Latest News

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണി മുുതൽ ബുധനാഴ്ച രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം

attukal ponkala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 20 നാണ് (ബുധൻ) ആറ്റുകാൽ പൊങ്കാല. ലക്ഷക്കണക്കിന് സ്ത്രീകളാണ് അന്നേ ദിവസം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തുക.

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ (ഫെബ്രുവരി 19), ബുധൻ (ഫെബ്രുവരി 20) ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണി മുുതൽ ബുധനാഴ്ച രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം.

ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുളളിൽ ഒരു കാരണവശാലും ടിപ്പർ, ലോറികൾ, സിമന്റ് മിക്സർ, തടി ലോറികൾ, കണ്ടെയ്നർ, ലോറികൾ, ചരക്കു വണ്ടികൾ മുതലായ ഹെവി വാഹനങ്ങൾ പ്രവേശിക്കുന്നതിനോ നിരത്തുകളിലും സമീപത്തും പാർക്കു ചെയ്യാനോ അനുവദിക്കുന്നതല്ല.

കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിൽ നിന്നും പൊങ്കാലയ്ക്ക് വരുന്നതിനും തിരിച്ച് പോകുന്നതിനുമായി ഭക്തജനങ്ങൾക്ക് പൊങ്കാല സ്പെഷ്യൽ ആയി കെഎസ്ആർടിസി സർവീസ് നടത്തുന്നതാണ്. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ മടങ്ങി പോകുന്നതിനായി കിഴക്കേകോട്ട, തമ്പാനൂർ, കമലേശ്വരം, പനവിള, കിള്ളിപ്പാലം എന്നീ സ്ഥലങ്ങളിൽ നിന്നും കെഎസ്ആർടിസി സർവീസ് നടത്തുന്നതാണ്. പരമാവധി ആൾക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. പൊങ്കാലയിടുന്നതിനായി സ്വകാര്യ വാഹനങ്ങളിൽ വന്ന് നഗരത്തിൽ പാർക്ക് ചെയ്ത് ഗതാഗത പ്രശനങ്ങൾ ഉണ്ടക്കുന്നത് ഒഴിവാക്കേണ്ടതാണ്.

എമർജൻസി റൂട്ട്

ആറ്റുകാൽ – പാടശ്ശേരി – ബണ്ട് റോഡ് – കിള്ളിപ്പാലം വരെയുള്ള റോഡിലും ആറ്റുകാൽ – ചിറമുക്ക് – ഐരാണിമുട്ടം – കാലടി – മരുതൂർക്കടവ് – കരുമം – തിരുവല്ലം വരെയുള്ള റോഡും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ പൊങ്കാല ഇടുവാനോ പാടുള്ളതല്ല.

നോ പാർക്കിങ്

പൊങ്കാല ഇടാൻ ഭക്തജനങ്ങൾ വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലോ, എംസി, എൻഎച്ച്, എംജി റോഡുകളിലും ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ ഒരു കാരണവശാലും പാർക്കുചെയ്യുവാൻ പാടുള്ളതല്ല. അപ്രകാരം ഗതാഗത തടസം ഉണ്ടാക്കിയോ, സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കിയോ പാർക്കു ചെയ്യുന്ന വാഹനങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

ജംങ്ഷനുകളിലും വീതികുറഞ്ഞ റോഡുകളിലും റോഡുപണി നടക്കുന്ന സ്ഥലങ്ങളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകൾക്ക് സമീപം വാഹനങ്ങൾ പാർക്കു ചെയ്യാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

