scorecardresearch
Latest News

ലൈംഗിക ചൂഷണം: ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

ഭരണഘടനയുടെ അനുഛേദം 226 പ്രകാരമുള്ള ഹൈക്കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണു കോടതി ഉത്തരവ്

ലൈംഗിക ചൂഷണം: ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ലൈംഗിക ചൂഷണം തടയുന്നതിനുള്ള ബോധവല്‍ക്കരണ പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠ്യപദ്ധതി നിലവില്‍ വരണമെന്നും കോടതി നിര്‍ദേശിച്ചു.

പാഠഭാഗങ്ങള്‍ തയാറാക്കാന്‍ രണ്ടു മാസത്തിനുള്ളില്‍ വിദഗ്ധരെ ഇപ്പെടുത്തി കേരള സ്‌കൂള്‍ ബോര്‍ഡും സി ബി എസ് ഇയും സമിതി രൂപീകരിക്കണം. ആറു മാസത്തിനകം സമിതികള്‍ റിപ്പോര്‍ട്ട് നല്‍കണം.

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന്റെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസിന്റെ ഉത്തരവ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതികളായും ഇരകളായും നിരവധി പോക്സോ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലൈംഗിക ചൂഷണത്തിനെതിരെ ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ജൂലൈ എട്ടിന് ഉൾപ്പെടെ പലതവണ കോടതി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണു കോടതി ഉത്തരവ്. ഭരണഘടനയുടെ അനുഛേദം 226 പ്രകാരമുള്ള ഹൈക്കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണു പഠ്യപദ്ധതി തയാറാക്കാന്‍ കോടതി ഉത്തരവിട്ടത്.

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ജൂലൈ 22നും കോടതി നിർദേശിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു.

ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ക്കു ബോധവല്‍ക്കരണം നല്‍കണം. നീലച്ചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നുണ്ടെന്നു കോടതി പറഞ്ഞു.

ഗര്‍ഭിണികളാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു കോടതി സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞത്. ഇത്തരം കേസുകളിൽ പലതിലും അടു ബന്ധുക്കളാണു പ്രതികളാവുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പതിമൂന്നുകാരിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിലായിരുന്നു ഈ പരാമർശം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Awareness against sexual exploitation in school curriculum kerala high court