കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട വിവാദം സിപിഎമ്മിന് തലവേദനയാകുന്നു. സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങള്‍ മേയര്‍ അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്നതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇതിന് പിന്നാലെ ഒരു വീഡിയോയും പ്രചരിച്ചു. ഇയാളെ പാര്‍ട്ടി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിലെയും ലീഗിലെയുമടക്കമുള്ള എല്ലാ കൗണ്‍സിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്.
ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സിപിഎമ്മിലെ ഒരുവിഭാഗം തന്നെയാണെന്നാണ് ആരോപണം. ശബ്ദരേഖയിലൂടെ സിപിഎം-ആര്‍എസ്എസ് അവിശുദ്ധ കൂട്ടുകെട്ടാണ് വെളിപ്പെടുന്നതെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഓഡിയോകളും വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പു നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും വരെ ഇപ്പോള്‍ വാട്സ്ആപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. വിവാഹേതരബന്ധം തെറ്റല്ലെന്ന കോടതി വിധി നടപ്പാക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്ന പോസ്റ്റിനു താഴെയാണ് നേതാവിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ ക്ലിപ്പുണ്ടോയെന്ന പരിഹാസ ചോദ്യങ്ങളോടെ പോസ്റ്റുകള്‍ നിറഞ്ഞു.
മേയര്‍ അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ കൗണ്‍സിലറാണ് അനാശാസ്യവും ആഭ്യന്തര കലഹവും പരാമര്‍ശിക്കുന്ന ഒരുമണിക്കൂറോളമുള്ള ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ഈ കൗണ്‍സിലര്‍. കൗണ്‍സിലര്‍ക്കെതിരെ യുഡിഎഫ് വനിതാ കൗണ്‍സിലറെക്കൊണ്ട് പരാതി നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇത് കോര്‍പ്പറേഷന്‍ ഭരണം തന്നെ പ്രതിസന്ധിയിലാക്കും. കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തിലാണ് കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് കൈയ്യാളുന്നത്.
സിപിഎം പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് മേയറെ ഉള്‍പ്പെടെ വെട്ടിലാക്കിയിരിക്കുന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം. കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ള സംഭാഷണമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ട സന്ദേശം. അശ്ലീല ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി. 55 അംഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇരുപത്തിയേഴ് വീതം സീറ്റുകളാണുള്ളത്. ഭര്‍ത്താവിന്റെ ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നാണക്കേടിനെ തുടര്‍ന്ന് ഇടത് വനിതാ കൗണ്‍സിലര്‍ രാജിവച്ചേക്കും.