വാഹന പാർക്കിംഗ്

സ്വകാര്യ വാഹനങ്ങൾ പാപ്പനംകോട് എൻജിനീയറിങ് കോളേജ്, നീറമൺകര എൻഎസ്എസ് കോളേജ്, എംഎംആർ എച്ച്എസ് നീറമൺകര, ശിവാ തിയേറ്റർ റോഡ് (ഒരുവശം മാത്രം പാർക്കിങ്), കൽപ്പാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ (ഒരുവശം മാത്രം പാർക്കിങ്), കോവളം ബൈപ്പാസിന് ഇരുവശവുമുള്ള സൈഡ് റോഡുകൾ (ഒരുവശം മാത്രം പാർക്കിങ്), വേൾഡ് മാർക്കറ്റ്, ശംഖുമഖം പാർക്കിങ് ഗ്രൗണ്ട്, പൂജപ്പുര മൈതാനം, തൈക്കാട് പൊലീസ് ഗ്രൗണ്ട്, സംസ്കൃത കോളേജ് കൂടാതെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രൗണ്ടുകൾ എന്നീ സ്ഥലങ്ങളിൽ മാർഗ തടസം കൂടാതെ അവരവർക്ക് പോകേണ്ട ദിശകൾ അനുസരിച്ച് സൗകര്യപൂർവ്വം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നഗരത്തിലെ ഫുട്പാത്തുകളിൽ വളരെ വിലയേറിയ ടൈലുകൾ പാകിയിട്ടുണ്ട്. അത്തരം ടൈൽ പാകിയ ഫുട്പാത്തുകളിൽ പൊങ്കാല അടുപ്പുകൾ കൂട്ടുവാൻ പാടുള്ളതല്ല. അത്തരം സ്ഥലങ്ങളിൽ റോഡുകളിൽ പൊങ്കാല അടുപ്പുകൾ കൂട്ടാവുന്നതാണ്. പൊങ്കാല ഇടുന്ന സമയം അതുവഴി കടന്നു പോകുന്ന വാഹനങ്ങൾ പൊങ്കാല ഇടുന്നവർക്ക് ബുദ്ധിമൂട്ട് ഉണ്ടാക്കാത്ത രീതിയിൽ വേഗത കുറച്ച് പോകേണ്ടതാണ്.

എല്ലാ വാഹനങ്ങളിലും ഡ്രൈവറോ/ സഹായിയോ ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ എഴുതി പ്രദർശിപ്പിച്ചിരിക്കേണ്ടതുമാണ്.

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ

പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ മടങ്ങിപ്പോകുന്ന 20-ാം തീയതി ഉച്ചക്ക് 2 മണി മുതൽ രാത്രി 8 മണിവരെ തിരുവനന്തപരം നഗരത്തിലേയ്ക്ക് എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ആറ്റിങ്ങൽ ഭാഗത്തുനിന്നും നെയ്യാറ്റിൻകര ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മംഗലാപുരത്തു നിന്നും പോത്തൻകോട്, കാട്ടായിക്കോണം, ശ്രീകാര്യം വഴിയേ വന്ന് കേശവദാസപുരം – പട്ടം – പിഎംജി – മ്യൂസിയം – വെള്ളയമ്പലം – വഴുതക്കാട് – പൂജപ്പുര – കരമന-പ്രാവച്ചമ്പലം വഴി പോകേണ്ടതാണ്.

എംസി റോഡ് വഴി കിളിമാനൂർ-വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കേശവദാസപുരം – പട്ടം – കുറവൻകോണം – കവടിയാർ – വെള്ളയമ്പലം – വഴുതക്കാട് – പൂജപ്പുര-കരമന വഴി പോകേണ്ടതാണ്.

പേരൂർക്കട ഭാഗത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ഊളൻപാറ-പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – പൂജപ്പുര-കരമന വഴി പോകേണ്ടതാണ്. പൊങ്കാല കഴിഞ്ഞ് തിരികെ പോകേണ്ട വാഹനങ്ങൾ കരമന – കൈമനം – പാപ്പനംകോട് വഴിയും, നെയ്യാറ്റിൻകര ഭാഗത്തേയ്ക്ക് പോകാവുന്നതാണ്.

നെയ്യാറ്റിൻകര ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം ഭാഗത്തുനിന്നും തിരിഞ്ഞ് ഉച്ചക്കട-മുക്കോല – വിഴിഞ്ഞം – കോവളം ബൈപ്പാസ് വഴിയോ ബീച്ച് റോഡ് വഴിയോ പോകേണ്ടതാണ്.

