഘം നിരീക്ഷിച്ചിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകരെന്ന വ്യാജേനെയാണു അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ കലക്ടര്‍ ഡബ്ല്യുആര്‍ റെഡ്ഡിയുടെ മുറിയില്‍ പ്രവേശിച്ചത്. ഇതിനു മുന്‍പ് പലദിവസങ്ങളിലായി സംഘം കലക്ടറുടെ ഓഫീസിലെത്തി അദ്ദേഹത്തെ അന്വേഷിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരെന്നു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഇതല്ലൊം. ഈ ദിവസങ്ങളില്‍, ആദിവാസികള്‍ക്കു ഭൂമി അനുവദിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന കലക്ടര്‍ മിക്ക സമയങ്ങളിലും ഓഫിസിനു പുറത്തായിരുന്നു. ചിലപ്പോള്‍ ഓഫിസില്‍ വന്ന് അപ്പോള്‍ തന്നെ പുറത്തേക്കു പോകുകയും ചെയ്തിരുന്നു.

Read More: ഇന്നിന്റെ യാഥാർത്ഥ്യമാവുന്ന ഒരോർമ്മപ്പെടുത്തൽ; ‘പട’ സംവിധായകൻ കമൽ അഭിമുഖം

ഒക്‌ടോബര്‍ നാലിനു കലക്ടര്‍, ഓഫിസില്‍ എത്തിയതിനു പിന്നാലെ സംഘം അവസരമുപയോഗിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കാണാനെത്തിയിട്ടുണ്ടെന്നും മുന്‍പ് വന്നവരാണെന്നും ശിപായി കലക്ടറെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കലക്ടറുടെ മുറിയിലേക്കു പ്രവേശനമനുവദിക്കപ്പെട്ടു. പൊടുന്നനെ കലക്ടറെ ബന്ദിയാക്കിയ സംഘം അദ്ദേഹത്തെ കസേരയില്‍ കെട്ടിയിട്ടു. ഇതിനിടെ സംഘത്തിലൊരാള്‍ കയ്യില്‍ കരുതിയിരുന്ന പടക്കം പൊട്ടിച്ചതോടെ കലക്ടറും ഓഫിസ് ജീവനക്കാരും ഭയന്നു.

കലക്ടര്‍ തങ്ങളുടെ നിയന്ത്രണത്തിലേക്കു വന്നുവെന്നു കണ്ടതോടെ കെട്ടഴിച്ച സംഘം തങ്ങളുടെ ആവശ്യം അദ്ദേഹത്തോട് ഉന്നയിച്ചു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും മധ്യസ്ഥനെയും കോഴിക്കോട്ടെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും കലക്ടറുടെ ഓഫിസിലെ ലാന്‍ഡ് ഫോണില്‍നിന്ന് ബന്ധപ്പെട്ടത്. ഇതിനിടെ കലക്ടറോട് ഭാര്യയെ ഫോണില്‍ വിളിച്ച് ചര്‍ച്ചയ്ക്കുവേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ചീഫ് സെക്രട്ടറിയെ വിളിക്കാന്‍ നിര്‍ദേശിച്ചു.

കലക്ടര്‍ പരിഭ്രമം വിട്ടതോടെ സംഘം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ഒരുപക്ഷേ കൊല്ലപ്പെടാനോ അല്ലെങ്കില്‍ സമരം ദിവസങ്ങളോളം നീളാനോ ഉള്ള സാധ്യത മുന്നില്‍കണ്ടാണ് സംഘം എത്തിയിരുന്നത്. സമരം നീളുകയാണെങ്കില്‍ പിടിച്ചുനില്‍ക്കാനായി ഭക്ഷണവും വെള്ളവും വൈറ്റമിന്‍ സി ഗുളികളും ഇവര്‍ സഞ്ചിയില്‍ കരുതിയിരുന്നു. കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ബ്രഡ്, ബിസ്‌കറ്റ്, പഴങ്ങള്‍ എന്നിവയാണു ഭക്ഷണമായി കൊണ്ടുപോയത്. ഇവ കഴിച്ച സംഘം അത് കലക്ടര്‍ക്കും നല്‍കുകയായിരുന്നു. അദ്ദേഹം ആദ്യം സ്വീകരിക്കാന്‍ തയാറായിരുന്നില്ലെന്നും സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചതോടെ കഴിക്കുകയായിരുന്നുവെന്നും കാഞ്ഞങ്ങാട് രമേശന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

മധ്യസ്ഥനായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോനെയായിരുന്നു അയ്യങ്കാളിപ്പട ആദ്യം ഉദ്ദേശിച്ചിരുന്നത്. തിരുവനന്തപുരത്തായിരുന്നതിനാല്‍ അദ്ദേഹത്തിനു നിശ്ചിത സമയത്തിനുള്ളില്‍ പാലക്കാട് എത്താന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ സംഘം ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെ മധ്യസ്ഥനായി തേടി. അദ്ദേഹവും സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് അഡ്വ. വീരചന്ദ്രമേനോനിലേക്കു സംഘം എത്തുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ പാലക്കാെട്ടത്തിയ അദ്ദേഹം ജില്ലാ ജഡ്ജി രാജപ്പനാചാരിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി കലക്ടറുടെ ചേംബറില്‍ എത്തിയത്. രാത്രി എട്ടരയോടെയാണു സന്ധിസംഭാഷണം അവസാനിച്ചത്.

