ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നു എന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. തൃശൂർ പൂരവും, കുംഭമേളയും ആക്രമിക്കുമെന്നും ശബ്ദ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി. ശബ്ദസന്ദേശത്തില്‍ പേരു വെളിപ്പെടുത്താത്ത ഒരാള്‍ ഇന്ത്യന്‍ മുസ്‌ലിംകളൊക്കെ അസത്യത്തിന്റെ നാട്ടില്‍ (ദാറുല്‍ കുഫ്ര്‍) നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് യുദ്ധംചെയ്യാന്‍ വരണമെന്ന് ആഹ്വാനം ചെയ്യുന്നു.

കാസര്‍കോടന്‍ ഉച്ചാരണശൈലിയില്‍, ഇടയ്ക്ക് ഇംഗ്ലീഷ്-അറബി പദങ്ങളും ചേര്‍ത്തിയുള്ള മലയാളം സന്ദേശം ഇസ്‌ലാമിക് സ്റ്റേറ്റില്‍ നിന്നുള്ള 50ാമത്തെ അറിയിപ്പാണെന്നു പറയുന്നു. സിറിയയിലെത്താന്‍ പറ്റുന്നില്ലെങ്കില്‍ ഐഎസിനെ സാമ്പത്തികമായി സഹായിക്കണമെന്നും പറയുന്നുണ്ട്.

അതിനും പറ്റുന്നില്ലെങ്കില്‍ അവിശ്വാസികള്‍ ഇല്ലാതാവുന്നതുവരെ പോരാടാനാണ് ഉത്തരവ്. അവരെ തീവണ്ടി അട്ടിമറിച്ചോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ കൊല്ലാം. അല്ലെങ്കില്‍ തൃശൂര്‍ പൂരം, കുംഭമേള തുടങ്ങിയ ആഘോഷങ്ങളിലേക്കു വണ്ടിയോടിച്ചുകയറ്റുക. എല്ലാറ്റിന്റെയും ശേഷം അല്‍ഹംദുലില്ലാ, സുബ്ഹാനല്ലാ എന്നും പറയുന്നുണ്ട്. ചുരുങ്ങിയത് ഒരു കത്തിയെങ്കിലും പ്രയോഗിക്കുക എന്നും ഇയാള്‍ പറയുന്നു.

അതിനൊക്കെ ഇസ്‌ലാമില്‍ അനുവാദമുണ്ട് എന്ന് ഇടയ്ക്കിടെ തെറ്റിദ്ധരിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച് പറയുന്നുണ്ട്. ദാറുല്‍ കുഫ്‌റില്‍ അല്ലാഹുവിനെ ആരാധിക്കാനുള്ള അവസരം നല്‍കാത്തതുകൊണ്ടാണത്രേ ഇതൊക്കെ ചെയ്യേണ്ടത്. പ്രചരിപ്പിക്കുന്ന ഈ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.