തിരുവനന്തപുരം: ഫെബ്രുവരി 20ന് തമിഴ്നാട്ടിലെ അവിനാശിയിൽ കണ്ടെയ്നർ ലോറി കെഎസ്ആർടിയിൽ ഇടിച്ച് 20പേർ മരിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ട്രക്ക് ഡ്രൈവർക്ക് മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ടയർ പൊട്ടിയാണ് അപകടമുണ്ടായത് എന്ന് വരുത്തി തീർക്കാൻ ഡ്രൈവർ ശ്രമിച്ചുവെന്നും എന്നാൽ അപകട കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു. ഫെബ്രുവരി 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കും. അപകടമുണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ പരിഗണനയിലുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. ലോറിയിൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.
Read More: അവിനാശി വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു
പാലക്കാട് സ്വദേശിയായ കണ്ടെയ്നർ ഡ്രൈവർ ഹേമരാജനെതിരെ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിന്റെ പേരിലുമാണ് കേസെടുത്തത്. ഹേമരാജന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടമായെന്നും ഡിവൈഡറിൽ ഇടിച്ചതിന് ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും ഹേമരാജൻ പൊലീസിന് മൊഴി നൽകിയിരുന്നു.
ലോറിയുടെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു ഡ്രൈവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മോട്ടോർ വാഹനവകുപ്പ് ഈ വാദം തള്ളി. സംഭവത്തിൽ തമിഴ് നാട് പൊലീസ് അന്വേഷണം തുടരും. കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടെ ലോറി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തിൽ 19 പേരാണ് മരിച്ചത്. മരിച്ചവരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 18 പേരും മലയാളികളാണ്. ഇവരിൽ അഞ്ച് സ്ത്രീകളും 14 പുരുഷന്മാരുമാണ്. അപകടത്തിൽ 25 പേർക്കാണു പരുക്കേറ്റത്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്.