ആസൂത്രണം, ‘ആയുധ’നിര്‍മാണം

സംഘം പലവട്ടം ഒത്തുകൂടി ചര്‍ച്ച ചെയ്താണ് കലക്ടറെ ബന്ദിയാക്കുകയെന്ന തീരുമാനമെടുത്തത്. 1996 സെപ്റ്റംബര്‍ മുതലായിരുന്നു. സമരത്തിന്റെ ആസൂത്രണം സംഘം ആരംഭിച്ചതെന്നു കാഞ്ഞങ്ങാട് രമേശന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് തഹസില്‍ദാരെ ഘെരാവോ ചെയ്യാനായിരുന്നു പൊതുവെ ഉയര്‍ന്ന ആദ്യ നിര്‍ദേശം. സമരരൂപം മാറ്റണമെന്ന നിര്‍ദേശം താനാണു മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡെപ്യൂട്ടി കലക്ടറെ ബന്ദിയാക്കാനാണ് സംഘം ആദ്യം ലക്ഷ്യമിട്ടത്. അദ്ദേഹത്തിന്റെ ഓഫിസ് നഗരത്തില്‍നിന്ന് അല്‍പ്പം അകലെ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ ജനം സംശയദൃഷ്ടിയോടെ കണ്ട് എളുപ്പം കീഴടക്കപ്പെടാനുള്ള സാധ്യത കണക്കുകൂട്ടി ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്. നിരായുധരായ ചാവേറുകളായിരുന്നു തങ്ങളെന്നാണ് സംഘത്തെ അജയന്‍ മണ്ണൂര്‍ വിശേഷിപ്പിക്കുന്നത്.

ആദ്യം പങ്കെടുക്കാന്‍ തീരുമാനിച്ചവരില്‍ ഒരാള്‍ പിന്മാറിയത് ഉള്‍പ്പെടെ പലകാരണങ്ങളാല്‍ സമരം രണ്ടു മൂന്നു തവണ മാറ്റിവച്ചിരുന്നതായി രമേശന്‍ പറഞ്ഞു. ഒടുവില്‍ തീരുമാനിച്ച സംഘത്തിലെ നാലുപേര്‍ക്കും വ്യത്യസ്ത ചുമതലകള്‍ മുന്‍കൂട്ടി വീതിച്ചുനല്‍കിയിരുന്നു. കല്ലറ ബാബുവായിരുന്നു സംഘത്തിന്റെ പൊളിറ്റിക്കല്‍ കമ്മിസാര്‍. രമേശന്‍ സൈനിക കമാന്‍ഡറും. മാവോയുടെ ഗറില്ലാ സേനയുടെ പ്രവര്‍ത്തന രീതി തങ്ങളും യാന്ത്രികമായി പിന്തുടരുകയായിരുന്നും അതേക്കുറിച്ച് അന്നുതന്നെ തനിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും രമേശന്‍ പറഞ്ഞു.

സംഘാംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി മൂന്നു നാലു ദിവസം നീളുന്ന വ്യായാമ പരിശീലനം ലഭിച്ചിരുന്നു. തെക്കന്‍ കളരിമുറയില്‍ പ്രാവീണ്യമുള്ള ആലപ്പുഴ സ്വദേശിയായ സഖാവിന്റെ നേതൃത്വത്തിലായിരുന്നു ഇത്.

