തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ, കോൺഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജൻഡയിൽ കോൺഗ്രസ് തൂങ്ങുന്നതും രാമക്ഷേത്ര നിർമാണത്തിൽ പങ്കുപറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.

പ്രിയങ്കയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വനയത്തിൽ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയിൽ ഒതുക്കുകവഴി കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Read More: ഇപ്പോൾ ചിന്തിക്കേണ്ടത് ജനങ്ങളുടെ കാര്യമാണ്; രാമക്ഷേത്ര വിഷയത്തിൽ പിണറായി

“പകൽപോലെ വ്യക്തമാകുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയോട് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിലെ കക്ഷികൾ എങ്ങനെ പ്രതികരിക്കുമെന്ന് ജനാധിപത്യ വിശ്വാസികൾ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. പള്ളി പൊളിച്ചപ്പോൾ നരസിംഹറാവുഭരണം കൈയുംകെട്ടി നിന്നതിനെത്തുടർന്ന് മന്ത്രിസഭയിൽനിന്ന്‌ വിട്ടുനിൽക്കാൻ അന്ന് മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. ആ തീരുമാനം അട്ടിമറിച്ചതിനെത്തുടർന്ന് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ് ആ പാർടി വിട്ട് പുതിയ പാർടി രൂപീകരിക്കുന്നതുവരെ കാര്യങ്ങൾ എത്തി.”

“മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആർഎസ്എസിന്റെയും മോദി സർക്കാരിന്റെയും അധാർമികതയ്ക്ക് കൂട്ടുനിൽക്കുന്നതിലൂടെ കോൺഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ യുഡിഎഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം ചേർന്ന് കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണ്,” കോടിയേരി പറഞ്ഞു.

Read More: ഹിന്ദുവാണ്, യോഗിയാണ്; മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിന് പോകില്ലെന്ന് ആദിത്യനാഥ്

ആർഎസ്എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോൺഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുകയാണെന്ന് കോടിയേരി വിമർശിച്ചു. കോൺഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാൻ യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ പ്രസിഡന്റ് കെ മുരളീധരനുമെല്ലാം രാമക്ഷേത്ര നിർമാണത്തിന് കൈയടിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെയും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. “വർഗീയതയെ വർഗീയതകൊണ്ട് നേരിടുക എന്ന ഇന്നത്തെ കോൺഗ്രസ് നയമല്ല, വർഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയെന്നതായിരുന്നു രാജീവ്ഗാന്ധിയുടെ മുത്തച്ഛനായ ജവാഹർലാൽ നെഹ്റുവിന്റെ നയമെന്ന് പ്രിയങ്കയും രാഹുലും ഇന്നത്തെ കോൺഗ്രസും മറന്നുപോകുന്നു.”

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

“പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കോൺഗ്രസ് എന്നും മൃദുഹിന്ദുത്വ സമീപനമാണ് കാണിച്ചിട്ടുള്ളത്. എല്ലാക്കാലത്തും അത് തന്നെയാണ് അവർ ചെയ്‌തിട്ടുള്ളത്. കോൺഗ്രസിനു മതനിരപേക്ഷയുടെ കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കിൽ രാജ്യത്ത് ഈ ഗതി വരില്ലായിരുന്നു,” എന്നായിരുന്നു പിണറായിയുടെ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.