പൊങ്കാല കഴിഞ്ഞ് ആറ്റിങ്ങൽ, കൊല്ലം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് റോഡിലൂടെ കഴക്കൂട്ടം വഴിയോ, പൂന്തുറ, വലിയതുറ, ശംഖുമുഖം, വേളി, തുമ്പ, പുതുക്കുറിച്ചി, പെരുമാതുറ, പുതിയപാലം വഴി അഞ്ചുതെങ്ങ് വർക്കല കൊല്ലം ഭാഗത്തേയ്ക്ക് തിരക്ക് കുറഞ്ഞതും വീതിയേറിയതുമായ പാതവഴി പോകാവുന്നതുമാണ്.

ബാലരാമപുരം ജംങ്ഷനിൽ നിന്നും പള്ളിച്ചൽ ഭാഗത്തേയ്ക്കും, കഴക്കൂട്ടം, മുക്കോലയ്ക്കൽ നിന്നും ചാക്ക ഭാഗത്തേയ്ക്ക് പാളയം ഭാഗത്തുനിന്നും കിഴക്കേകോട്ട ഭാഗത്തേയ്ക്കും പൂജപ്പുര നിന്ന് ജഗതി, ബേക്കറി ഭാഗത്തേയ്ക്കും കരമന ഭാഗത്തുനിന്നും കിള്ളിപ്പാലം ഭാഗത്തേയ്ക്കും, കമലേശ്വരം ഭാഗത്തുനിന്നും കിഴക്കേകോട്ട ഭാഗത്തേയ്ക്കും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ തിരിച്ച് പോകുന്ന സമയത്ത് എതിരെ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല

ചരക്ക് വാഹനങ്ങളിലും, മറ്റു വാഹനങ്ങളിലും ആളുകളെ കുത്തിനിറച്ചും അപകടമുണ്ടാക്കുന്ന രീതിയിലും ഭക്ത ജനങ്ങളെ കൊണ്ടുവരാൻ പാടുള്ളതല്ല. പൊങ്കാലയർപ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങൾക്ക് ലഘുപാനീയങ്ങൾ നൽകാനെന്ന പേരിൽ സംഘടനകളും മറ്റും ജംങ്ഷനുകളിൽ വാഹനങ്ങൾ പിടിച്ചിടുവാൻ പാടില്ലാത്തതും, മാർഗതടസമുണ്ടാക്കാൻ പാടില്ലാത്തതുമാണ്.

ജംങ്ഷനുകളിലും, വീതികുറഞ്ഞ റോഡുകളിലും റോഡുപണി നടക്കുന്ന സ്ഥലങ്ങളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. വിമാനയാത്രയ്ക്കായി വരുന്നവർ കാലേക്കൂട്ടി യാത്ര തിരിക്കേണ്ടതും മംഗലപുരത്തു നിന്നും ബാലരാമപുരത്തു നിന്നും തിരിഞ്ഞ് ബീച്ച് റോഡിലൂടെ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതുമാണ്.

കോവളം – കഴക്കൂട്ടം ബൈപ്പാസ് പുനർ നിർമ്മാണം നടക്കുന്നതിനാൽ ഭക്തജനങ്ങൾ ബൈപ്പാസ് റോഡ് ഒഴിവാക്കി കഴിവതും യാത്രചെയ്യേണ്ടതാണ്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന അവസരത്തിൽ തിരക്ക് കൂട്ടാതെയും മിതമായ വേഗതയിലും മറ്റു വാഹനങ്ങളെ ക്രമരഹിതമായി മറികടക്കാതെയും സുരക്ഷിതമായി വാഹനം ഓടിക്കേണ്ടതാണ്.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങളും 9497975000, 0471-2558731,2558732 നമ്പരുകളിൽ ബന്ധപ്പെടുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attukal pongala traffic restriction in trivandrum city

Next Story
കാസർഗോഡ് ഇരട്ടകൊലപാതകം: രണ്ട് പേർ കസ്റ്റഡിയിൽKasragod Murder, കാസർഗോഡ് ഇരട്ടകൊലപാതകം, അറസ്റ്റ്, Arrest, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com