കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കെവിൻ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാം എന്നാണ് നിഗമനം. കെവിന്‍ മുങ്ങിമരിച്ചത് ആകാമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. അന്തിമറിപ്പോര്‍ട്ടില്‍ ഇത് സ്ഥിരീകരിച്ചു. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല.

കെവിന്‍റെ ശരീരത്തിലെ പരുക്കുകൾ മരണകാരണമായിട്ടില്ല. തട്ടിക്കൊണ്ടുപോയ കെവിൻ കാറിൽ നിന്നും ചാടിപ്പോയതാണെന്നാണ് എല്ലാ പ്രതികളും പൊലീസിന് നൽകിയ മൊഴി. മണിക്കൂറുകളോളം പൊലീസ് ഇവരെ ചോദ്യം ചെയ്തെങ്കിലും എല്ലാ പ്രതികളും ഈ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. കേസിൽ മുഴുവൻ പ്രതികളും പിടിയിലായിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കഴിഞ്ഞദിവസം പൊലീസിന്റെ കസ്റ്റഡിയിലായത്.

ഇതിൽ മൂന്നു പേർ പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ രണ്ട് പേരെ പുനലൂരിൽ നിന്നും പിടികൂടി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കെവിന്റെ ഭാര്യ പിതാവ് ചാക്കോ, മകൻ സാനു ചാക്കോ എന്നിവരടക്കം 14 പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാവ് രഹ്‌ന ബീവി മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കെവിൻ കൊല്ലപ്പെട്ടതിന് പിന്നാലെ രഹ്‌ന ബീവി ഒളിവിൽ പോയിരുന്നു. രഹ്‌ന ബീവിയെ കണ്ടെത്താൻ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