കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ കാനോനിക സമിതികളുടെ നിർദ്ദേശത്തെ മറികടന്നാണ് ഭൂമി ഇടപാടുകൾ നടന്നതെന്ന് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്രെ സർക്കുലർ. സാമ്പത്തിക പ്രശ്നങ്ങൾ തീർന്നാലും ധാർമ്മിക പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും സഹായമെത്രാൻ ഇതിൽ വ്യക്തമാക്കുന്നു.

പള്ളികളിൽ വായിക്കേണ്ട ആവശ്യമില്ലെന്നും വൈദികരുടെ അറിവേലയ്ക്കായി നൽകുന്നുവെന്നും പറഞ്ഞാണ് ഈ സർക്കുലർ നൽകിയിരിക്കന്നത്. അതിരൂപതയുടെ സ്ഥലം വാങ്ങൽ, വിൽക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അതിരൂപതയുടെ നിലവിലുളള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തനിക്ക് ലഭിച്ചിട്ടുളള രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സർക്കുലറെന്നും സഹായ മെത്രാൻ പറയുന്നു.

സ്ഥലം വിൽപ്പനയിൽ ബാക്കി ലഭിക്കേണ്ട 18.17 കോടി രൂപ ലഭിച്ചില്ല എന്നു മാത്രമല്ല, വീണ്ടും അതിരൂപതാ കാനോനിക സമിതികളുടെയും എ ഐ സി ഒ പ്രസിഡന്റിന്രെയും അറിവോ സമ്മതമോ കൂടാതെ അതിരൂപതാ സ്ഥാപനങ്ങളുടെ ഓഫീസായ എ ഐ സി ഒ വഴി പത്ത് കോടി രൂപ ബാങ്ക് വായ്പ എടുത്തതും കോതമംഗലത്തിനടുത്ത് 16.59കോടി രൂപയക്ക് 17 ഏക്കറും ഇടുക്കി ദേവികുളത്ത് 17 ഏക്കറും അതിരൂപയുടെ പേരിലും റജിസ്റ്റർ ചെയ്തു. അതിരൂപതാ സഹായമെത്രാന്മാരുടെ അതിരൂപതാ സഹായ മെത്രാന്മരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഇടപാടുകൾ നടത്തിയിരിക്കുന്നത്. മറ്റൂരിലുളള വസ്തു വാങ്ങിച്ചപ്പോൾ ഉണ്ടായ ഭാരിച്ച കടം മനസ്സിലാക്കിയ കാനോനിക സമിതികൾ, അവയുടെ അനുവാദം കൂടാതെ അതിരൂപത ഒരു വസ്തുവും പിന്നീട് വാങ്ങിക്കരുതെന്നും നിഷ്കർഷിച്ചിരുന്നു.

മറ്റൂരിൽ സ്ഥലം വാങ്ങിയതോടെ കടം 60 കോടിയിൽ നിന്നും 84 കോടി രൂപയായി ഉയർന്നു. അതിരൂപതയക്ക് സംഭവിച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യമില്ലായ്മയും കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രതിസന്ധിയാണ്. സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ട് ബാക്കി ലഭിക്കേണ്ട തുക ലഭിച്ചാൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെങ്കിലും ധാർമ്മിക പ്രശ്നങ്ങൾ നിലനിൽക്കുമെന്നുളളത് വസ്തുതായണെന്നും സഹായ മെത്രാൻ സർക്കുലറിൽ പറയുന്നു.

അതിരൂപതയുടെ കാനോനിക സമതികളുടെ ആലോചനയ്ക്കായി വിഷയം വരുന്നതിന് മുമ്പ് തന്നെ സ്ഥലം വിൽപ്പനയ്ക്ക് അഡ്വാൻസ് വാങ്ങിയിരുന്നതായും സർക്കുലറിൽ പറയുന്നു. അതിരൂപതയുടെ അനുമതി ഇല്ലാതെ മൂന്നമത് കക്ഷിക്കോ കക്ഷികൾക്കോ സ്ഥലങ്ങൾ മുറിച്ച് വിൽക്കരുതെന്ന് ധാരണ ഉണ്ടായിരുന്നുവെങ്കിലും 36 പേർക്കായി സ്ഥലങ്ങൾ മുറിച്ചു വിൽക്കുകയാണുണ്ടായെതന്ന് രേഖകളിൽ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