കോയമ്പത്തൂർ:അവിനാശിയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ കണ്ടെയ്നർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെയാണ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് തമിഴ്നാട് പൊലീസ് കേസെടുത്തത്. ഹേമരാജൻ നേരത്തേ തന്നെ കീഴടങ്ങിയിരുന്നു. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജൻ മൊഴി നല്കി
അശ്രദ്ധമായി വാഹനമോടിച്ചതിനെതിരെയാണ് കേസെടുത്തത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഹേമരാജനെ ഈറോഡ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ലോറിയുടെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത് എന്നായിരുന്നു ഡ്രൈവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മോട്ടോർ വാഹനവകുപ്പ് ഈ വാദം തള്ളി. സംഭവത്തിൽ തമിഴ് നാട് പൊലീസ് അന്വേഷണം തുടരും.
Read More: കെഎസ്ആർടിസി അപകടം: മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു; 10 ലക്ഷം വീതം ധനസഹായം
ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും. കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടെ ലോറി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അവിനാശി വാഹനാപകടത്തിൽ കേരള സർക്കാരും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും തിരുപ്പൂരിലുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുവേണ്ടിയാണ് മന്ത്രിമാർ തിരുപ്പൂരിലെത്തിയത്. കൊല്ലപ്പെട്ട മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. മരിച്ചവരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 18 പേരും മലയാളികളാണ്. ഇവരിൽ അഞ്ച് സ്ത്രീകളും 14 പുരുഷന്മാരുമാണ്. അപകടത്തിൽ 25 പേർക്കാണു പരുക്കേറ്റത്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്.
ബസ് ഡ്രൈവർ ടിഡി ഗിരീഷ് (43, പെരുമ്പാവൂർ, എറണാകുളം), കണ്ടക്ടർ ബൈജു (47, പിറവം, എറണാകുളം), ഇഗ്നി റാഫേല്‍ (39, ഒല്ലൂര്‍,തൃശൂര്‍), ഹനീഷ് ( 25, തൃശൂര്‍), നസീഫ് മുഹമ്മദ് അലി ( 24, തൃശൂര്‍), ശിവകുമാര്‍ ( 35, ഒറ്റപ്പാലം), റോസിലി ( 61, പാലക്കാട്), രാഗേഷ്. കെ (35, പാലക്കാട്), ജിസ്മോന് ഷാജു ( 24, തുറവൂര്‍), ഐശ്വര്യ (28, എറണാകുളം), കിരണ്‍ കുമാര്‍ (33, തുംകൂർ, കർണാടക), കെവി അനു (തൃശൂര്‍), ജോഫി പോൾ (തൃശൂര്‍), മാനസി മണികണ്ഠൻ (25, ബെംഗളുരു), ടിജി ഗോപിക (24, തൃപ്പൂണിത്തുറ, എറണാകുളം) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.