scorecardresearch
Latest News

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന്; അയ്മനത്തില്‍ മനംനിറഞ്ഞ് ലോകം

വേമ്പനാട് കായലിന്റെയും മീനച്ചലാറിന്റെയും അതിര്‍ത്തിഗ്രാമമായ അയ്മനം എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതും ഡിജിറ്റല്‍ ലോകത്തില്‍നിന്നു വേര്‍പെട്ട് പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നാണ് കോണ്ടേ നാസ്റ്റിന്റെ പരാമര്‍ശം പരാമര്‍ശം

Aymanam, Aymanam Conde Nast, Aymanam tourism
ഫൊട്ടോ: അയ്മനം ജോൺ

തിരുവനന്തപുരം: അരുന്ധതി റോയ്ക്ക് 1997 ല്‍ ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി’ന്റെ പശ്ചാത്തലമെന്ന നിലയില്‍ ലോകപ്രശസ്തമാണ് അയ്മനം. ഇപ്പോള്‍ മറ്റൊരു അസൂയവാഹമായ നേട്ടം ഈ കൊച്ചുഗ്രാമത്തെ തേടിയെത്തിയിരിക്കുകയാണ്. കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഈ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം.

വേമ്പനാട് കായലിന്റെയും മീനച്ചലാറിന്റെയും അതിര്‍ത്തിഗ്രാമമായ അയ്മനം എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതും ഡിജിറ്റല്‍ ലോകത്തില്‍നിന്നു വേര്‍പെട്ട് പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നാണ് കോണ്ടേ നാസ്റ്റിന്റെ പരാമര്‍ശം.

കോട്ടയത്തെ കായലോരഗ്രാമമായ അയ്മനത്തിനു നവംബറില്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്‌കാരം ലഭിച്ചിരുന്നു. പ്ലാസ്റ്റിക് വിമുക്ത, ശുചിത്വ ഗ്രാമമായ അയ്മനം പ്രാദേശിക ജനസമൂഹത്തിന് തൊഴില്‍ ലഭ്യമാക്കുന്നതിനു പുറമേ പൈതൃക സമ്പന്നവും യാത്രകള്‍ക്ക് അനുയോജ്യവുമായ ഇടമാണെന്ന പരിഗണനയിലായിരുന്നു പുരസ്‌കാരം.

പക്ഷിനിരീക്ഷണം, നെല്‍വയലുകളിലൂടെയുള്ള നടത്തം, ബോട്ട് സവാരി, ആരാധനാലയ സന്ദര്‍ശനം, കളരിപ്പയറ്റ്-കഥകളി ആസ്വാദനം എന്നിവയ്ക്കു പുറമേ തനത് ഭക്ഷ്യവിഭവങ്ങള്‍ നുകരുന്നതിനുമാണ് അയ്മനം സഞ്ചാരികളെ വരവേല്‍ക്കുന്നത്.

ചെറിയ ഗ്രാമമായ അയ്മനം പ്രകൃതി സുന്ദരവും സാംസ്‌കാരിക സമ്പന്നവുമാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്തകാലം വരെയും അധികം പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്രദേശമായിരുന്നു. അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചതിലൂടെ ആഗോള ടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. കോണ്ടേ നാസ്റ്റിന്റെ അംഗീകാരവും ഇതിന് തെളിവാണ്. സംസ്ഥാനത്തുടനീളം ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കു പ്രചോദനം നല്‍കുന്ന സുപ്രധാന അംഗീകാരമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Read More: അയ്മനം ജോണിന്റെ രചനകൾ ഇവിടെ വായിക്കാം

ഭീംതാല്‍ (ഉത്തരാഖണ്ഡ്), കൊല്‍ക്കത്ത, സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര), സിക്കിം, ഒഡിഷ, ഗോവ, മേഘാലയ, രാജസ്ഥാന്‍, സിക്കിം, ശ്രീലങ്ക, ഭൂട്ടാന്‍, ഖത്തര്‍, ജപ്പാന്‍, യുഎഇ, ഈജിപ്റ്റ്, ഒക്ലഹോമ (അമേരിക്ക), ലണ്ടന്‍ (ഇംഗ്ലണ്ട്), സുംബ (ഇന്തോനേഷ്യ), ഇസ്താംബുള്‍ (തുര്‍ക്കി), സിസിലി (ഇറ്റലി), സിയോള്‍ (ദക്ഷിണകൊറിയ), സെര്‍ബിയ, ഉസ്‌ബെക്കിസ്ഥാന്‍, സിംഗപ്പൂര്‍ തുടങ്ങിയവയാണ് കോണ്ടേ നാസ്റ്റിന്റെ പട്ടികയിലുള്ള മറ്റു സ്ഥലങ്ങള്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Aymanam village features in conde nasts 30 best places to visit in 2022