തിരുവനന്തപുരം: അവിനാശിയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ കണ്ടെയ്നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഹേമരാജിനെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമരാജ് നേരത്തേ തന്നെ കീഴടങ്ങിയിരുന്നു.
ഡ്രെെവർ ഉറങ്ങിപ്പോയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ വലതുവശത്ത് ഇരുന്നിരുന്ന യാത്രക്കാരാണ് മരിച്ചവരിൽ കൂടുതലും. പിൻസീറ്റിലുണ്ടായിരുന്നവർ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എടപ്പാടി പറഞ്ഞു. അപകടത്തിൽപ്പെട്ട മലയാളികളുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തെ പറ്റി കെഎസ്‌ആർടിസിയും അന്വേഷണം നടത്തും.
അവിനാശി വാഹനാപകടത്തിൽ കേരള സർക്കാരും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും തിരുപ്പൂരിലുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുവേണ്ടിയാണ് മന്ത്രിമാർ തിരുപ്പൂരിലെത്തിയത്. കൊല്ലപ്പെട്ട മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. മരിച്ചവരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 18 പേരും മലയാളികളാണ്. ഇവരിൽ അഞ്ച് സ്ത്രീകളും 14 പുരുഷന്മാരുമാണ്. അപകടത്തിൽ 25 പേർക്കാണു പരുക്കേറ്റത്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്.
Read Also: ഷൂട്ടിങ് സെറ്റിലെ അപകടം: ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് കമൽഹാസൻ
ബസ് ഡ്രൈവർ ടിഡി ഗിരീഷ് (43, പെരുമ്പാവൂർ, എറണാകുളം), കണ്ടക്ടർ ബൈജു (47, പിറവം, എറണാകുളം), ഇഗ്‌നി റാഫേല്‍ (39, ഒല്ലൂര്‍,തൃശൂര്‍), ഹനീഷ് ( 25, തൃശൂര്‍), നസീഫ് മുഹമ്മദ് അലി ( 24, തൃശൂര്‍), ശിവകുമാര്‍ ( 35, ഒറ്റപ്പാലം), റോസിലി ( 61, പാലക്കാട്), രാഗേഷ്. കെ (35, പാലക്കാട്), ജിസ്‌മോന്‍ ഷാജു ( 24, തുറവൂര്‍), ഐശ്വര്യ (28, എറണാകുളം), കിരണ്‍ കുമാര്‍ (33, തുംകൂർ, കർണാടക), കെവി അനു (തൃശൂര്‍), ജോഫി പോൾ (തൃശൂര്‍), മാനസി മണികണ്ഠൻ (25, ബെംഗളുരു), ടിജി ഗോപിക (24, തൃപ്പൂണിത്തുറ, എറണാകുളം) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.