സായുധവല്‍ക്കരിക്കപ്പെട്ട ഭരണകൂടത്തെ ആയുധങ്ങളില്ലാതെ കീഴ്‌പ്പെടുത്തുകയെന്നതായിരുന്നു അയ്യങ്കാളിപ്പടയുടെ നിലപാട്. ഇതാണു വ്യാജ ആയുധങ്ങള്‍ എന്ന നിലപാടിലേക്ക് എത്താന്‍ കാരണം. രമേശനാണ് വ്യാജ ആയുധങ്ങള്‍ നിര്‍മിച്ചത്. ബോംബെ (മുംബൈ)യിലെയുള്ള സുഹൃത്ത് നാട്ടില്‍വന്നപ്പോള്‍ സമ്മാനിച്ച കളിത്തോക്കായിരുന്നു പ്രധാന ആയുധം. മറ്റൊന്ന് ‘ബോംബാ’ണ്. മുട്ടയില്‍ ചെറിയ ദ്വാരമിട്ട് വെള്ളയും മഞ്ഞയും ഒഴിവാക്കിയശേഷം മണല്‍ നിറച്ചു. തുടര്‍ന്ന്, വെള്ള നൂല്‍ മുട്ടത്തോടിനുമുകളില്‍ ഫെവിക്കോള്‍ ഉപയോഗിച്ചശേഷം ചുറ്റിയതോടെ അത് ബോംബായി മാറി. പിവിസി പൈപ്പുകള്‍ നിശ്ചിത വലുപ്പത്തില്‍ മുറിച്ചെടുത്ത് മണല്‍നിറച്ചാണ് ‘ഡൈനാമിറ്റ്’ എന്നു തോന്നുന്ന വസ്തു നിര്‍മിച്ചത്. പൈപ്പില്‍ ചുവന്ന നിറത്തിലുള്ള ടേപ്പ് ചുറ്റിയശേഷം കുറച്ചു വയറുകള്‍ ഘടിപ്പിച്ച് അത് ബാറ്ററി ബോക്‌സില്‍ വച്ചു. ഇതിനോട് ടൂവേ സ്വിച്ചും ഘടിപ്പിക്കുകയായിരുന്നുവെന്നു രമേശന്‍ പറഞ്ഞു.

”ആയുധത്തെ നമ്മള്‍ നിയന്ത്രിക്കുന്നു, നമ്മളെ ആയുധമല്ല എന്ന് തുറന്നുകാണിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം സമരത്തിന് വ്യാജ ആയുധങ്ങള്‍ ഉപയോഗിച്ചത്. ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും അത് പ്രയോഗിക്കാനുള്ള ഇച്ഛാശക്തിയുമായിരുന്നു സമരസംഘത്തിന്റെ പ്രധാന ആയുധം. ഭരണകൂടം കടലാസ് പുലിയാണെന്നു തുറന്നുകാണിക്കാനും ഞങ്ങള്‍ സമരത്തെ ഉപയോഗിച്ചു,” ശിവന്‍ കുട്ടി പറഞ്ഞു.

കലക്ടറുടെ മുറിയില്‍ കടന്നയുടന്‍ രമേശനാണു തോക്ക് അദ്ദേഹത്തിന്റെ തലയിലേക്കു ചൂണ്ടിയത്. ഇതോടെ കലക്ടറും കലക്ടറേറ്റിലെ ജീവനക്കാരാകെയും പരിഭ്രാന്തരായി. പിന്നാലെ കലക്ടറുടെ ചേംബറിലുള്ളവരെ മുഴുവന്‍ പുറത്താക്കി വാതില്‍ കൊട്ടിയടച്ചു. പുറത്ത് തോക്കുമായി പൊലീസ് ‘അറ്റാക്കി’നു തയാറായതോടെ അജയന്‍ മണ്ണൂര്‍ കയ്യില്‍ കരുതിരുന്ന പടക്കം ടോയ്‌ലറ്റില്‍ വച്ച് പൊടുന്നനെ പൊട്ടിച്ചു. സ്‌ഫോടനശബ്ദം കലക്ടറേറ്റിലാകെ പ്രകമ്പനം സൃഷ്ടിച്ചു. ഇതോടെ കലക്ടറുടെ ഓഫീസ് പൂര്‍ണമായും അയ്യങ്കാളിപ്പടയുടെ നിയന്ത്രണത്തിലാവുകയായിരുന്നു. ശിവന്‍കുട്ടിയാണു കലക്ടറെ കസേരയില്‍ ബന്ധിച്ചത്.

വ്യത്യസ്തമായ സമരമെന്ന തീരുമാനത്തിനു പിന്നില്‍

”ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആദിവാസി ഭൂനിയമം 1996ല്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ ദേദഗതി ചെയ്തതിനെതിരായിട്ടായിരുന്നു ആ സമരം. ഭരണവര്‍ഗങ്ങള്‍, ഉദ്യോഗസ്ഥ മേധാവികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരെല്ലാം ഈ കൂടിയാണ് ആദിവാസികളെ ഈ അവസ്ഥയില്‍ എത്തിച്ചത്. ആദിവാസികള്‍ക്കു ഭൂമിയുണ്ടെങ്കില്‍ അവര്‍ ജീവിച്ചുപോകും. ആദിവാസി ജനതയോട് ഞങ്ങള്‍ക്കു വല്ലാത്തൊരു ബന്ധമുണ്ട്. ഞങ്ങള്‍ കൊല്ലപ്പെട്ടേക്കാമായിരുന്നു. പക്ഷേ മരിക്കാന്‍ ഭയമുണ്ടെങ്കിലല്ലേ പ്രശ്‌നമുള്ളൂ. രാഷ്ട്രീയപരമായ തീരുമാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായിരുന്നു ആ സമരം,”കല്ലറ ബാബു പറഞ്ഞു.

