ന്യൂയോർക്ക്: മഴക്കെടുതിയിൽ വലയുന്ന കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി പോകരുതെന്ന് പൗരന്മാർക്ക് യുഎസ് മുന്നറിയിപ്പ്. മലയിടിച്ചിലും വെളളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്നാണ് യുഎസ് നൽകിയിരിക്കുന്ന നിർദ്ദേശം.

മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. പല ജില്ലകളിലും മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് അതീവഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാരതപ്പുഴ, പെരിയാർ ഉൾപ്പെടെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഭാരതപ്പുഴ കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ പുറത്തൂർ, തിരുനാവായ, നരിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ഭാരതപുഴയോരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ 24 അണക്കെട്ടുകളാണ് തുറന്നത്. പാലക്കാട് ജില്ലയില്‍ അഞ്ചും ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നാലു വീതം അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, മലമ്പുഴ എന്നിവയ്ക്കുപുറമേ കക്കയം, പെരുവണ്ണാമൂഴി, വയനാട് ബാണാസുരസാഗര്‍, നെയ്യാര്‍, തെന്മല, ശിരുവാണി തുടങ്ങിയ ഡാമുകളാണ് തുറന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടുമീറ്റര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.