തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ദക്ഷിണ റെയില്‍വേ യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കൂടെ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കൊല്ലത്തേക്കുള്ള ട്രെയിനുകള്‍ 1, 4, 5 പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പുറപ്പെടും. നാഗര്‍കോവിലിലേക്കുള്ള ട്രെയിനുകള്‍ 2, 3 പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പുറപ്പെടും.

ട്രെയിന്‍ സര്‍വീസുകളെ കുറിച്ച് തുടര്‍ച്ചയായി അറിയിപ്പുകള്‍ സ്റ്റേഷനില്‍ ഉണ്ടാകും.

തിരുവനന്തപുരം സെന്‍ട്രലിലും മറ്റു സ്റ്റേഷനുകളിലും അധിക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. സെന്‍ട്രല്‍ സ്റ്റേഷനിലെ പ്രധാന കവാടത്തിനു സമീപനം മൂന്ന് പ്രത്യേക കൗണ്ടറുകള്‍ തുറക്കും. രണ്ടാമത്തെ പ്രവേശന കവാടത്തില്‍ ഒരു പ്രത്യേക കൗണ്ടറും തുറക്കും.

Read Also: Covid 19: രോഗലക്ഷണമുള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ പ്രവാഹത്തെ നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഹന പാര്‍ക്കിങ് സൗകര്യങ്ങളും ഉണ്ട്.

പൊങ്കാല ദിവസം കാല്‍നട മേല്‍പ്പാലത്തില്‍ ഒരു ദിശയിലേക്കുമാത്രമാകും യാത്രക്കാര്‍ക്ക് നടക്കാനാകുക. സ്‌റ്റേഷനിലെ കൊല്ലം ഭാഗത്തെ മേല്‍പാലത്തിലൂടെ രണ്ടാമത്തെ പ്രവേശന കവാടത്തില്‍ നിന്നും ഒന്നിലേക്കാണ് സഞ്ചരിക്കാനാകുക. മറ്റ് മേല്‍പ്പാലങ്ങളില്‍ ഒന്നില്‍ നിന്നും 2,3,4,5 പ്ലാറ്റ്‌ഫോമുകളിലേക്ക് സഞ്ചരിക്കാം. പൊലീസ്, റെയില്‍വേ ജീവനക്കാര്‍ യാത്രക്കാരെ നിയന്ത്രിക്കാന്‍ ഉണ്ടാകും.

സിസിടിവി, ബോംബ് സ്വാഡുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

30 അംഗ സംഘം സ്റ്റേഷനില്‍ യാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിക്കാന്‍ ഉണ്ടാകും.

റെയില്‍വേയുട ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംവിധാനങ്ങളും സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സ്റ്റേഷനുള്ളില്‍ പൊങ്കാല അടുപ്പുകള്‍ മറ്റ് ആചാരങ്ങള്‍ നടത്താനും അനുവദിക്കുകയില്ല.

പൊങ്കാലയിടാന്‍ ജനപ്രവാഹം എത്തുന്നതിനാല്‍ ട്രെയിനുകളും സ്റ്റേഷനുകളും നല്ല തിരക്ക് അനുഭവപ്പെടും. അതിനാല്‍, യാത്രക്കാര്‍ അച്ചടക്കം പാലിക്കുകയും സുരക്ഷാ, റെയില്‍വേ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.

ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ ചാടിക്കയറരുത്.

പ്രവേശന നിയന്ത്രണമുള്ള ഭാഗങ്ങളിലേക്ക് യാത്രക്കാര്‍ പ്രവേശിക്കരുത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യരുത്. ട്രെയിനില്‍ കയറുമ്പോഴോ മേല്‍പ്പാലത്തിലേക്ക് കയറുമ്പോഴോ മുന്നില്‍ നില്‍ക്കുന്ന യാത്രക്കാരനെ തള്ളുകയോ വലിക്കുകയോ ചെയ്യരുത്.

സ്റ്റേഷനില്‍ പ്രവേശനത്തിനും പുറത്തിറങ്ങാനും രേഖപ്പെടുത്തിയ ഭാഗങ്ങള്‍ ഉപയോഗിക്കുക. കയറുകെട്ടി നിയന്ത്രിക്കുന്ന ഭാഗങ്ങളിലേക്ക് പ്രവേശിക്കരുത്.

യാത്രക്കാര്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പരുകള്‍: 62389 01808, 91882 41681, 91882 41682, 97461 03844, 1072 (മൂന്ന് ലൈനുകള്‍)

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.