”കേരളീയ സമൂഹത്തിലെ നിശ്ചലാവസ്ഥയെ ഭേദിക്കാന്‍ വേണ്ടിയുള്ളതായിരുന്നു ആ സമരം. എംഎല്‍ പ്രസ്ഥാനങ്ങള്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇനിയെന്തു ചെയ്യണമെന്ന രാഷ്ട്രീയ അന്വേഷണവും സാമൂഹ്യമാറ്റം ആവശ്യമുളള വിഭാഗങ്ങള്‍ ഏതാണെന്ന അന്വേഷണവും നടന്നു. അതിന്റെ ഭാഗമായി ആദിവാസി പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയമുന്നേറ്റമുണ്ടാക്കുകയെന്ന തീരുമാനത്തിലെത്തിയിരുന്നു. അതില്‍നിന്നാണ് ഈ സമരം രൂപപ്പെട്ടത്,” അജയന്‍ മണ്ണൂര്‍ പറഞ്ഞു.

മറ്റുപല സമരരീതികളും ആലോചിച്ചിരുന്നുവെന്നും അവയെല്ലാം കാലഹരണപ്പെട്ട രീതികളാണെന്നു ബോധ്യപ്പെട്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നും വിളയോടി ശിവന്‍ കുട്ടി പറഞ്ഞു.

”വിപ്ലവപ്രസ്ഥാനങ്ങളുടെ വേലിയിറക്കമുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു അന്ന്. വ്യവസ്ഥാപിത സമരങ്ങളാല്‍ മടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ മര്‍ദിതരുടെ ബലപ്രയോഗമെന്ന നിലയിലാണ് അയ്യങ്കാളിപ്പട രംഗത്തുവരുന്നത്. കവി കടമ്മനിട്ട രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഇടത്-വലത് അംഗങ്ങള്‍ ഒത്തുചേര്‍ന്നുകൊണ്ടാണ് അന്ന് ആദിവാസി ഭൂനിയമത്തെ നിയമസഭയിൽ അട്ടിമറിച്ചത്. ഗൗരിയമ്മ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്,” ശിവന്‍ കുട്ടി പറഞ്ഞു.

ജനങ്ങള്‍ക്കുവേണ്ടി ത്യാഗമനുഷ്ഠിക്കേണ്ടതുണ്ട്, മര്‍ദിതര്‍ക്കുവേണ്ടി സമരം നടത്തേണ്ടതുണ്ട് എന്ന രാഷ്ട്രീയനിലപാടാണ് അധികാരകേന്ദ്രത്തെ പിടിച്ചുകെട്ടുകയെന്ന സമരത്തിലേക്ക് എത്തിയത്. പൊതുജനശ്രദ്ധിയാകര്‍ഷിക്കുന്നതും എന്നാല്‍ ജീവഹാനി സംഭവിക്കാത്തതുമായ പരിമിതമായ ബലപ്രയോഗമെന്ന തീരുമാനമാണെടുത്തത്. കൊല്ലപ്പെടാനോ ക്രൂരമായ മര്‍ദനത്തിന് ഇരയാകാനോ ജയിലിലടയ്ക്കപ്പെടാനോ സാധ്യതയുണ്ടെന്നത് ഉള്‍ക്കൊണ്ടാണ് നാലുപേരും സമരത്തിനു തയാറെടുത്തത്.

ഇപ്പോള്‍ കിട്ടിയ ജീവിതത്തെ തികച്ചും ബോണസായിട്ടാണ് കാണുന്നത്. സമരം കഴിഞ്ഞ് ഒരിക്കലും തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് കോയമ്പത്തൂരിറങ്ങിയ കേന്ദ്രസേന പാലക്കാേട്ടക്കു കാര്‍ മാര്‍ഗം പുറപ്പെടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സന്ധിസംഭാഷണം നടന്നത്. കേന്ദ്രസേന വന്നിരുന്നെങ്കില്‍ സമരത്തിന്റെ രൂപവും ഭാവും വേറൊരു ചരിത്രമായി മാറിയേനെയെന്നും ശിവന്‍കുട്ടി പറഞ്ഞു.

കമ്യൂണിസത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്ന പ്രചാരണത്തിന്റെ സമ്മര്‍ദത്തിലും കേരള കമ്യൂണിസ്റ്റ് പാർട്ടി (കെസിപി)യുടെ സാന്നിധ്യം അറിയിക്കുകയെന്ന ലക്ഷ്യത്തിലുമാണ് ആദിവാസി ഭൂപ്രശ്‌നത്തിനുവേണ്ടി ഇത്തരമൊരു സമരരീതി തിരഞ്ഞെടുത്തതെന്നു രമേശന്‍ പറഞ്ഞു.

