തിരുവനന്തപുരം: സ്വർ‌ണക്കടത്ത് കേസ് പ്രതി സ്വ‌പ്‌ന സുരേഷിന്റെതെന്ന് കരുതപെടുന്ന ശബ്‌ദരേഖ അട്ടക്കുളങ്ങര ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡിഐജി അജയകുമാര്‍. അന്വേഷണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്ന സ്ഥിരീകരിച്ചതായി ഡിഐജി അജയകുമാർ അറിയിച്ചു. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും അറിയിച്ചു.

ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡി ജി പി ഋഷിരാജ് സിങ് നേരത്തെ നിർദേശം നൽകിയിരുന്നു. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുണ്ട്.

സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലിൽ സന്ദർശിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയെന്നും, ആദ്യദിനം 15 പേരാണ് എത്തിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരത്തേ ആരോപിച്ചിരുന്നു. സന്ദർശകരിൽ മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകൾ ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങൾ ലംഘിച്ചായിരുന്നു സന്ദർശനമെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ സുരേന്ദ്രൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ ജയിൽ വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് മുന്നറിയിപ്പ് നൽകി.

Read More: ആരോപണം പിൻവലിച്ചില്ലെങ്കിൽ സുരേന്ദ്രനെതിരെ നിയമനടപടി; ഋഷിരാജ് സിങ്

സുരേന്ദ്രന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.

ഇതിന് പിന്നാലെയാണ് സ്വപ്നയുടെതെന്ന് കരുതുന്ന ശബ്ദരേഖ പുറത്തായത്. ശബ്ദ സന്ദേശം പുറത്തു വന്നയുടൻ ജയിൽ ഡിജിപിക്കെതിരെ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തി. ജയിലിൽ കിടക്കുന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് എങ്ങനെ എന്ന് അന്വേഷിച്ചിട്ട് മതി തനിക്കെതിരെയുള്ള ചന്ദ്രഹാസം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശം അട്ടക്കുളങ്ങര ജയിലിൽ നിന്നാകാൻ സാധ്യതയില്ലെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണമെന്നും മലയാള മനോരമ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നതായി പറഞ്ഞു കൊണ്ട് സ്വ‌പ്‌ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശം ‘ദി ക്യൂ’ എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചതായും, രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിച്ചില്ല എന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് ബുധനാഴ്ച വൈകിയാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.