തിരുവനന്തപുരം: പ്രശസ്തകവി ഡോ. കെ. അയ്യപ്പണിക്കരുടെ 16 ആം ചരമവാർഷികദിനത്തിന് തലേ ദിവസം അദ്ദേഹത്തിന്റെ സഹോദരി നിര്യാതയായി. ഗ്രന്ഥകർത്രിയും അധ്യാപികയുമായിരുന്ന എം ലക്ഷ്മിക്കുട്ടിയമ്മ (88) ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് വസതിയിൽവച്ചായിരുന്നു അന്ത്യം.
കുട്ടനാട് കാവാലം കരയിൽ ഓലിക്കൽ മീനാക്ഷിയമ്മയുടേയും പെരിയമന നാരായണൻ നമ്പൂതിരിയുടേയും മകളായി .1934 സെപ്റ്റംബർ 17ന് ജനിച്ച ലക്ഷ്മിക്കുട്ടിയമ്മ അയ്യപ്പപണിക്കരുടെ അനിയത്തിയായിരുന്നു.
കാവാലത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നും ബിരുദവും എറണാകുളം മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് ജോസഫ്സ് ട്രെയിനിങ് കോളജിൽ നിന്നും ബി എഡ് ബിരുദവും നേടി. അതിന് ശേഷം രണ്ട് വർഷം എറണാകുളത്ത് സ്കൂളിൽ അധ്യാപികയായി. പിന്നീട് കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിൽ കന്യാകുമാരി ശ്രീദേവികുമാരി വനിതാ കോളേജിൽ അധ്യാപികയായി ചേർന്നു. അവിടെ നിന്നും പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. ഭർത്താവ് കെ ബി നായർ 2001 ൽ അന്തരിച്ചു.
മലയാളത്തിലെ പ്രശസ്തനായ കവിയും പണ്ഡിതനുമായ ഡോ. കെ. അയ്യപ്പണിക്കർ എന്ന തന്റെ കൊച്ചേട്ടനെ കുറിച്ച് എം . ലക്ഷ്മിക്കുട്ടിയമ്മ എഴുതിയ ‘നിറവേറിയ വാഗ്‌ദാനം’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. ആത്മകഥാംശമുള്ള ആ പുസ്തകത്തിലൂടെയാണ് ലക്ഷ്മിക്കുട്ടിയമ്മ എന്ന എഴുത്തുകാരിയെ മലയാളം തിരിച്ചറിഞ്ഞത്.
എഴുത്തുകാരനായ ഡോ. ആനന്ദ് കാവാലം, ഇന്ത്യന്‍ എക്സ്പ്രസിന്റെ ഡെപ്യൂട്ടി എഡിറ്ററും എഴുത്തുകാരനുമായ അമൃത് ലാൽ എന്നിവർ മക്കളാണ്.