സമരത്തിനു പാലക്കാട് തിരഞ്ഞെടുക്കാനുള്ള കാരണം

ആദിവാസി ഭൂമി ഏറ്റവും കൂടുതല്‍ അന്യാധീനപ്പെട്ട ജില്ലയെന്ന കാരണത്താലാത്താണ് സമരത്തിനു പാലക്കാട് തിരഞ്ഞെടുത്തത്. സമരം എവിടെയായിരിക്കണമെന്നതു സംബന്ധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകള്‍ പരിശോധിച്ചിരുന്നുവെന്നു ശിവന്‍കുട്ടി പറഞ്ഞു. പാലക്കാട് കലക്ടര്‍ ഡബ്ല്യു ആര്‍ റെഡ്ഡി ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ വളരെ അനുകമ്പാപരമായ സമീപനമെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യം കൂടിയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് അല്ലെങ്കില്‍ വയനാട് എന്ന സാധ്യതകളാണു സമരത്തിനു പരിശോധിച്ചിരുന്നതെന്നു ബാബു കല്ലറ പറഞ്ഞു. എന്നാല്‍ സമരത്തിനു മറ്റു സ്ഥലങ്ങളുടെ സാധ്യത പരിശോധിച്ച കാര്യം തന്റെ അറിവിലില്ലെന്നു രമേശന്‍ പറഞ്ഞു.

”വയനാട്ടിലേക്കാളും ഇടുക്കിയിലേക്കാളും ദുരിതം അനുഭവിക്കുന്നവരായിരുന്നു പാലക്കാട് ജില്ലയിലെ ആദിവാസികള്‍. അതോടൊപ്പം അവര്‍ സമരസന്നദ്ധരുമായിരുന്നു. അങ്ങനെയൊരു സവിശേഷത കണക്കിലെടുത്തുകൊണ്ടാണ് പാലക്കാട് തിരഞ്ഞെടുത്തത്,” അജയന്‍ മണ്ണൂര്‍ പറഞ്ഞു.

കലക്ടറേറ്റില്‍നിന്നുള്ള ഫോണ്‍ ലഭിച്ച ഉടനെ ഏഷ്യാനെറ്റ് ലേഖകന്‍ കെ ജയചന്ദ്രന്‍ തന്നെയും കൂട്ടി കാറില്‍ പാലക്കാട്ടേക്കു തിരിക്കുകയായിരുന്നുവെന്ന് ക്യാമറാമാന്‍ കെപി രമേശ് ഓര്‍ക്കുന്നു. രണ്ടു മണിയോടെയാണ് ഏഷ്യാനെറ്റ് സംഘം കലക്ടറേറ്റിലെത്തുന്നത്. രമേശ് ഏഷ്യാനെറ്റില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ഈ സംഭവം.

മധ്യസ്ഥചര്‍ച്ചയ്ക്കുശേഷം കല്ലറ ബാബു എഴുതിത്തയാറാക്കിയ പ്രസ്താവന വായിച്ചതും ബോംബിന്റെയും ഡൈനാറ്റിമിറ്റിനെയും തോക്കിന്റെയും സത്യാവസ്ഥ വെളിപ്പെടുത്തിയതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ രമേശിന്റെ മനസിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞുള്ള ‘കണ്ണാടി’ എന്ന പ്രത്യേക പരിപാടിയിലാണ് ഏഷ്യാനെറ്റ് വിശദമായി പ്രക്ഷേപണം ചെയ്തത്. പാലക്കാട്ടുനിന്ന് ടേപ്പ് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ആസ്ഥാനത്ത് എത്തിച്ച് എഡിറ്റ് ചെയ്ത് അപ്‌ലിങ്കിങ്ങിനു കേരളത്തിനു പുറത്തേക്ക് അയയ്‌ക്കേണ്ടി വന്നതിനാലായിരുന്നു ഈ വൈകല്‍. ഏഷ്യാനെറ്റിന് അന്ന് കേരളത്തില്‍ അപ്‌ലിങ്കിങ് സൗകര്യമുണ്ടായിരുന്നില്ല.

അറസ്റ്റ്, ജയില്‍വാസം

സന്ധിസംഭാഷണത്തിലെ തീരുമാനമനുസരിച്ച് കലക്ടറെ മധ്യസ്ഥര്‍ക്ക് അയ്യങ്കാളിപ്പട കൈമാറുകയായിരുന്നു. സംഘത്തിനെതിരെ കേസെടുക്കില്ലെന്നായിരുന്നു മധ്യസ്ഥ ചര്‍ച്ചയിലെ തീരുമാനത്തിലൊന്ന്. മധ്യസ്ഥ ചർച്ചയ്ക്കുശേഷം പുറത്തുവന്ന സംഘം തങ്ങളുടെ കയ്യിലുള്ള ആയുധത്തിന്റെ പൊള്ളത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ അനാവരണം ചെയ്തു. തുടര്‍ന്ന് അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ വീരചന്ദ്രമേനോനോടൊപ്പം തൃശൂരിലേക്കു പോകുകയായിരുന്നു. അവിടെനിന്നു നാലുപേരും പിരിഞ്ഞു.

പിറ്റേദിവസമാണു കലക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. അയ്യങ്കാളിപ്പടയും കലക്ടറും ഒത്തുകളിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, മധ്യസ്ഥ ചര്‍ച്ചയിലെ തീരുമാനത്തിനു വിരുദ്ധമായി കലക്ടറില്‍നിന്നു നിര്‍ബന്ധപൂര്‍വം പരാതി എഴുതിവാങ്ങി കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നു ശിവന്‍ കുട്ടി ആരോപിച്ചു. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മറ്റു നാലുപേരെക്കൂടി കേസില്‍ പ്രതിചേര്‍ത്തിരുന്നു.

സംഭവത്തിനുശേഷം ഒളിവുപ്രവര്‍ത്തനം നടത്തുകയായിരുന്നു ആക്‌ഷനിൽ പങ്കെടുത്ത നാലുപേരും. കേസില്‍ ആദ്യം അറസ്റ്റിലായത് അജയന്‍ മണ്ണൂരായിരുന്നു. സംഭവം നടന്ന് ഏഴു മാസത്തിനുശേഷം മൂവാറ്റുപുഴയില്‍വച്ചായിരുന്നു അറസ്റ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ വിളയോടി ശിവന്‍ കുട്ടിയും കാഞ്ഞങ്ങാട് രമേശനും അറസ്റ്റിലായി. അട്ടപ്പാടിയില്‍ ദക്ഷിണേന്ത്യന്‍ ആദിവാസി സമ്മേളനം നടക്കുന്ന സ്ഥലത്തുനിന്നാണു ശിവന്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. അക്ബര്‍ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയായിരുന്നു രമേശന്‍ വയനാട്ടില്‍വച്ചാണ് അറസ്റ്റിലായത്. കല്ലറ ബാബു 14 വര്‍ഷത്തിനുശേഷം 2010ല്‍, കേസ് പരിഗണിച്ചിരുന്ന പാലക്കാട്ടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

കേസില്‍, കല്ലറ ബാബു ഒഴികെയുള്ള മൂന്നു പേരും ശിക്ഷിക്കപ്പെട്ടു. പതിമൂന്നര വര്‍ഷമാണു കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍, സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യവും കലക്ടറോടുള്ള നല്ല പെരുമാറ്റവും കണക്കിലെടുത്ത് കോടതി ശിക്ഷ മൂന്നര വര്‍ഷമായി ചുരുക്കി. ഇതിനെതിരെ മൂവരും സമര്‍പ്പിച്ച അപ്പീലില്‍ ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. ഇതും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഒന്നര വര്‍ഷം മുൻപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. പല കാലയളവിലായി 113 ദിവസം ഇവര്‍ ജയിലില്‍ റിമാൻഡിൽ കഴിഞ്ഞിരുന്നു.

ഡബ്ല്യു ആര്‍ റെഡ്ഡി കോടതിയില്‍ കല്ലറ ബാബുവിനെ തിരിച്ചറിയാതെ പോയതാണ് അദ്ദേഹം ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം. ആരാണ് ബാബുവെന്ന് ജഡ്ജി കലക്ടറോട് ചോദിച്ചപ്പോള്‍ തനിക്കൊപ്പം നിന്ന മറ്റൊരു പ്രതി ഗോപിയെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നു ബാബു പറഞ്ഞു. താന്‍ മുഷിഞ്ഞ വേഷത്തിലും ഗോപി ജീന്‍സ് ഉള്‍പ്പെടെയുള്ള നല്ല വേഷത്തിലായിരുന്നു. ഇതായിരിക്കാം കലക്ടര്‍ക്കു തെറ്റിപ്പോകാന്‍ കാരണമെന്നു ബാബു പറഞ്ഞു. ഉറപ്പാണോയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ കലക്ടര്‍ അതെയെന്നു പറഞ്ഞു. അതോടെ ജഡ്ജി ചിരിക്കുകയും ഗോപിയോട് പേര് ചോദിക്കുകയും ചെയ്തു. അദ്ദേഹം ഗോപിയെന്നു പറഞ്ഞതോടെ തനിക്ക് ഓര്‍മയില്ലെന്നു കലക്ടര്‍ പറഞ്ഞതായും ബാബു ഓര്‍ത്തെടുക്കുന്നു.

ആരാണ് അയ്യങ്കാളിപ്പട?

കെ വേണു സിആര്‍സി-സിപിഐഎംഎല്‍ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രൂപീകരിച്ച കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി)യുടെ യുവജനവിഭാഗമായിരുന്നു അയ്യങ്കാളിപ്പട. പിന്നീട് സിപിഐ മാവോയിസ്റ്റിന്റെ സൈദ്ധാന്തികനായി മാറിയ കെ മുരളിയും മുണ്ടൂര്‍ രാവുണ്ണിയും ഉള്‍പ്പെടുന്നതായിരുന്നു കെസിപിയുടെ നേതൃത്വം. കെസിപി പിന്നീട് സിപിഐ-എംഎല്‍ നക്‌സല്‍ ബാരിയില്‍ ലയിച്ചു. തുടര്‍ന്ന് ഈ പാര്‍ട്ടി, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും (എംസിസി) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച സിപിഐ മാവോയിസ്റ്റ് എന്ന പാര്‍ട്ടിയില്‍ ലയിച്ചു. സംഘടനാപരമായ പ്രശ്‌നങ്ങളാല്‍ അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തനം പിന്നീട് മരവിപ്പിക്കുകയായിരുന്നു.

ഇന്നായിരുന്നെങ്കില്‍ ആ സമരം?

”അധികാരകേന്ദ്രത്തെ പിടിച്ചുകെട്ടിക്കൊണ്ടുള്ള കേരളത്തിലെ ആദ്യ സമരമായിരുന്നു പാലക്കാട്ടേത്. അതുകൊണ്ടുതന്നെ ഭരണകൂടം അന്തിച്ചുപോയി. അതുകൊണ്ടായിരിക്കാം മറ്റൊരു തരത്തിലുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്നത്. ഇന്നായിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ,”ശിവന്‍കുട്ടി പറഞ്ഞു.

സമരത്തിനു തിരഞ്ഞെടുത്ത സമയം പ്രത്യേകതയുള്ളതായിരുന്നുവെന്നു രമേശന്‍ പറഞ്ഞു. നിയസഭാ അംഗമല്ലാതിരിക്കെയാണ് ഇകെ നായനാര്‍ അന്ന് മുഖ്യമന്ത്രിയായത്. അദ്ദേഹം തലശേരി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആ സമയത്ത് പെട്ടെന്നൊരു പൊലീസ് ഇടപെടലിനു സാധ്യത കുറവായിരിക്കുമെന്നു തങ്ങള്‍ കണക്കുകൂട്ടി. ഇന്നായിരുന്നു സമരമെങ്കില്‍ നാലുപേരും ജീവനോടെയുണ്ടാകുമായിരുന്നില്ലെന്നു രമശേന്‍ അഭിപ്രായപ്പെടുന്നു.

റവലൂഷണി ഡമോക്രാറ്റിക് ഫ്രണ്ട് (ആര്‍ഡിഎഫ്) സംസ്ഥാന സെക്രട്ടറിയായ അജയന്‍ മണ്ണൂര്‍ മാത്രമാണ് ഇപ്പോള്‍ വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവം. കല്ലറ ബാബു സംഘടന വിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ സജീവമായ വിളയോടി ശിവന്‍കുട്ടി നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ) കേരള ചാപ്റ്റർ പ്രസിഡന്റാണ്. നാലുപേരും അന്നത്തെ സമരത്തിന്റെ ഊര്‍ജം ഇന്നും കെടാതെ സൂക്ഷിക്കുന്നു.

”ഇന്നും അതേനിലപാടാണ്. സ്വമേധയാ തയാറായിട്ടാണ് ആ സമരത്തിന്റെ ഭാഗമായത്. സമരത്തെക്കുറിച്ച് ഓര്‍ക്കുന്തോറും കൂടുതല്‍ ആവേശഭരിതനും ആഹ്ളാദഭരിതനുമാണ്. ഒരു പശ്ചാത്താപവുമില്ല,” ശിവന്‍കുട്ടി പറഞ്ഞു.

ഇന്നും അത്തരമൊരു സമരത്തിന്റെ ഭാഗമാകാന്‍ തയാറാണെന്നു വിപ്ലവപ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ കെടാത മനസിൽ സൂക്ഷിക്കുന്ന കാഞ്ഞങ്ങാട് രമേശന്‍ പറഞ്ഞു. നയിക്കുന്ന രാഷ്ട്രീയമാണ് സന്നദ്ധതയെന്നും അന്നായാലും ഇന്നായാലും ആവശ്യം വന്നാല്‍ അത്തരമൊരു സമരം ചെയ്തിരിക്കുമെന്നും അജയന്‍ മണ്ണൂർ പറഞ്ഞു.

അത്തരമൊരു സമരത്തിന്റെ ആവശ്യകത വന്നാല്‍ ഇനിയും താന്‍ അതിന്റെ ഭാഗമാകുമെന്നു കല്ലറ ബാബു പറഞ്ഞു. ”ഞങ്ങള്‍ക്ക് അങ്ങനെയനെ പറ്റുകയുള്ളൂ. സാമൂഹ്യനീതി, സമത്വം, സ്വാതന്ത്ര്യം എന്നിവയാണു നമ്മുടെ മുന്നിലെ വിഷയം. അത് കിട്ടിയേ പറ്റുകയുള്ളൂ. അതിനുവേണ്ടി ഞങ്ങള്‍ പേരാടും. അല്ലെങ്കില്‍ പുതിയ തലമുറ ഏറ്റെടുക്കും,” ബാബു പറഞ്ഞു.

സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ

‘പട’ സിനിമയില്‍ പ്രതീക്ഷയുണ്ടെന്നാണു യഥാര്‍ഥ സമരനായകര്‍ പറയുന്നത്. സമരത്തോടും ആദിവാസി ഭൂപ്രശ്‌നത്തോടും സംവിധായകന്‍ നീതിപുലര്‍ത്തിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നു കല്ലറ ബാബുവും കാഞ്ഞങ്ങാട് രമേശനും വിളയോടി ശിവന്‍ കുട്ടിയും ഒരേ സ്വരത്തില്‍ പറയുന്നു.

”ആദിവാസി ഭൂപ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അന്നത്തെ സമര കാഴ്ചപ്പാട് ആ രീതിയില്‍ തന്നെ കേരളീയ സമൂഹത്തിലും സിനിമയിലും ആ രീതിയില്‍ തന്നെ അവതരിപ്പിക്കപ്പെടണമെന്നാണ് ആഗ്രഹിച്ചത്. അതിനോട് നീതിപുലര്‍ത്തണമെന്നാണ് സംവിധായകന്‍ കെഎം കമലിനോട് പറഞ്ഞത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരാളായാണു തോന്നുന്നത്,” ശിവന്‍ കുട്ടി പറഞ്ഞു.

സിനിമ വരുന്നതോടെ ആദിവാസി പ്രശ്‌നം സംബന്ധിച്ച ചര്‍ച്ച ഉയരാന്‍ സാധ്യതയുണ്ടെങ്കിലും ചിത്രം പറയുന്ന രാഷ്ട്രീയമെന്താണെന്നു കണ്ടുകഴിഞ്ഞാല്‍ മാത്രമേ പറയാനാവൂയെന്നു അജയന്‍ മണ്ണൂര്‍ പറഞ്ഞു. സിനിമയെന്ന മാധ്യമത്തിലൂടെ കുറേ ആളുകളിലേക്കു വിവരങ്ങളെത്തുമെങ്കിലും സാമൂഹ്യമാറ്റത്തിനു കാരണമാകുമെന്നു കരുതുന്നില്ല. രണ്ടിടങ്ങഴിയും നീലക്കുയിലും സിനിമയായ കേരളീയ സമൂഹമാണിത്. എന്നിട്ടും ജാതി അങ്ങനെ നിലനില്‍ക്കുകയല്ലേ? പടയുടെ സമരത്തിനുശേഷം ഇപ്പോള്‍ ആദിവാസി ഭൂപ്രശ്‌നം ചര്‍ച്ചചെയ്യപ്പെട്ടുവരുന്നുവെന്നതു ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയൊരുക്കുന്നതിന്റെ ഭാഗമായി നാലുപേരെയും നാലു വര്‍ഷത്തിനിടെ പലതവണ സംവിധായകന്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടിയിരുന്നു. ഏറ്റവും അവസാനമാണു കമല്‍ തന്റെ അടുത്തുവന്നതെന്നു കല്ലറ ബാബു പറഞ്ഞു. ചരിത്രപരമായ സമരത്തെക്കുറിച്ച് സിനിമയെടുക്കാന്‍ വന്നുവെന്ന നിലയില്‍ കമലിന് ആര്‍ജവത്വമുണ്ടെന്നും ഇതൊരു പ്രതിബദ്ധതയാണെന്നും ബാബു പറഞ്ഞു. നാലുപേരെയും സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു സംവിധായകന്‍ കൊച്ചിയിലേക്കു ക്ഷണിച്ചിട്ടുണ്ട്.

പട സിനിമയാവുമ്പോള്‍

‘ഐഡി’ എന്ന ശ്രദ്ധേയ ചിത്രത്തിന്റെ സംവിധായകന്‍ കെഎം കമലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘പട’. കമല്‍ തന്നെയാണു ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂപ്രശ്‌നവും ജീവിതവുമാണ് സിനിമ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നാണ് ഇതുവരെയുള്ള വിവരം. 11നു റിലീസ് ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനായകന്‍, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ayyankali pada activists recall hostage incident that inspired pada movie